റിയാദ്: സൗദിയിലെ ഗവൺമെന്റിനെ അഴിച്ച് പണിയാൻ വ്യാഴാഴ്ച സൽമാൻ രാജാവ് ഉത്തരവിട്ടു. ഇത് പ്രകാരം വിദേശ കാര്യമന്ത്രിയടക്കമുള്ള സർക്കാരിലെ നിർണായക രാഷ്ട്രീയ- സുരക്ഷാ ചുമതലയുള്ളവരെ മാറ്റിയിട്ടുണ്ട്. വാഷിംട്ഗൺ പോസ്റ്റ് ജേർണലിസ്റ്റും സൗദി പൗരനുമായി ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന് മേലുണ്ടായ അന്താരാഷ്ട്ര വിമർശനത്തിൽ നിന്നും മുഖം രക്ഷിക്കുന്നതിനാണ് രാജാവ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഇതോടെ കിരീടാവകാശിയും സൽമാൻ രാജാവിന്റെ മകനുമായ മുഹമ്മദ് ബിൻ സൽമാന് അഥവാ എംബിഎസിന് കൂടുതൽ കരുത്ത് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തൽഫലമായി എംബിഎസിനെ പുറത്താക്കാനുള്ള നീക്കങ്ങൾ എല്ലാം പൊളിഞ്ഞെന്നും സൂചനയുണ്ട്.

പുതിയ അഴിച്ച് പണി അനുസരിച്ച് നാഷണൽ ഗാർഡ് ചീഫിനെ മാറ്റി പുതിയ ആളെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഇൻഫർമേഷൻ മിനിസ്റ്റർ, ടൂറിസം അഥോറിറ്റി തലവൻ, എന്നിവരെ മാറ്റി പുതിയവരെ അവരോധിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഊർജം, സാമ്പത്തികം എന്നിവയുടെ ചുമതല വഹിക്കുന്ന മന്ത്രിമാരെ മാറ്റിയിട്ടില്ല. ഈ അഴിച്ച് പണി കാരണം എംബിഎസിന്റെ അധികാരം മുമ്പത്തേതിനേക്കാൾ ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൗദിയെ ആധുനിക വൽക്കരിക്കുന്നതിനായി നേരത്തെ തന്നെ കടുത്ത പരിഷ്‌കാരങ്ങൾ ആരംഭിച്ചിരിക്കുന്ന എംബിഎസ് ഇത്തരം നീക്കങ്ങൾ ഇനിയും ശക്തമാക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ഖഷോഗി കൊല ചെയ്യപ്പെട്ട സംഭവത്തിന് പിന്നിൽ എംബിഎസ് ആണെന്ന് ആരോപിച്ച് അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനത്തിനാണ് പാത്രമായിത്തീർന്നത്. ഇതിനെ തുടർന്ന് സൗദി രാജഭരണകൂടം ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം തടവിലാക്കപ്പെട്ടിരുന്ന മുൻ ധനകാര്യമന്ത്രി ഇബ്രാഹിം അൽ അസാഫിന് പകരം വിദേശകാര്യ മന്ത്രി അഡെൽ അൽ ജുബൈറിനെ നിമയിക്കുമെന്നും കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

നാഷണൽ ഗാർഡിന്റ തലപ്പത്ത് നിയമിച്ചിരിക്കുന്നത് പ്രിൻസ് അബ്ദുള്ള ബിൻ ബൻഡാറിനെ അവരോധിച്ചിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റി അഡൈ്വസറായ മുസെയ്ദ് അൽ എയ്ബാനെ നിയമിച്ചിട്ടുണ്ട്. പുതിയ കാബിനറ്റിലേക്ക് സുപ്രധാന സ്ഥാനങ്ങളിലേക്കുള്ളവരെ നിയമിക്കാൻ എംബിഎസ് മുൻകൈയെടുത്തതോടെ അദ്ദേഹത്തിന്റെ അധികാരം ബലപ്പെട്ടിരിക്കുകയാണ്. പുതിയ ഇൻഫർമേഷൻ മിനിസ്റ്ററായി തുർക്കി അൽ ഷബാനാഹിനെ നിയമിച്ചിട്ടുണ്ട്. അവാദ് അൽ അവാദിന് പകരക്കാരനായിട്ടാണീ നിയമനം. രാജ്യത്തെ സ്പോർട്സ് കമ്മീഷന്റെ തലപ്പത്ത് നിന്നും തുർക്കി അൽ ഷെയ്ഖിനെ നീക്കം ചെയ്തിട്ടുണ്ട്.