കൊച്ചി: വൃദ്ധയെ അപമാനിച്ചെന്ന ആരോപണത്തിൽ വസ്തുതകൾ മനസിലാക്കാതെയാണ് ടി.പത്മനാഭൻ പ്രസ്താവന നടത്തിയതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ. അദ്ദേഹത്തിന്റെ പ്രസ്താവന വേദനയുണ്ടാക്കി. വസ്തുതകൾ മനസിലാക്കാനുള്ള ധാർമിക ബാധ്യത സാംസ്‌കാരിക സാഹിത്യ രംഗത്ത് പ്രശോഭിക്കുന്ന പത്മനാഭനെ പോലുള്ളവർ കാണിക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും ജോസഫൈൻ വ്യക്തമാക്കി.

താൻ ആരാധനയോടെ ഓർക്കുന്ന വ്യക്തിയാണ് ടി പത്മനാഭൻ. ഇക്കാര്യത്തിൽ അദ്ദേഹത്തിന് തന്നോട് വിളിച്ചുചോദിച്ച് വസ്തുതകൾ മനസിലാക്കാമായിരുന്നു. കേരളത്തിൽ അദ്ദേഹത്തോളം അറിയപ്പെടുന്ന ആളല്ലെങ്കിലും താനൊരു പൊതുപ്രവർത്തകയാണ്. വൃദ്ധയ്ക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും ജോസഫൈൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന് മുന്നിൽ ഹാജരാകരണമെന്ന് എംസി ജോസഫൈൻ നിർബന്ധം പിടിച്ചത് വിവാദമായിരുന്നു. പരാതി കേൾക്കാൻ നേരിട്ട് ഹാജരാകാതെ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനെ ടി പത്മനാഭൻ രൂക്ഷമായി വിമർശിച്ചിരുന്നു.സി പി എമ്മിന്റെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി എത്തിയ പി ജയരാജനോടായിരുന്നു ജോസഫൈന്റെ നടപടിയോടുള്ള തന്റെ എതിർപ്പ് അദ്ദേഹം പ്രകടിപ്പിച്ചത്. കമ്മീഷൻ അദ്ധ്യക്ഷയുടെ വാക്കുകൾ പദവിക്ക് നിരക്കാത്തതാണെന്നും, വലിയ കാറും ഉയർന്ന ശമ്പളവും നൽകി അവരെ നിയമിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.