മെഡിക്കൽ പ്രവേശനം എന്നും കേരളത്തിന് കീറാമുട്ടിയാണ്. ഓരോ അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ ഈ പ്രശ്‌നം മുൻകാലപ്രാബല്യത്തോടെ പൊങ്ങിവരും. സർക്കാർ നടത്തുന്ന പരീക്ഷ കൂടാതെ കേരളത്തിന്റെ തെക്ക് മുതൽ വടക്കേ അറ്റം വരെയുള്ള സ്വകാര്യ മാനേജ്‌മെന്റുകൾ നടത്തുന്ന പ്രവേശനപരീക്ഷയിലൂടെ സീറ്റ് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും നെട്ടോട്ടമാണ്. ഏകീകൃത പ്രവേശന പരീക്ഷ എന്ന ആശയം വിദ്യാർത്ഥികൾക്ക് ഏറ്റവും ഗുണകരവും സ്വാശ്രയസ്ഥാപനങ്ങൾക്ക് തിരിച്ചടിയുമാകുമ്പോൾ, വിദ്യാർത്ഥികളുടെ ഗുണം ലക്ഷ്യമാക്കി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കടക്കാൻ ഏറെ കടമ്പകൾ ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം. മുമ്പ് കേന്ദ്ര-ഏകീകൃത പ്രവേശനപരീക്ഷ അനുവദിച്ചെങ്കിലും അത് കുളമായ അനുഭവമുള്ളതുകൊണ്ട് വളരെ സൂക്ഷിച്ചേ ഇക്കാര്യത്തിൽ ഭേദഗതി വരുത്താൻ കഴിയൂ. കൂടാതെ വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ചുമതലയാണെന്നുള്ള തടസവാദമുള്ളതിനാൽ സ്വാശ്രയ മാനേജ്‌മെന്റുകൾ ഭരണഘടനാ ലംഘനത്തിന്റെ പേരിൽ കോടതിയിൽ പോകുമെന്നുള്ളത് ഉറപ്പാണ്.

ആകെയുള്ള 557 മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ ഒറ്റപൂളായി പരിഗണിച്ച് പ്രവേശനം നടത്തുക എന്നതാണ് കേന്ദ്രീകൃത പ്രവേശന പരീക്ഷ കൊണ്ട് ലക്ഷ്യമാകുന്നത്. അങ്ങനെ നടത്തിയാൽ ഏറ്റവും അധികം പ്രയോജനം ലഭിക്കുന്നതും വിദ്യാർത്ഥികൾക്കാണ്. കേന്ദ്രീകൃത പ്രവേശന പരീക്ഷ ആയതിനാൽ മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ സീറ്റുകളിലേക്കും പ്രവേശനം നേടാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു. എന്നാൽ അഖിലേന്ത്യാ പ്രവേശനപരീക്ഷ വരുന്നതിലൂടെ ഏറ്റവുമധികം തിരിച്ചടിയുണ്ടാകുന്നത് സ്വാശ്രയ മാനേജ്‌മെന്റുകൾക്കാണ്. സ്വാശ്രയ സ്ഥാപനങ്ങളിൽ ഒരു സീറ്റിന് 80ലക്ഷം മുതൽ ഒന്നരക്കോടി രൂപവരയാണ് വാങ്ങുന്നത്. പഴുതുകളില്ലാതെ ഇത് നടപ്പാക്കാൻ സാധിച്ചാൽ സ്വാശ്രയ മാനേജ്‌മെന്റുകളുടെ പകൽക്കൊള്ളയ്ക്ക് അറുതിയാവുകയും ചെയ്യും. മെഡിക്കൽ പി.ജി. സീറ്റിന് ഒരു കോടി മുതൽ മുകളിലോട്ടാണ് സ്വാശ്രയ സ്ഥാപനങ്ങൾ ഈടാക്കുന്നത്. വാർധ എം.ജി ഇൻസ്റ്റിറ്റ്യൂട്ട്, ജിപ്‌മെർ പുതുച്ചേരി,എ. എഫ്. എം.സി പുണെ,എയിംസ്, സി. എം.സി വെല്ലൂർ,കോമെഡ് കെ, സെന്റ് ജോൺസ് ബാംഗ്ലൂർ,ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, സി. എം. സി ലുധിയാന,അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രവേശന പരീക്ഷാകേന്ദ്രങ്ങൾ കേരളത്തിലുണ്ട്.

എം.ബി.ബി.എസ്, ബി.ഡി.എസ്, എം.ഡി, എം.എസ്, ഡിപ്‌ളോമ തുടങ്ങി 62 വിഭാഗങ്ങളിലാണ് സർക്കാർ സീറ്റുകൾക്കൊപ്പം സ്വാശ്രയ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നത്. ഈ കോഴ്‌സുകളിലേക്കുള്ള സർക്കാർ-സ്വാശ്രയ സീറ്റുകളിലെ പ്രവേശനത്തിന് പന്ത്രണ്ടിലധികം പരീക്ഷകളാണ് വിദ്യാർത്ഥികൾ എഴുതുന്നുത്. ഏകീകൃത പ്രവേശനപരീക്ഷയിലൂടെ വിദ്യാർത്ഥികളുടെ ഈ നെട്ടോട്ടം ഇല്ലാതാകും എന്നതാണ് വലിയ നേട്ടങ്ങളിലൊന്ന്. കേരളത്തിൽ സർക്കാർ-സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷ സാധാരണഗതിയിൽ ഏപ്രിൽ-മെയ് മാസങ്ങളിലാണ് നടത്തുക. പ്രവേശനപരീക്ഷഫലം മെയ് അവസാനവും ജൂൺ ആദ്യആഴ്ചകളിലുമാണ് പ്രസിദ്ധീകരിക്കുക. പിന്നെ ഓപ്ഷൻ ക്രമീകരണവും കൗൺസിലിംഗുമടക്കമുള്ള കടമ്പകൾ കടന്ന് പ്രവേശനം നേടുമ്പോഴേക്കും ഒക്ടോബർ നവംബർ മാസമാകും. എന്നാൽ അഖിലേന്ത്യ പ്രവേശന പരീക്ഷ നടപ്പിലാക്കിയാൽ നവംബർ-ഡിസംബർ മാസങ്ങളിൽ പ്രവേശന പരീക്ഷ നടത്താനാകുകയും ജൂണിൽ തന്നെ പ്രവേശനനടപടികൾ പൂർത്തിയാക്കാനും സാധിക്കും. അഖിലേന്ത്യപ്രവേശന പരീക്ഷ എഴുതിയവരെ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയപ്പോൾ കോമെഡ്-കെ, സെന്റ് ജോൺസ്്, സി.എം.സി വെല്ലൂർ എന്നിവടങ്ങളിലെ സ്വാശ്രയ പ്രവേശന പരീക്ഷ എഴുതിയവരെയാണ് മാനേജ്‌മെന്റുകൾ പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴു സ്വാശ്രയ കോളേജുകൾക്ക് മൂന്നൂറ് മെറിറ്റ സീറ്റുകളാണ് ലഭിച്ചത്.

അഖിലേന്ത്യ പരീക്ഷയ്‌ക്കെതിരെ സ്വാശ്രയ കോളേജുകൾ വാളെടുക്കുന്നതിന്റെ പ്രധാന കാരണം കോടികളുടെ വിദ്യാഭ്യാസ കച്ചവടത്തിന് മൂക്കുകയർ വീഴും എന്ന തിരിച്ചറിവാണ്. ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 700 പി.ജി. സീറ്റുകളുണ്ട്. റേഡിയോളജി, അനസ്തീഷ്യ എന്നിവയ്ക്ക് രണ്ടരക്കോടി വരെയാണ് സീറ്റിന് വാങ്ങുന്നത്. സംസ്ഥാന എൻട്രൻസ് യോഗ്യതയില്ലെങ്കിലും മാനേജ്‌മെന്റുകൾ നടത്തുന്ന തട്ടിക്കൂട്ട് പരീക്ഷ എഴുതി പണം കൊടുത്ത് പ്രവേശനം ഉറപ്പാക്കാം. അഖിലേന്ത്യ പരീക്ഷ പ്രാബല്യത്തിൽ വന്നാൽ ഈ പ്രവേശനപരീക്ഷയിൽ വിജയിച്ചാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ സർവീസിലുള്ള ഡോക്ടർമാർക്ക് സർവീസ് ക്വാട്ട അനുവദിക്കുന്നതും നിർത്തലാകും. എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള അഖിലേന്ത്യ മെറിറ്റ് ലിസ്റ്റ് സ്വാശ്രയ മെഡിക്കൽ കോളേജുകൾ അട്ടമറിക്കുന്നുവെന്ന പരാതിയിൽ കോളേജുകളുടെ പ്രവേശന ീക്കം ജയിംസ് കമ്മിറ്റി വിലക്കിയിരുന്നു. മെറിറ്റ് ലിസ്റ്റിനെ അവഗണിച്ച് പ്രവേശനം നൽകാനുള്ള നീക്കം ആയിരുന്നു സ്വാശ്രയസ്ഥാപനങ്ങളുടേത്. എന്നാൽ ഇതിനെതിരെ സ്വാശ്രയ സ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയും ചെയ്തു.
പത്ത് ശതമാനം സീറ്റുകളാണ് അഖിലേന്ത്യ ക്വാട്ട പ്രകാരം നികത്തേണ്ടത്. ഓൾ ഇന്ത്യ പ്രീമെഡിക്കൽ എൻട്രൻസ് ടെസ്റ്റി (എ.ഐ.പി.എം ടി.) ന്റെ റാങ്ക് ലിസ്റ്റിൽ നിന്നാണ് ഈ സീറ്റുകളിൽ പ്രവേശനം നടത്തേണ്ടത്. ഈ ലിസ്റ്റ് അവഗണിച്ച് പ്രവേശനം നടത്താനുള്ള നീക്കത്തിനാണ് ജയിംസ് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്. മൂന്നു കോളേജുകളാണ് ഇപ്പോൾ ജയിംസ് കമ്മിറ്റി നടപടിക്കെതിരെ രംഗത്ത് വന്നത്. ഈ വർഷം ഒക്ടോബർ ആയിട്ടും എം.ബി.ബി.എസ് പ്രവേശനം പൂർത്തിയാക്കിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനു പരിഹാരമെന്ന നിലയിൽ അഖിലേന്ത്യ പ്രവേശനപരീക്ഷ നടപ്പിലാക്കുമ്പോൾ പ്രധാനമായും അഭിമുഖീകരിക്കാൻ പോകുന്ന വിഷയങ്ങൾ ഇവയാണ്.

അടുത്ത വർഷത്തേക്കുള്ള എൻട്രൻസ് വിജ്ഞാപനം സർക്കാരിന്റെ അനുമതിയോടെ എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച സാഹചര്യത്തിൽ അത് റദ്ദ് ചെയ്യാൻ മന്ത്രിസഭയുടെ അനുമതി വേണം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ 2013ൽ കൊണ്ടുവന്ന ഏകീകൃത പ്രവേശനപരീക്ഷ നിയമസാധുത ഇല്ലാതിരിന്നതിനെ തുടർന്ന് സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു. പ്രവേശന പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ കോളേജുകളുടെയും അധികാരം കവർന്ന് കൗൺസിലിന് പൊതുപ്രവേശന പരീക്ഷ നടത്താനാവില്ലെന്നായിരുന്നു കോടതി വിധി. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പ് വരുത്തുകയാണ് മെഡിക്കൽ കൗൺസിലിന്റെ ചുമതലയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരുകളും രാജ്യമെമ്പാടുമുള്ള സ്വാശ്രയ കോളേജുകളും നൽകിയ 115 ഹർജികളാണ് അന്ന് സുപ്രീംകോടതി പരിഗണിച്ചത്. പൊതുപ്രവേശന പരീക്ഷ നടപ്പാക്കിയാൽ സംവരണം താളം തെറ്റുമെന്ന് തമിഴ്‌നാടും മറ്റും വാദിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീറിന്റെ ബെഞ്ച് കൗൺസിലിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്.1956ലെ മെഡിക്കൽ കൗൺസിൽ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രസർക്കാരിന് നൽകിയ ശുപാർശയിൽ പറയുന്നു. സെക്ഷൻ 32 പ്രകാരം എം.സി.ഐ നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ പാർലമെന്റിന് അധികാരമുണ്ട്. 2013ലെ ഈ സാഹചര്യത്തിൽ മെഡിക്കൽ കൗൺസിൽ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങൾ തുടങ്ങേണ്ടതുണ്ട്. മെഡിക്കൽ കൗൺസിൽ ചട്ടത്തിലെ 32ാം വകുപ്പ് ഭേദഗതി ചെയ്യണം. സുപ്രീംകോടതിയുടെ ഉത്തരവോ നിർദ്ദേശമോ ഇല്ലെങ്കിൽ സംസ്ഥാനത്തിന് സ്വന്തം എൻട്രൻസുമായി മുന്നോട്ടുപോകാം. കൂടാതെ ന്യൂനപക്ഷ പദവി ,സംവരണം എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ അഖിലേന്ത്യ പ്രവേശന പരീക്ഷ വീണ്ടും അബദ്ധമാകും.