കൊച്ചി: മീ ടു വെളിപ്പെടുത്തലിൽ മലയാളി സംവിധായകൻ രാജേഷ് ടച്ച്‌റിവറിനെതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. തെലുങ്ക്, ഒഡിയ ഭാഷകളിലായി രാജേഷ് സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ച തനിക്കു മാനസികപീഡനവും ലൈംഗികച്ചുവയുള്ള സംസാരവും അവഹേളനവും ലിംഗവിവേചനവും ബ്ലാക്‌മെയിലിങ്ങും നേരിടേണ്ടി വന്നെന്ന് രേവതി ആരോപിച്ചു.

'എന്റെ ആദ്യ സിനിമയാണിത്. ഷൂട്ടിങ്ങിനിടെ സംവിധായകൻ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടുണ്ട്.. പുലർച്ചെ 2.30 വരെ അദ്ദേഹത്തിൽനിന്ന് മിസ്ഡ് കോളും മോശം സന്ദേശങ്ങളും ഫോണിൽ ലഭിച്ചിരുന്നു.. പ്രതികരിച്ചപ്പോൾ ഞാൻ തെറ്റുകാരിയായി ചിത്രീകരിക്കപ്പെട്ടു. ഇനി ഒരു സിനിമയിൽ അഭിനയിക്കാനാവില്ലെന്നുള്ള ഭീഷണിയുമുണ്ടായി- രേവതി സമ്പത്ത് ആരോപിക്കുന്നു. നേരത്തെ മലയാള സിനിമയിൽ ന
ടൻ മുകേഷ്, അലൻസിയർ എന്നിവർക്ക് നേരെ മീ ടു ആരോപണം ഉയർന്നിരുന്നു.

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന ഹർജിയിൽ സർക്കാരിനും അമ്മയ്ക്കും ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും പ്രസിഡന്റ് റിമ കല്ലിങ്കലും നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ചൂഷണ, അതിക്രമ സംഭവങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ പരാതിപരിഹാര സംവിധാനം അത്യാവശ്യമാണെന്നും നിഷ്പക്ഷരായ വ്യക്തികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി.

നേരത്തെ ഈ വിഷയത്തിൽ അമ്മയും രണ്ട് തട്ടിലായിരുന്നു. നടൻ സിദ്ദിഖ് പറഞ്ഞത് ആഷിഖ് അബുവിന്റെ ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനിൽ അതിന്റെ ആവശ്യമുണ്ടാകും എന്നാണ്, എന്നാൽ തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷയ്ക്ക് വേണ്ട സൗകര്യമൊരുക്കണം എന്ന നിലപാടിലാണ് വനിത കൂട്ടായ്മ ഉൾപ്പടെയുള്ളവർ.ഇതിനായി നടിമാരായ പത്പ്രിയ രമ്യ നമ്പീശൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.