- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്.. നിസാരപ്രശ്‌നങ്ങൾ പെരുപ്പിച്ച് കാണിക്കലാണ്..കാര്യസാധ്യത്തിന് ശേഷം ബ്ലാക്ക്മെയിൽ ചെയ്യുകയാണ്..എന്നൊക്കെ പറഞ്ഞ് ഒഴിയാൻ വരട്ടെ; കോളേജുകളിലെ #മീ ടു: മുരളി തുമ്മാരുകുടി എഴുതുന്നു
കോളേജുകളിലെ #Metoo അമേരിക്കയിൽ ഹോളിവുഡിൽ തുടങ്ങിയ ലൈംഗിക കടന്നുകയറ്റങ്ങൾക്കെതിരെയുള്ള '#Metoo' പ്രസ്ഥാനം വർഷം ഒന്ന് കഴിഞ്ഞിട്ടാണെങ്കിലും ഇന്ത്യയിലും എത്തി. കേരളത്തിൽ രണ്ടോ മൂന്നോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഒരു മൂവ്‌മെന്റ് എന്ന നിലയിൽ ഇതിനിയും വളർന്നിട്ടില്ല. കേരളസമൂഹത്തെ അകത്തു നിന്നും പുറത്തുനിന്നും സൂക്ഷ്മമായി നോക്കിക്കാണുന്ന ഒരാളെന്ന നിലയിൽ കേരളത്തിൽ വ്യാപകമായി # Metoo വിപ്ലവം ഉണ്ടാകാത്തത് ഇവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്തതുകൊണ്ടാണെന്ന വിശ്വാസം എനിക്കില്ല. കേരളത്തിൽ ഇങ്ങനൊരു പ്രശ്‌നം ഉണ്ടെന്നു സമ്മതിക്കാനുള്ള സന്നദ്ധത നമ്മുടെ സമൂഹം ഇനിയും കാണിക്കുന്നില്ല എന്നതാണ് സത്യം. 'ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്', 'നിസാരപ്രശ്‌നങ്ങൾ പെരുപ്പിച്ചു കാണിക്കലാണ്', 'കാര്യസാധ്യത്തിന് ശേഷം ബ്ലാക്ക് മെയിൽ ചെയ്യുകയാണ്' എന്നൊക്കെയാണ് സമൂഹത്തിൽ നിന്നും വരുന്ന പ്രതികരണങ്ങൾ. വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നവർക്ക് സമൂഹം പിന്തുണ നൽകാതിരിക്കുകയും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരികയും ആരോപണ വിധേയരായവർക്ക
കോളേജുകളിലെ #Metoo
അമേരിക്കയിൽ ഹോളിവുഡിൽ തുടങ്ങിയ ലൈംഗിക കടന്നുകയറ്റങ്ങൾക്കെതിരെയുള്ള '#Metoo' പ്രസ്ഥാനം വർഷം ഒന്ന് കഴിഞ്ഞിട്ടാണെങ്കിലും ഇന്ത്യയിലും എത്തി. കേരളത്തിൽ രണ്ടോ മൂന്നോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഒരു മൂവ്‌മെന്റ് എന്ന നിലയിൽ ഇതിനിയും വളർന്നിട്ടില്ല.
കേരളസമൂഹത്തെ അകത്തു നിന്നും പുറത്തുനിന്നും സൂക്ഷ്മമായി നോക്കിക്കാണുന്ന ഒരാളെന്ന നിലയിൽ കേരളത്തിൽ വ്യാപകമായി # Metoo വിപ്ലവം ഉണ്ടാകാത്തത് ഇവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്തതുകൊണ്ടാണെന്ന വിശ്വാസം എനിക്കില്ല. കേരളത്തിൽ ഇങ്ങനൊരു പ്രശ്‌നം ഉണ്ടെന്നു സമ്മതിക്കാനുള്ള സന്നദ്ധത നമ്മുടെ സമൂഹം ഇനിയും കാണിക്കുന്നില്ല എന്നതാണ് സത്യം. 'ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്', 'നിസാരപ്രശ്‌നങ്ങൾ പെരുപ്പിച്ചു കാണിക്കലാണ്', 'കാര്യസാധ്യത്തിന് ശേഷം ബ്ലാക്ക് മെയിൽ ചെയ്യുകയാണ്' എന്നൊക്കെയാണ് സമൂഹത്തിൽ നിന്നും വരുന്ന പ്രതികരണങ്ങൾ. വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നവർക്ക് സമൂഹം പിന്തുണ നൽകാതിരിക്കുകയും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരികയും ആരോപണ വിധേയരായവർക്ക് യാതൊരു പ്രത്യാഘാതവും ഇല്ലാതെ വരികയും ചെയ്യുമ്പോൾ പുതിയ ആരോപണങ്ങളുമായി പുറത്തുവരാൻ സ്ത്രീകൾ മടിക്കുമല്ലോ.
നമ്മുടെ കുട്ടികൾ ലിംഗനീതിയെക്കുറിച്ച് അറിയേണ്ടതും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ആത്മവിശ്വാസം ആർജ്ജിക്കേണ്ടതും വീടുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ്. ഈ അർത്ഥത്തിൽ നമ്മുടെ വീടുകൾ ഏറെ പരാജയമാണെന്ന് എല്ലാവർക്കും അറിയാം. പിറക്കുമ്പോൾ മുതൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വ്യത്യസ്തരായി കാണുകയും അവരുടെ പ്രവൃത്തി, ചിന്ത, സംസാരം, യാത്ര, ആഗ്രഹങ്ങൾ തുടങ്ങിയവക്കൊക്കെ വ്യത്യസ്ത അതിരുകൾ നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ കുടുംബങ്ങളിലെ രീതി. വിദ്യാഭ്യാസമുള്ള സ്ത്രീകൾ അമ്മമാരായിട്ട് കൂടി ഇക്കാര്യത്തിൽ വലിയ മാറ്റം വരുന്നില്ല. കാരണം, സമൂഹത്തിലെ തിന്മകളെപ്പറ്റിയുള്ള യാഥാർഥ്യബോധത്തോടെയാണ് അവർ സ്വന്തം പെൺകുട്ടികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഡോക്ടറോ എൻജിനീയറോ ഐഎഎസ് ഓഫീസറോ ആയ അമ്മമാർ പോലും പെണ്മക്കളോട് രാത്രിയാകുന്നതിനു മുൻപ് വീട്ടിലെത്താൻ നിർദ്ദേശിക്കുന്നതും ആൺകുട്ടികളെ പോലെ രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകാൻ അനുവദിക്കാത്തതും അവർക്ക് ലിംഗനീതിയിൽ വിശ്വാസമില്ലാത്തതു കൊണ്ടല്ല. കേരള സമൂഹം സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ എത്ര മാത്രം ദുഷിച്ചതാണെന്ന അവരുടെ അനുഭവബോധ്യം കൊണ്ടാണ്.
ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തി. നമ്മുടെ പുതിയ തലമുറയിൽ ആൺകുട്ടികളും പെൺകുട്ടികളുമുള്ള കോളജുകളിൽ ലിംഗനീതി പഠിപ്പിക്കാൻ ശ്രമിക്കണം. കരിക്കുലത്തിൽ തന്നെ ലിംഗനീതി ഒരു വിഷയമാകണം. കാമ്പസിലെ എല്ലാ കാര്യങ്ങളിലും ഹോസ്റ്റലിലേത് ഉൾപ്പെടെ എല്ലാ കുട്ടികൾക്കും ഒരുപോലെയായിരിക്കണം. എന്താണ് സെക്ഷ്വൽ ഹരാസ്സ്‌മെന്റ് എന്നത് കാംപസിനകത്തെ എല്ലാവരും മനസ്സിലാക്കിയിരിക്കണം. കാംപസിനകത്ത് അദ്ധ്യാപകരിൽ നിന്നോ അനധ്യാപകരിൽ നിന്നോ സീനിയർ വിദ്യാർത്ഥികളിൽ നിന്നോ സഹപാഠികളിൽ നിന്നോ ഏതെങ്കിലും തരത്തിൽ, നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ ശാരീരികമായോ ഉള്ള, കടന്നുകയറ്റം ഒരു കാരണവശാലും സംഭവിക്കരുത്. സംഭവിക്കാൻ അനുവദിക്കരുത്. സംഭവിച്ചാൽ അതിനെതിരെ ശക്തമായ നടപടിയുണ്ടാകണം. കോളേജുകളിലെ ശുചിമുറികൾ, സാനിറ്ററി പാഡ് ഡിസ്‌പോസ് ചെയ്യാനുള്ള സംവിധാനം, വെളിച്ചമുള്ള വരാന്തകൾ, കോളേജ് വാഹനങ്ങൾ എല്ലാം സ്ത്രീസുരക്ഷക്ക് ഉതകുന്നതായിരിക്കണം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതൊക്കെ കേരളം പോലൊരു സംസ്ഥാനത്ത് പറയേണ്ടി വരുന്നു എന്നതുതന്നെ കഷ്ടമാണ്. സത്യത്തിൽ നമ്മുടെ കാമ്പസുകളിലെ സ്ഥിതി വളരെ പരിതാപകരമാണ്. 2014 ൽ യുജിസി ഇന്ത്യ മൊത്തമായും 2015 ൽ കേരളം സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ കേരളത്തിൽ പ്രത്യേകമായും ഈ വിഷയം പഠിച്ചിരുന്നു. പ്രൊഫസർ മീനാക്ഷി ഗോപിനാഥാണ് രണ്ടു പഠനത്തിനും നേതൃത്വം നൽകിയത്. രണ്ടും ഇന്റർനെറ്റിൽ ലഭ്യവുമാണ്. പക്ഷെ ഈ റിപ്പോർട്ടുകളൊക്കെ ആരും കാണാതെ പൊടിപിടിച്ചു കിടക്കുകയാണ്. അതിലെ കണ്ടെത്തലുകൾ നാം ശ്രദ്ധിക്കേണ്ടതാണ്.
നമ്മുടെ പഠനവിഷയങ്ങളുടെ അന്തഃസത്തയും പഠനരീതികളുമൊന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലിംഗനീതിക്കായി കാലാനുസൃതമായി പരിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല.ചില കോഴ്സുകൾ സ്ത്രീകൾക്ക് ചേർന്നതല്ല എന്ന തരത്തിലുള്ള ചിന്ത അദ്ധ്യാപകരിലും മാതാപിതാക്കളിലും ഉണ്ട്. ആർമിയിലും നേവിയിലും എയർ ഫോഴ്‌സിലും ഏറ്റവും കഠിനമായ ജോലികൾ പോലും സ്ത്രീകൾ ചെയ്യുന്ന ലോകമാണെന്ന് ചിന്തിക്കണം.വിദ്യാർത്ഥികളെ ആൺകുട്ടികളും പെൺകുട്ടികളുമായി തിരിച്ച് അവർക്ക് ഇരിക്കാനുള്ള ഇരിപ്പിടം മാത്രമല്ല, നടക്കാനുള്ള നടപ്പാതകളും മാറ്റിയുണ്ടാക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.
ആവശ്യത്തിന് വെളിച്ചമില്ലാത്ത വരാന്തകളും പെൺകുട്ടികളെ 'സംരക്ഷിക്കാനായി' അവരെ നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാരും ചേർന്ന് പെൺകുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യം ഏറെ നിയന്ത്രിക്കപ്പെട്ട കാമ്പസുകളാണ് നമ്മുടേത്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സ്വതന്ത്രമായി ഇടപഴകുന്നത് തെറ്റാണെന്ന് കരുതുന്ന, കർശന നടപടികളെടുക്കുന്ന അദ്ധ്യാപകർ വിദ്യാർത്ഥികളിൽ അവരുടെ തെറ്റായ സാമൂഹ്യ സദാചാര ബോധ്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. അങ്ങനെ ഇന്നത്തെ കപടസദാചാരം അടുത്ത തലമുറയിലേക്ക് പകരുന്ന ഒരു സാഹചര്യം പോലും കേരളത്തിലെ കാമ്പസുകളിൽ നിലനിൽക്കുന്നു.
ഹോസ്റ്റലുകളിലെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. പുരുഷന്മാരുടെ ഹോസ്റ്റലുകളിൽ പ്രത്യേകിച്ച് നിയമങ്ങൾ ഇല്ലാതിരിക്കുകയും സ്ത്രീകളുടെ ഹോസ്റ്റലിൽ എന്തിനും ഏതിനും വിലക്കുണ്ടാകുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത് പെൺകുട്ടികളുടെ പ്രൊഫഷണൽ വളർച്ചയെപ്പോലും ബാധിക്കുന്നു.
കോളേജുകളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, പബ്ലിക് പരിപാടികളിൽ പൂ കൊടുക്കുന്നത് പോലുള്ള ചെറിയ റോളുകൾ മാത്രം നൽകി സ്റ്റീരിയോടൈപ്പുകൾ ആയി വളർത്താനാണ് കാമ്പസുകൾ ശ്രമിക്കുന്നത്.സെക്ഷ്വൽ ഹരാസ്മെന്റിനെക്കുറിച്ച് പരാതിപ്പെടാനും കൈകാര്യം ചെയ്യാനുമുള്ള ഒരു പോളിസി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇല്ല. അതിനുവേണ്ട കമ്മിറ്റികൾ മിക്ക സ്ഥാപനങ്ങളിലുമില്ല. ഇത്തരം സാഹചര്യങ്ങളിൽ അകപ്പെടുന്ന പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ടത്ര സഹായസംവിധാനങ്ങൾ ഇല്ല. എന്നുമാത്രമല്ല അവരെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു.വിദ്യാർത്ഥിനികൾ മാത്രമല്ല അദ്ധ്യാപികമാർ പോലും അദ്ധ്യാപകർ, അനധ്യാപകർ, സെക്യൂരിറ്റിക്കാർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് ലൈംഗികമായ കടന്നുകയറ്റങ്ങൾക്ക് വിധേയമാകുന്നു.
2015 ലാണ് ഈ റിപ്പോർട്ട് വന്നത്. അതിനുമുമ്പ തന്നെ കാമ്പസുകളിലെ ലിംഗനീതിക്കു വേണ്ടി യു ജി സി മാർഗ്ഗരേഖകൾ ഇറക്കിയിട്ടുണ്ട്. എന്നിട്ടും 2018 ലും കേരളത്തിലെ കാമ്പസുകളിൽ ഒരു മാറ്റവും വന്നിട്ടില്ല. ബഹുഭൂരിപക്ഷം അദ്ധ്യാപകരും വിദ്യാർത്ഥികളും എന്തിന് വിദ്യാർത്ഥിനികൾ പോലും യുജിസി മാർഗ്ഗരേഖകളെപ്പറ്റിയോ പ്രൊഫസർ മീനാക്ഷി ഗോപിനാഥിന്റെ റിപ്പോർട്ടിനെപ്പറ്റിയോ കേട്ടിട്ട് പോലുമില്ല. കാമ്പസുകളിലെ ലൈംഗിക കടന്നുകയറ്റവും ചൂഷണവും അനുഭവിക്കുന്നവർക്ക് വിളിക്കാനായി ഒരു ഹെൽപ് ഡെസ്‌ക്ക് ഇല്ല, കൗൺസലിങ് നൽകാനായി ഒരു സംവിധാനമില്ല, നിയമസഹായം നൽകാൻ പദ്ധതികളില്ല. കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികൾക്കെല്ലാം ശക്തമായ വിദ്യാർത്ഥി വിഭാഗങ്ങളുണ്ട്. അവർ ഒറ്റവർഷം വിചാരിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളു ഇത്. എന്നിട്ടും മീനാക്ഷി ഗോപിനാഥിന്റെ റിപ്പോർട്ടിനെപ്പറ്റി ഒരു ചർച്ച പോലും നമ്മുടെ വിദ്യാർത്ഥി സംഘടനകളോ കോളേജുകളോ നടത്തിയിട്ടില്ല.
പതിനഞ്ചോളം യൂണിവേഴ്‌സിറ്റികൾ ഉണ്ട് നമുക്ക്. ആയിരക്കണക്കിന് കോളേജുകളും. അതിലെ ഭൂരിഭാഗം അദ്ധ്യാപകരും സ്ത്രീകളാണ്. പക്ഷെ, അപൂർവ്വമായാണ് ഒരു സ്ത്രീ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ ആകുന്നത്. ഈ പദവികൾ രാഷ്ട്രീയവും മതവും അനുസരിച്ച് വീതം വെക്കപ്പെടുന്നതോ ഈ പദവിയിൽ ഇരിക്കാൻ അദ്ധ്യാപന മികവ് കൂടാതെ എല്ലാ തരികിടകളും അറിഞ്ഞിരിക്കണം എന്നതോ ഒക്കെയായിരിക്കാം കാരണം. കൂടുതൽ സ്ത്രീകൾ പ്രിൻസിപ്പൽമാർ ആയും വൈസ് ചാൻസലർമാർ ആയും വരുന്ന കാലത്ത് കാന്പസുകളിലെ സ്ത്രീകളുടെ പ്രശ്‌നം മുൻഗണനാ ക്രമത്തിൽ വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
അതിനൊക്കെ സമയമെടുക്കുമെന്നതുകൊണ്ട് തൽക്കാലം ചില നിർദ്ദേശങ്ങൾ നൽകാം.
1. ലിംഗനീതിയെപ്പറ്റിയുള്ള കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു സംക്ഷിപ്തരൂപം ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കുക. അത് കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസ്സ് തുടങ്ങുന്ന അന്നുതന്നെ വിതരണം ചെയ്യുക.
2. സ്ത്രീസുരക്ഷയെപ്പറ്റിയും സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുമുള്ള യു ജി സി ചട്ടങ്ങളൂം ഇന്ത്യൻ നിയമങ്ങളും രണ്ടു മണിക്കൂർ വീഡിയോ ഓൺലൈൻ കോഴ്‌സ് ആക്കി മാറ്റുക. ഈ കോഴ്‌സ് ഓൺലൈൻ ആയി പഠിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകി കിട്ടുന്ന സർട്ടിഫിക്കറ്റ് കോളേജ് തുറന്ന് ഒരാഴ്ചക്കകം നൽകണമെന്ന് നിർബന്ധമാക്കുക. (വലിയ സ്ഥാപനങ്ങൾ, യു എൻ ഉൾപ്പെടെ, അനവധി വിഷയങ്ങളിൽ ജോലിക്കാർക്കായി അവബോധം ഉണ്ടാക്കുന്നത് ഇത്തരത്തിലാണ്. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ആവശ്യപ്പെട്ടാൽ ഇതിനെപ്പറ്റി കൂടുതൽ നിർദ്ദേശങ്ങൾ നൽകാൻ ഞാൻ തയ്യാറാണ്).
3. കേരളത്തിലെ ഓരോ കോളേജിലും ഒരു gender audit നിർബന്ധമാക്കുക. ടോയ്ലറ്റ് സൗകര്യങ്ങൾ, സുരക്ഷ, സെക്ഷ്വൽ ഹരാസ്മെന്റ് കൈകാര്യം ചെയ്യാനുള്ള സംവിധാനം എന്നിവ എല്ലാ കാന്പസിലും എങ്ങനെയാണ് നടത്തുന്നതെന്ന് ഓഡിറ്റിങ്ങിൽ കണ്ടുപിടിക്കാം. അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാം.
4. കേരളത്തിലെ ഓരോ കോളേജിലും ഓരോ ക്ലാസ്സ് റൂമിലും വർഷത്തിൽ ഒരു ദിവസം ലിംഗനീതിയെക്കുറിച്ചുള്ള ചർച്ച നിർബന്ധമാക്കുക.
5. ലിംഗനീതിയെപ്പറ്റി പരാതിപ്പെടാൻ മാത്രം ഹയർ എഡ്യൂക്കേഷൻ കൗൺസലിൽ ഒരു ഹെൽപ്പ് ഡെസ്‌ക്ക് സംവിധാനം ഉണ്ടാക്കുക. പരാതിക്കാർക്ക് കൗൺസലിംഗും നിയമസഹായവും നൽകാൻ ജില്ലാ അടിസ്ഥാനത്തിൽ സംവിധാനങ്ങൾ ഉണ്ടാക്കാം.
ഈ പറഞ്ഞതെല്ലാം സർക്കാർ സംവിധാനങ്ങൾക്ക് എളുപ്പത്തിൽ നടപ്പിലാക്കാവുന്നതേയുള്ളു. കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും വേണമെങ്കിൽ ഇതിന് നേതൃത്വം നൽകാം. ഇത് രണ്ടുമല്ലെങ്കിൽ കേരളത്തിലെ കാമ്പസുകളിലെ പെൺകുട്ടികൾ ഇത്തരം ഒരു വിഷയത്തിൽ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നാൽ തീർച്ചയായും അവർക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം ഞാൻ നൽകാം.