ദുബായ്: പ്രവാസി ഇന്ത്യക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനായി പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വന്നു. തുടക്കത്തിൽ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ പ്രാബല്യത്തിൽ വരുന്ന ഓൺലൈൻ പരാതി പരിഹാര സംവിധാനം പിന്നീട് മറ്റ് ജിസിസി രാജ്യങ്ങളായ ബഹ്‌റിൻ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും.

മദദ് (ഹിന്ദിയിൽ സഹായം എന്നർഥം) എന്നു പേരിട്ടിരിക്കുന്ന ഓൺലൈൻ സംവിധാനത്തിൽ ലേബർ, പ്രോപ്പർട്ടി, നഷ്ടപരിഹാരം, വൈവാഹിക തർക്കങ്ങൾ, മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വ്യക്തികളെ കാണാതാകുക തുടങ്ങിയവയെല്ലാം അവതരിപ്പിക്കാം. വെബ്‌സൈറ്റിൽ നിശ്ചിത കോൺസുലാർ സർവീസിലേക്കായിരിക്കണം പരാതി സമർപ്പിക്കേണ്ടത്.

പ്രവാസികളുടെ പരാതികൾ സ്വീകരിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് മദദ്ദിന്റെ ലക്ഷ്യമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ അനുരാഗ് ഭൂഷൺ വ്യക്തമാക്കി. എംബസി നൽകുന്ന വ്യത്യസ്ത സർവീസുകളെക്കുറിച്ചുള്ള പരാതികളും ഇതിൽ രജിസ്റ്റർ ചെയ്യാം. എല്ലാ തലത്തിലും പരാതി പരിശോധനയ്ക്കു വിധേയമാക്കിയായിരിക്കും പരിഹാരം നിർദേശിക്കുകയെന്നും അനുരാഗ് ഭൂഷൺ പറഞ്ഞു.
മദദ്ദ് പ്രാബല്യത്തിലാക്കുന്നതിനു മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കിയിരുന്നു. അപ്പോൾ തന്നെ 35-ഓളം പരാതികൾ ലഭിച്ചു കഴിഞ്ഞു. വിദേശകാര്യമന്ത്രാലയവും ഓവർസീസ് ഇന്ത്യൻ അഫേഴ്‌സും സംയുക്തമായാണ് ഈ പരാതി പരിഹാരം വെബ്‌സൈറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. വിദേശത്തുള്ള ഇന്ത്യക്കാർക്ക് അവരുടെ പ്രശ്‌നങ്ങൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് പരിഹാരം കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രവാസി ഇന്ത്യക്കാരുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാനാണെങ്കിലും വിസാ, പാസ്‌പോർട്ട് സേവനങ്ങളൊന്നും ഇതിൽ ലഭ്യമാകില്ല എന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കുന്നു.

എന്തെങ്കിലും പരാതിയോ പ്രശ്‌നങ്ങളോ ഉണ്ടായാൽ ആരെ സമീപിക്കണമെന്നുള്ള കാര്യത്തിൽ ഭൂരിപക്ഷം പേർക്കും ഏറെ സംശയമാണ്. അവയ്‌ക്കെല്ലാം പരിഹാരമാണ് മദദ്ദ്. ഏറെ സുതാര്യതയോടെ ആസൂത്രണം ചെയ്തിട്ടുള്ള മദദ്ദ് സമയലാഭം നേടിത്തരുമെന്ന് വക്താവ് അറിയിക്കുന്നു. ഒരിക്കൽ പരാതി സമർപ്പിച്ചു കഴിഞ്ഞാൽ അത് വേണ്ടപ്പെട്ട ഡിപ്പാർട്ട്‌മെന്റിലേക്ക് പോയ്‌ക്കൊള്ളും. ഓരോ അഥോറിറ്റിക്കും പ്രശ്‌നപരിഹാരത്തിന് നിശ്ചിത സമയപരിധി നൽകിയിട്ടുണ്ട്. ആ തലത്തിൽ പ്രശ്‌നപരിഹാരം നടന്നിട്ടില്ലെങ്കിൽ അത് അടുത്ത ലെവലിലേക്ക് കൈമാറ്റം ചെയ്യുകയാണ്. ഇനിയും പരിഹാരം കാണാത്ത പക്ഷം, ഇതു പരിഹരിക്കുന്നതു വരെ ഉന്നത തലത്തിലേക്ക് പരാതി പൊയ്‌ക്കൊണ്ടിരിക്കും.

ഒരു പരാതി ശ്രദ്ധയിൽപ്പെടാതെ കിടക്കുകയാണെങ്കിൽ അത് സിജിഐയുടെ ഡാഷ്‌ബോർഡിൽ പെൻഡിങ് എന്നു രേഖപ്പെടുത്തി കിടക്കും. പ്രശ്‌നപരിഹാരം പരാതിക്കാരന് തൃപ്തികരമല്ലെങ്കിൽ അത് വീണ്ടും പരാതിപ്പെടാനുള്ള അവസരവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കാൻ പരിചയമില്ലാത്തവർക്ക് മറ്റൊരാളുടെ സഹായത്തോടെ പരാതി ബോധിപ്പിക്കാവുന്നതാണ്. പരാതി സമർപ്പിച്ചുകഴിഞ്ഞാൽ അത് ഏതു തലത്തിലെത്തിയെന്നും പരിശോധിക്കാവുന്നതാണ്. പരിഹരിക്കപ്പെട്ട പരാതിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും ഇതിൽ സംവിധാനമുണ്ടായിരിക്കും.