മെൽബൺ: മെൽബന്റെ വടക്കൻ മേഖലകളിൽ അഞ്ചാം പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതു പടർച്ചവ്യാധിയായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രൂസ്വിക്ക്, ഈസ്റ്റ് ബ്രൂസ്വിക്ക് എന്നിവിടങ്ങളിൽ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു പുരുഷനും ഇരുപതുകളിലുള്ള രണ്ടു യുവതികൾക്കും നാലുപതുകളിലുള്ള ഒരു സ്ത്രീക്കുമാണ് അഞ്ചാം പനി പിടിപെട്ടിട്ടുള്ളത്.

ഇവരിലാരും തന്നെ അടുത്തകാലത്ത് വിദേശ യാത്ര നടത്തിയിട്ടില്ലെന്നും അതിനാൽ സ്വദേശത്തു നിന്നു തന്നെയാണ് പിടിപെട്ടിട്ടുള്ളതെന്നും വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ഇതു പടർച്ചവ്യാധിയായേക്കാമെന്നും കൂടുതൽ അഞ്ചാം പനി കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്‌തേക്കാമെന്നും ചീഫ് ഹെൽത്ത് ഓഫീസർ ഡോ. റോസ്‌കോ ടെയ്‌ലർ വ്യക്തമാക്കി.
രോഗം പിടിപെട്ടിട്ട് രണ്ടാഴ്ചക്കു ശേഷം മാത്രമായിരിക്കും രോഗലക്ഷണങ്ങൾ കാട്ടുകയെന്നും അതുകൊണ്ടു തന്നെ ഈ മേഖലയിലുള്ളവർ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. പെട്ടെന്നു പിടിപെടുന്ന ഈ രോഗം കൂടുതൽ പേർക്ക് ഇപ്പോൾ തന്നെ ബാധിച്ചിരിക്കാമെന്നും അതുകൊണ്ടു തന്നെ ഇതൊരു പടർച്ച വ്യാധിയായി തീരാനുള്ള സാധ്യതയാണുള്ളതെന്നും ഡോ. ടെയ്‌ലർ ചൂണ്ടിക്കാട്ടി.

ജലദോഷം, പനി, തൊണ്ടവേദന, കണ്ണുചുവക്കുക, ചുമ തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയാണ് അഞ്ചാം പനി പിടിപെടുക. പെട്ടെന്നു തന്നെ പടർന്നു പിടിക്കുന്ന ഈ വൈറസ് രോഗിയുടെ മൂക്കിലേയും തൊണ്ടയിലെ.ു ദ്രവത്തിലാണ് വസിക്കുന്നത്. തുമ്മൽ, ചുമ എന്നിവയിലൂടെ വൈറസ് അന്തരീക്ഷത്തിലേക്ക് പടരും. ഇങ്ങനെ പടരുന്ന വൈറസിന് അന്തരീക്ഷ വായുവിൽ രണ്ടു മണിക്കൂറോളം ജീവനോടെ നിലനിൽക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. മറ്റുള്ളവരിലേക്ക് പടരാൻ ഈ സമയം കൊണ്ട് വൈറസിന് സാധ്യമാകും.

അഞ്ചാം പനിയുടെ മറ്റൊരു ലക്ഷണമായ ദേഹത്ത് ചുവന്ന പാടുകൾ രണ്ടാം ഘട്ടമെന്ന നിലയിൽ മൂന്നു മുതൽ ഏഴു ദിവസം വരെയുള്ള കാലയളവിലാണ് പ്രത്യക്ഷപ്പെടുക. ഈ ലക്ഷണങ്ങൾ കാണുന്നവർ ഡോക്ടറുമായോ ആശുപത്ര എമർജൻസി ഡിപ്പാർട്ട്‌മെന്റുമായോ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. എന്നാൽ പെട്ടെന്നു തന്നെ പടരുമെന്നതിനാൽ ആൾക്കാർ കൂടുതലുള്ള സ്ഥലത്ത് വരരുതെന്നാണ് നിർദ്ദേശം. അഞ്ചാം പനിയെ തുടർന്ന് മറ്റു ഗുരുതരമായ അസുഖങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശമാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്.