'130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ നാണം കെടുത്താൻ നാലുവർഷം കൂടുമ്പോൾ നടക്കുന്ന ആഗോള ഗൂഢാലോചന'- ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മോശം പ്രകടനം തുടർന്നപ്പോൾ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ച പലതരം തമാശകളിലൊന്നായിരുന്നു ഇത്. ഒടുവിൽ റിയോ ഒളിമ്പിക്‌സിന് തിരശീല വീണപ്പോഴും ഇന്ത്യ തലതാഴ്‌ത്തിത്തന്നെ നിൽക്കുന്നു.

പി.വി. സിന്ധു ബാഡ്മിന്റണിൽ നേടിയ വെള്ളിയും സാക്ഷി മാലിക് ഗൂസ്തിയിൽ നേടിയ വെങ്കലവും മാത്രമാണ് മെഡൽ പട്ടികയിൽ ഇന്ത്യയെന്ന് എഴുതിച്ചേർത്തത്. ജനസംഖ്യയിലും സമ്പത്തിലും മറ്റു സ്രോതസ്സുകളിലും ഇന്ത്യയുടെ പത്തിലൊന്ന് പോലുമില്ലാത്ത രാജ്യങ്ങൾ പോലും മെഡലുകൾ വാരിക്കൂട്ടുമ്പോഴാണ് നാം 67-ാം സ്ഥാനമെന്ന നാണക്കേടിൽ നിൽക്കുന്നത്.

121 പേരടങ്ങിയ വൻ സംഘവുമായി റിയോയിലെത്തിയ ഇന്ത്യക്ക് നേടാനായത് ഒരു വെള്ളിയും വെങ്കലവും മാത്രം. എന്നാൽ, ഏഷ്യയിൽനിന്നുള്ള മറ്റു ചെറിയ രാജ്യങ്ങളുടെ പ്രകടനം നോക്കുക. ജപ്പാൻ 12 സ്വർണവും എട്ട് വെള്ളിയും 21 വെങ്കലവുമായി ആറാം സ്ഥാനത്തുണ്ട്. ഒമ്പത് സ്വർണനും മൂന്ന് വെള്ളിയും ഒമ്പത് വെങ്കലവുമായി ദക്ഷിണ കൊറിയ എട്ടാമതും.

ഈ രണ്ട് രാജ്യങ്ങളും കായികരംഗത്ത് മുമ്പുതന്നെ മികവ് തെളിയിച്ചിട്ടുള്ളവരാണെന്നത് സമ്മതിക്കാം. എന്നാൽ, തായ്‌ലൻഡിനെയും ഉത്തര കൊറിയയെയും നോക്കൂ. ഉത്തര കൊറിയക്ക് രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമുണ്ട്. തായ്‌ലൻഡിൽ രണ്ടുവീതം സ്വർണവും വെള്ളിയും വെങ്കലവും.

ഓരോ ഒളിമ്പിക്‌സിലും പോയി നാണംകെട്ട് ഇന്ത്യ മടങ്ങുന്ന രീതിക്ക് അവസാനം കണ്ടെത്തിയേ തീരൂ എന്ന മുന്നറിയിപ്പാണ് റിയോ നൽകുന്നത്. കോടികളാണ് തയ്യാറെടുപ്പുകൾക്കായി ഇന്ത്യ ചെലവിടുന്നത്. ഇതിന്റെ പാതി ശരിയായ ദിശയിൽ വിനിയോഗിച്ചാൽ 67-ാം സ്ഥാനത്തുനിന്ന് ഇന്ത്യക്ക് ആദ്യ പത്തിലേക്കെത്താൻ വിഷമിക്കേണ്ടിവരില്ലെന്ന് ഉറപ്പ്.

മെഡൽ നേടാൻ സാധ്യതയുള്ള ഇനങ്ങൾ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കണ്ണിൽപ്പൊടിയിടാൻ ചില സെലക്ഷൻ മീറ്റുകൾ സംഘടിപ്പിക്കുകയും തലയെണ്ണം കൂട്ടുകയും ചെയ്തതുകൊണ്ട് എന്തുകാര്യം? അത്‌ലറ്റിക്‌സിൽ 38 പേർ പങ്കെടുത്തിട്ട് അതിൽനിന്ന് ഫൈനലിൽ മത്സരിച്ചത് ഒരേയൊരു ലളിത ബാബറാണ് എന്നോർക്കുക. എന്തിനാണ് ഈ ധൂർത്ത് എന്ന് ശോഭ ഡേ ചോദിച്ചപ്പോൾ, അതിനെ കുറെപ്പേരെങ്കിലും അനുകൂലിച്ചത് ഈ പ്രകടനങ്ങൾ കൂടി കണ്ടുകൊണ്ടാണ്.