ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നതോടെ വെള്ളത്തിനടിയിലാകുന്ന പടിഞ്ഞാറൻ മധ്യപ്രദേശിലെ ഗ്രാമമായ ചിക്കാൽദയിൽ നർമദാ ബച്ചാവോ ആന്തോളൻ നേതാവ് മേധാ പട്കർ നടത്തുന്ന നിരാഹാരസമരം ഒൻപതു ദിവസം പിന്നിട്ടു. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് നർമ്മദ ബച്ചാവോ അന്ദോളൻ (എൻബിഎ) നേതാവ് മേധ പടക്കർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്.

ഇതിനിടെ മേധയുടെ സമരത്തിനു പിന്തുണയുമായി ഇതിനകം ആഗോളപ്രശസ്തരായ പ്രമുഖ വ്യക്തികൾ രംഗത്തുവന്നു. അമേരിക്കൻ ചരിത്രകാരനും തത്വജ്ഞാനിയുമായ നോം ചോസ്‌കി ഇവരിലൊരാളാണ്.

അണക്കെട്ട് പദ്ധതിയിലൂടെ ജീവനോപാധികളും ദൈനംദിന ജീവിതവും താറുമാറായ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന ഓൺലൈൻ പരാതിയിൽ ചോംസ്‌കിയും ഒപ്പുചാർത്തി. ഭരണഘടനാപരമായ ഭരണത്തിലും അവകാശങ്ങൾക്കുവേണ്ടിയുള്ള ജനാധിപത്യപരവും അഹിംസാമാർഗ്ഗത്തിലുമുള്ള സമരങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനു സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്ന് ചോംസ്‌കി ചൂണ്ടിക്കാട്ടി.

'നാടും വീടും വെള്ളത്തിൽ മുങ്ങിപ്പോകുമെന്ന ഭീഷണി നേരിടുന്ന ജനങ്ങളെ രക്ഷിക്കാൻ അങ്ങയുടെ അടിയന്തിര ശ്രദ്ധയും ഇടപെടലുമുണ്ടാവണമെന്ന് നർമ്മദ താഴ്‌വരയിലെ ജനങ്ങൾക്കു വേണ്ടി ഞാൻ അഭ്യർത്ഥിക്കുന്നു' എന്ന് ചോംസ്‌കി ഒപ്പിട്ട അപേക്ഷ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.

കുടിയൊഴിപ്പിക്കപ്പട്ടവരെ ശരിയായ വിധം പുനരധിവസിപ്പിക്കണമെന്ന ആവശ്യം നേടിയെടുക്കും വരെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മേധയെന്ന് അവരുടെ സഹപ്രവർത്തകൻ ഹിംഷി സിങ് അറിയിച്ചു. മധ്യപ്രദേശിലെ ധർ ജില്ലയിൽ ഛിധാൽഡ ഗ്രാമത്തിലാണ് മേധ സമരമാരംഭിച്ചത്.

വെള്ളത്തിൽ മുങ്ങിപ്പോകുന്ന പ്രദേശത്തെ 7010 കുടുംബങ്ങളോട് കുടിയൊഴിഞ്ഞുപോകാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് നർമ്മദ വാലി ഡവലപ്പ്‌മെന്റ് അഥോറിറ്റിയുടെ വക്താവ് പറഞ്ഞു.

കുടിയൊഞ്ഞുപോകുന്നതിന് അന്തിമദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത് ജൂലൈ 31 ആയിരുന്നു. അതിനുശേഷവും കുടിയൊഴിഞ്ഞുപോയില്ലെങ്കിൽ അവരെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കാൻ മധ്യപ്രദേശ് സർക്കാറിനു സുപ്രീം കോടതി ഫെബ്രുവരിയിൽ അനുവാദം നല്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. എന്നാൽ ബലപ്രയോഗം അറ്റകൈ പ്രയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം 40,000 വരുമെന്നാണ് എൻബിഎ പറയുന്നത്. മധ്യപ്രദേശിലെ ബർവാണി, അലിരാജ്പൂർ, ഖാർഗോൺ, ധർ ജില്ലകളിലായിട്ടാണ് ഇത്രയും പേർ അണക്കെട്ടിന്റെ ജലസംഭരണപ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ഗുജറാത്തിൽ അണക്കെട്ടിന്റെ ബഹിർദ്വാരമടക്കാൻ കേന്ദ്രസർക്കാർ അനുമതി നല്കിയതിനെത്തുടർന്നാണ് ഈ സ്ഥിതിവിശേഷമുണ്ടായത്.

അണക്കെട്ടു പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടുന്ന 40,000 ഓളം കുടുംബങ്ങളെ ശരിയായ വിധം പുനരധിവസിപ്പിക്കണെമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു.

മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുന്നൂറോളം ഗ്രാമങ്ങളാണ് ജലനിരപ്പ് ഉയരുന്നതോടെ ഇല്ലാതാകുക. 13,542 ചതുരശ്ര ഹെക്ടർ വനവും 11279 ചതുരശ്ര ഹെക്ടർ കൃഷിഭൂമിയും നശിക്കും. നർമദാതടത്തിലെ ആദിവാസികൾ അടക്കം അരലക്ഷത്തോളം കുടുംബങ്ങളെയാണു പദ്ധതി പ്രതികൂലമായി ബാധിക്കുക. 138.68 മീറ്ററിൽനിന്ന് 121.92 മീറ്ററായാണ് ജലനിരപ്പ് ഉയർത്തുന്നത്.

നർമദാ തീരത്തു കുടിയൊഴിക്കൽ ഭീഷണി നേരിടുന്നവരുടെ അവകാശങ്ങൾക്കായി മേധ പട്കർ സമരത്തിന് എത്തുന്നതിന് മുൻപ് രാജ്ഘട്ടിലെ ഗാന്ധി സ്മാരകം പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. സ്മാരകത്തിനു മുന്നിൽ നിരാഹാര സമരം ആരംഭിക്കാനായിരുന്നു മേധയുടെ തീരുമാനം. ഇതിനിടെയാണ് സ്മാരകം അപ്രത്യക്ഷമായത്.

മഹാത്മാ ഗാന്ധിയുടെയും ഭാര്യ കസ്തൂർബയുടെയും ഗാന്ധിയുടെ സെക്രട്ടറി മഹാദേവ് ദേശായിയുടെയും ചിതാഭസ്മം ഇവിടെ സൂക്ഷിച്ചിരുന്നതും അധികൃതർ കൊണ്ടു പോയി. മേധയും നാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവ തിരിച്ചെത്തിച്ചെങ്കിലും പൊലീസെത്തി വീണ്ടും കൊണ്ടുപോയെന്നാണു പരാതി. അതേസമയം പ്രളയ സാധ്യത ഉള്ളതിനാലാണ് സ്മാരകം മാറ്റിയതെന്ന നിലപാടിലായിരുന്നു സർക്കാർ.

അണക്കെട്ടിൽ വെള്ളം നിറഞ്ഞതോടെ സമീപത്തെ വീടുകളെല്ലാം വെള്ളത്തിനടിയിലായി. 13542 ചതുരശ്ര ഹെക്ടർ വനവും 11279 ചതുരശ്ര ഹെക്ടർ കൃഷിഭൂമിയും മുങ്ങിപ്പോകുമെന്നാണ് കണക്കാക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണു അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്. 2014 ലാണ് അണക്കെട്ടിന്റെ ഉയരം 400 അടിയിൽനിന്ന് 55 കൂടി ഉയർത്താൻ അനുമതി ലഭിച്ചത്. അണക്കെട്ടിനെതിരെ നർമദാ ബച്ചാവോ ആന്ദോളൻ പ്രവർത്തകരും സമരരംഗത്തുണ്ട്.