തിരുവനന്തപുരം: ന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി മലയാളി ട്രിപ്പിൽ ജമ്പ് താരം രഞ്ചിത്ത് മഹേശ്വരി രംഗത്ത്.റിയോ ഒളിംപിക്‌സിൽ പ്രകടനം മോശമായതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർക്കെതിരെയാണ് മലയാളി താരം രംഗതെത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തിലുൾപ്പെടെ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടും മുൻതാരങ്ങളും പരിശീലകരും മാദ്ധ്യമങ്ങളുമെല്ലാം തന്നെ വേട്ടയാടുകയാണെന്ന് രഞ്ജിത് മഹേശ്വരി ആരോപിച്ചു. മികച്ച പ്രകടനം നടത്തി ഒളിംപിക്‌സിന് യോഗ്യത നേടിയപ്പോൾ മരുന്നടിച്ചോയെന്നു ചോദിച്ചവരുണ്ട്. റിയോ ഒളിംപിക്‌സിൽ മൽസരിക്കുന്നതിനു തലേദിവസംവരെ ഇത്തരം ചോദ്യങ്ങൾകൊണ്ട് അപമാനിക്കപ്പെട്ടുവെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു.

വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ സ്‌പോർട്‌സിൽനിന്നു തന്നെ പിന്മാറുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. കായികമൽസരങ്ങൾക്കുള്ള വേദികൾ ഡ്രൈവിങ് പരിശീലനത്തിനുപോലും നൽകുന്നവരാണ് അത്‌ലറ്റുകളെ കുറ്റപ്പെടുത്തുന്നവരിൽ പലരും. തന്റെ നാട്ടിലെ കാര്യമെടുത്താൽ കോട്ടയത്തെ നെഹ്‌റു സ്റ്റേഡിയംപോലും ഇത്തരത്തിൽ ഡ്രൈവിങ് പരിശീലനത്തിനായി നൽകുകയാണ്. പരിശീലന സൗകര്യങ്ങളെക്കുറിച്ചോ അതിന്റെ കുറവുകളെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല. അത്തരം കാര്യങ്ങളിൽ കുറച്ചെങ്കിലും ശ്രദ്ധിച്ചാൽ കായികരംഗത്തു മുന്നേറ്റമുണ്ടാകുമെന്നും രഞ്ജിത് പറഞ്ഞു.രാജ്യാന്തര മീറ്റുകളിൽ മെഡലുകൾ നേടിയവരെപ്പോലും കഴിവുകെട്ടവരെന്ന് വിലയിരുത്തുന്ന വിമർശകരാണ് കായികരംഗത്തിന്റെ ശാപം. പുതുതലമുറയെ എങ്കിലും വേട്ടയാടലിൽനിന്ന് ഒഴിവാക്കി അവരെയെങ്കിലും വെറുതെ വിടണം.

റിയോയിൽ ട്രിപ്പിൾ ജംപിൽ മത്സരിച്ച രഞ്ജിത് മഹേശ്വരിക്ക് അവിടെ യോഗ്യതാ മാർക്ക് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. 16.13 മീറ്റർ പിന്നിട്ട രഞ്ജിത് 30ാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. 16.95 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. ഒളിംപിക്‌സിന് യോഗ്യത നേടിയതിനുശേഷം രഞ്ജിത്തിന്റെ പ്രകടനത്തിലുണ്ടായ നിലവാരത്തകർച്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന്  ആവശ്യമുയർന്നിരുന്നു.