ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) മൂന്നാമത് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിൽ പ്രമുഖമാദ്ധ്യമപ്രവർത്തകർ പങ്കെടുക്കും. കണക്ടിക്കട്ടിലുള്ള ഹിൽടൺ സ്റ്റാംഫോർഡ് ഹോട്ടലിൽ ഒക്ടോബർ എട്ടു മുതൽ പത്തുവരെയാണ് മാദ്ധ്യമസമ്മേളനം നടക്കുന്നത്. അമേരിക്കയിലേയും കാനഡയിലേയും മാത്രമല്ല രാജ്യാന്തരതലത്തിൽ പ്രശസ്തരായ ദൃശ്യ, പത്ര മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ കോൺഫ്രൻസിൽ നിരവധി സെമിനാറുകളും വർക്ക്ഷോപ്പുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. ആർ.എസ്. ബാബു, മാങ്ങാട് രത്നാകരൻ, എം വി നികേഷ് കുമാർ, എസ്.ആർ. ശക്തിധരൻ, ജി. ശേഖരൻ നായർ, പ്രദീപ് പിള്ള, ജെ.എസ്. ഇന്ദുകുമാർ, ലിസ് മാത്യു, സിന്ധു കുമാർ, ജെ.അലക്സാണ്ടർ ഐഎഎസ്, പി.വി. അബ്ദുൾ വഹാബ് എംപി, ഡോ. അജയ് ലോധാ, എച്ച് ആർ .ഷാ , ബാഗ്ഗാ , ഡോ ജെ .മോസസ് തുടങ്ങിയ പ്രമുഖർ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട് .

ദേശാഭിമാനി കൺസൾട്ടന്റ് എഡിറ്ററായിരിക്കെയാണ് ആർ.എസ്. ബാബുവിനെ കേരള മീഡിയ അക്കാദമി ചെയർമാനായി നിയമിക്കുന്നത്. 1978 മുതൽ ദേശാഭിമാനിയിൽ പ്രവർത്തിക്കുന്ന ബാബുവിന്റെ റിപ്പോർട്ടുകളും ലേഖനങ്ങളും രാഷ്ട്രീയഭരണ മേഖലകളിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുൻ പ്രസിഡന്റായ ആർ.അജിത്ത് കുമാർ മംഗളത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അസോസിയേറ്റ് എഡിറ്ററുമാണ്.മുതിർന്ന ടെലിവിഷൻ ജേർണലിസ്റ്റായ മാങ്ങാട് രത്നാകരൻ ഏഷ്യാനെറ്റ് ന്യൂസ് കോഓർഡിനേറ്റിങ് എഡിറ്ററാണ്. സമഗ്രസംഭാവനയ്ക്കുള്ള സുരേന്ദ്രൻ നിലീശ്വരം അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള മാദ്ധ്യമപ്രവർത്തകനാണ് അദ്ദേഹം.
ഏഷ്യാനെറ്റിലൂടെ മാദ്ധ്യമപ്രവർത്തനം ആരംഭിച്ച എം വി നികേഷ് കുമാർ റിപ്പോർട്ടർ ചാനലിന്റെ മാനേജിങ് ഡയറക്ടറാണിപ്പോൾ. ഇന്ത്യാവിഷൻ ചാനലിന്റെ സിഇഒ ആയും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മലയാള ദൃശ്യമാദ്ധ്യമരംഗത്ത് പുത്തൻ മാനങ്ങൾ കൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകൻ കൂടിയാണ്.

മുതിർന്ന മാദ്ധ്യമപ്രവർത്തകനായ എസ്.ആർ. ശക്തിധരൻ പ്രസ് അക്കാദമിയുടെ മുൻ ചെയർമാൻ കൂടിയാണ്. മാതൃഭൂമിയുടെ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫും മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ജി. ശേഖരൻ നായർ. മൂന്നുതവണ സംസ്ഥാന സർക്കാരിന്റെ മാദ്ധ്യമ അവാർഡ് ഉൾപ്പെടെ പത്രപ്രവർത്തനരംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള മാദ്ധ്യമപ്രവർത്തകനാണ് അദ്ദേഹം.

ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ മാദ്ധ്യമപ്രവർത്തകനായ പ്രദീപ് പിള്ള തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റാണ്. മുതിർന്ന ദൃശ്യമാദ്ധ്യമപ്രവർത്തകനായ ജെ.എസ്. ഇന്ദുകുമാർ ജയ്ഹിന്ദ് ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.

ഇന്ത്യൻ എക്സ്പ്രസിൽ സീനിയർ എഡിറ്ററായി പ്രവർത്തിക്കുന്ന ലിസ് മാത്യു വാർത്ത ഏജൻസിയായ ഐഎഎൻഎസിൽ പത്തുവർഷവും മിന്റിൽ ആറുവർഷവും പ്രവർത്തിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകയാണ്. മനോരമ ന്യൂസ് കാമറമാനാണ് സിന്ധുകുമാർ, കർണാടക ചീഫ് സെക്രട്ടറിയായിരുന്ന ജെ. അലക്സാണ്ടർ ഐഎഎസ് കർണാടകയിലെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 33 വർഷത്തോളം കർണാടകയിൽ ഐഎഎസ് ഓഫീസറായിരുന്നു അദ്ദേഹം. പ്രമുഖ ബിസിനസുകാരനും മുസ്ലിം ലീഗ് നേതാവുമായ പി.വി. അബ്ദുൾ വഹാബ് രാജ്യസഭ എംപിയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമകൂടിയാണദ്ദേഹം.

2013 ൽ രൂപീകൃതമായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര കോൺഫറൻസാണ് ഇത്. കഴിഞ്ഞവർഷം ന്യൂയോർക്കിലും ആദ്യവർഷം ന്യൂജേഴ്സിയിലുമാണ് കോൺഫറൻസ് നടന്നത്. അച്ചടി ദൃശ്യ മാദ്ധ്യമരംഗത്തുള്ള ഇൻഡോ അമേരിക്കൻ പത്രപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി മാദ്ധ്യമ പ്രവർത്തകർക്ക് ഉപകാരപ്രദമായ രീതിയിൽ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായാണ് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി). ഇതിന്റെ അംഗങ്ങളുടെ കർമ്മ നിരതമായ പ്രവർത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണ് ഇതിനോടകം ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് ഇത് വളർന്നത്. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഗൾഫിലുമുള്ള മാദ്ധ്യമരംഗത്തെ പ്രമുഖർ ഐഎപിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

ഈ കോണ്ഫറന്‌സിലെ പ്രധാന വർക്ക്‌ഷോപ്പുകളും സെമിനാറുകളും മുഖ്യധാരയിലെ മാദ്ധ്യമ പ്രവർത്തകരും പത്രപ്രവർത്തകരും നയിക്കുന്നതാണ്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് എല്ലാ വർഷവും നൽകുന്ന മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള സത്കര്മ അവാർഡ് പ്രസ്തുത കോണ്ഫ റന്‌സിൽ വച്ചു കൊച്ചിയിൽനിന്നുള്ള തെരുവോരം മുരുകന് ഇക്കൊല്ലം നൽകി ആദരിക്കുന്നതാണ്.

അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ അതിന്റെ മൂര്ധന്യതയിൽ എത്തിയിരിക്കുന്ന ഈ സമയത്ത് അന്താരാഷ്ട്ര മാദ്ധ്യമ കൊണ്‌ഫെറന്‌സിൽ അമേരിക്കയിലെ ഇരു പ്രസിഡന്റ് സ്ഥാനാർത്ഥികളുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോണാൾട് ട്രംമ്പിന് വേണ്ടി പ്രൊ. എ . ഡി. അമർ വസ്തുതകൾ സമർഥിക്കാൻ ശ്രമിക്കുമ്പോൾ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലാരി ക്‌ളിന്റനുവേണ്ടി , ന്യൂ ജേഴ്‌സി പാർലമെന്റിൽ മത്സരിക്കുന്ന മലയാളി പൈതൃകമുള്ള യുവ പൊതുപ്രവർത്തകൻ പീറ്റർ ജേക്കബ് , പ്രതിവാദങ്ങളുടെ പെരുമഴയുമായി ഈ മുഖ്യ സംവാദം പ്രവാസീ ഭാരതീയരിൽ തരംഗങ്ങൾ സൃഷ്ടിക്കുമെന്ന് കരുതുന്നു. ഈ രാഷ്ട്രീയ സംവാദങ്ങൾക്ക് മോഡറേറ്ററായി പ്രൊ. ഇന്ദ്രജീത് സലൂജാ ചുക്കാൻ പിടിക്കുന്നതായിരിക്കും.

കൂടാതെ വിവിധ മത്സരങ്ങളിലെ വിജയികളെയും പ്രഗൽഭരായ മാദ്ധ്യമ പ്രവർത്തകരെയും ആദരിച്ചു പുരസ്‌കാരങ്ങൾ നൽകുന്നതും,, ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെ തിലകക്കുറിയായി ഒരു സുവനീർ പ്രകാശനം ചെയ്യുന്നതുമായിരിക്കും . ഒമ്പതാം തീയതി വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന പൊതു സമാപന ചടങ്ങിലും, കലാസാംസ്‌കാരിക പരിപാടികളിലും, ഡിന്നറിലും വിവിധ സാമൂഹ്യ നേതാക്കൾ, അമേരിക്കൻ മാദ്ധ്യമ പ്രതിനിധികൾ, കൊണ്‌സു ലേറ്റ് മേധാവികൾ പങ്കെടുക്കുന്നതാണ്.

വളർന്നു വരുന്ന മാദ്ധ്യമപ്രവർത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ വിവിധ രാജ്യങ്ങളിൽനിന്നും പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐഎപിസി കർമ്മനിരതമാണെന്നും അതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഐ എ പി സീ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ സഖറിയ ന്യൂയോർക്കിൽ പ്രസ്താവിച്ചു