- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രമായ പത്രം; വളർന്നത് പരസ്യ താൽപ്പര്യമില്ലാതെ വേറിട്ട വഴിയിലൂടെ; ചാനലിൽ പ്രമോദ് രാമൻ മുതൽ സ്മൃതി പരുത്തിക്കാട് വരെയുള്ള പ്രഗൽഭർ; ഹിഡൻ അജണ്ടയുടെ പേരിൽ എന്നും പ്രതിക്കൂട്ടിൽ; മൗദൂദി മീഡിയയോ മനുഷ്യാവകാശ മുഖമോ? സംപ്രേഷണ വിലക്ക് ഭീഷണിയിലായ മീഡിയാവണ്ണിന്റെ കഥ
നിറയെ വാർത്തകളുമായി സജീവമായ ഒരു വാർത്താ ദിനത്തിൽ ഒരു ന്യൂസ് ചാനൽ പെട്ടെന്ന് സംപ്രേഷണം നിർത്തേണ്ടിവരിക. സമാനതകൾ ഇല്ലാത്ത സംഭവവികാസങ്ങളിലൂടെയാണ് കേരളത്തിലെ മാധ്യമലോകം കടന്നുപോവുന്നത്. മീഡിയാവൺ ചാനലിന്റെ സംപ്രേഷണ അനുമതി തടഞ്ഞ കേന്ദ്ര സർക്കാർ നടപടി, ഭരണകൂടവും മാധ്യമസ്വാതന്ത്ര്യവും തമ്മിലുള്ള വലിയ ചർച്ചകൾക്കും, വഴിവെച്ചിരിക്കയാണ്.
കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും സംപ്രേഷണം തൽക്കാലം നിർത്തിവെക്കുകയാണെന്നും, മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ നേരിട്ടാണ് പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ, ചാനൽ സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ട്. ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയ ഹൈക്കോടതിക്ക് മുമ്പിൽ നിർണ്ണായക രേഖകൾ കേന്ദ്രം നൽകിയിട്ടുണ്ട്. നിലവിൽ ലൈസൻസ് ഇല്ലാത്ത അവസ്ഥയിലാണ് മീഡിയാ വൺ. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ ഹൈക്കോടതി തീരുമാനം നിർണ്ണായകമാണ്.
മീഡിയാവണ്ണിന്റെ സംപ്രേഷണം തടഞ്ഞതിൽ കേരളത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തൊട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വരെയുള്ളവർ ഒരേ സ്വരത്തിൽ ചാനൽ നിരോധനത്തിന് എതിരെ രംഗത്ത് എത്തി. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മാധ്യമ നിരോധനത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സാംസ്കാരിക പ്രവർത്തകരും ആരോപിക്കുന്നു. എന്നാൽ മീഡിയാവൺ ചാനലിന്റെയും അതിന് മുമ്പ് രൂപം കൊണ്ട മാധ്യമം പത്രത്തിന്റെയും, ചരിത്രം പരിശോധിക്കുമ്പോൾ വിവാദം അവർക്ക് പുത്തരിയല്ലെന്ന് കാണാം. മൗദൂദിയൻ മാധ്യമം എന്ന പരിഹാസം മറികടന്നുകൊണ്ട് തന്നെയാണ് അവർ ഘട്ടംഘട്ടമായി കേരളീയ സമൂഹത്തിൽ വളർന്നതും വേര് പിടിച്ചതും.
വെള്ളിമാടുകുന്നിൽനിന്ന് ഒരു വഴിത്തിരിവ്
മാധ്യമം പത്രത്തെക്കുറിച്ച് പറയാതെ മീഡിയാവണ്ണിന് ഒരു ചരിത്രമില്ല. കാരണം ചാനലിന് വിത്തിട്ടത് മാധ്യമത്തിന്റെ വിജയം തന്നെയാണ്. സ്വാതന്ത്ര്യാനന്തര കേരളത്തിൽ ആരംഭിച്ച പത്രങ്ങളിൽ നിലനിന്നതും വിജയിച്ചതും മാധ്യമത്തെപ്പോലെ വിരലിൽ എണ്ണാവുന്നവ മാത്രമാണ്.
ജമാഅത്തെ ഇസ്ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. 1987 ജൂൺ ഒന്നിന് കോഴിക്കോട് വെള്ളിമാട്കുന്നിൽ നിന്ന് പി കെ ബാലകൃഷ്ണൻ പത്രാധിപരായി ഇത് പ്രസിദ്ധീകരണം ആരംഭിച്ചു. 'വെള്ളിമാട് കുന്നിൽനിന്ന് ഉദിച്ച വെള്ളിനക്ഷത്രം' എന്നായിരുന്നു, സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ മാധ്യമത്തെക്കുറിച്ച് പറഞ്ഞത്. അതിന് കാരണവുമുണ്ടായിരുന്നു. അന്ന് മുസ്ലിം മാനേജുമെന്റുകൾ നടത്തുന്ന മുസ്ലീ ലീഗിന്റെ 'ചന്ദ്രിക', കാന്തപുരം വിഭാഗത്തിൻെ 'സിറാജ്' പോലുള്ള പത്രങ്ങളുടെ നിലവാരം ദയനീയമായിരുന്നു. ( 'പോത്തുകൾ എത്തിത്തുടങ്ങി, യൂത്ത് ലീഗ് സമ്മേളനം നാളെ' എന്നതുപോലെ, പരിഹാസ്യമായിരുന്നു ചന്ദ്രികയുടെ തലക്കെട്ടുകളും മറ്റും. 'വിഘടിതർ വിരണ്ടോടി' തുടങ്ങിയ സംഘടനാവാർത്തകളും പ്രസ്താവനകളും കാളമൂത്രം നിറച്ചാണ് സിറാജ് പേജ് നിറച്ചിരുന്നത്) പക്ഷേ മാധ്യമം തുടക്കത്തിൽ തന്നെ ഒരു നിലവാരമുള്ള മതേതര പത്രം എന്ന പ്രതിഛായയാണ് ഉണ്ടാക്കിയെടുത്തത്. ജമാഅത്തെയുടെയും അനുബന്ധസംഘടകളുടെയും വാർത്തകൾപോലും ചുരുക്കിയാണ് ആദ്യകാലത്തുകൊടുത്തിരുന്നത്. അങ്ങനെ മുസ്ലിം കമ്യൂണിറ്റിയിൽനിന്ന് നിലവാരമുള്ള ഒരു പൊതുപത്രം എന്ന രീതിയിൽ മാധ്യമം സ്വാഗതം ചെയ്യപ്പെട്ടു.
മാത്രമല്ല സോഷ്യൽ മീഡിയയോ, ചാനലുകളോ ഇല്ലാത്ത അക്കാലത്ത് മാതൃഭൂമിയും, മനോരമയും, ദേശാഭിമാനിയും, ദൂരദർശനുമായിരുന്നു മുഖ്യധാരാ മാധ്യമങ്ങൾ. ദലിത്-ആദിവാസി-ന്യൂനപക്ഷ വാർത്തകളും, മനുഷ്യവകാശ- പരിസ്ഥിതി വാർത്തകളും ഒന്നും കാര്യമായി വെളിച്ചം കാണാത്ത കാലമായിരുന്നു അത്. അതും മാധ്യമത്തിന് കൃത്യമായ ഒരു സ്പേസ് ഒരുക്കിക്കൊടുത്തു.'' 'വാർത്താമാധ്യമങ്ങളിൽ ഒരു വഴിത്തിരിവ്' എന്നായിരുന്നു മാധ്യമത്തിന്റെ പരസ്യവാചകം. അത് അന്വർഥമാക്കുന്ന രീതിയിൽ ഒരു മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിന് അവർ തുടക്കമിട്ടു. മദ്യം,ലോട്ടറി, സിനിമാ, പുകയില പരസ്യങ്ങൾ സ്വീകരിക്കാതെ വേറിട്ട വഴിയായിരുന്നു മാധ്യമം തെരഞ്ഞെടുത്തത്.
ഗൾഫ്-അന്താരാഷ്ട്ര വാർത്തകൾക്കും മാധ്യമം വലിയ പ്രാധാന്യം നൽകി. അതുവരെ മലയാളത്തിലെ പത്രങ്ങളിൽ ആരും തന്നെ രാജ്യാന്തര വാർത്തകൾക്ക് ഒരു മുഴുവൻ പേജ് നൽകിയിട്ടില്ലായിരുന്നു. മാധ്യമം വന്നതോടെ മറ്റുപത്രങ്ങളും വിദേശ വാർത്തകളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
തുടക്കത്തിൽ പല പ്രതിസന്ധികളും ഉണ്ടായെങ്കിലും, അടച്ചുപൂട്ടാൻ തീരുമാനിച്ചിടത്തുനിന്ന് മാധ്യമം ഫീനിക്സ് പക്ഷിയേപ്പോലെ ഉയർന്നുവന്നു. ബാബറി മസ്ജിദിൽ ശിലാന്യാസം നടന്നത്, തർക്കമന്ദിരത്തിന് പുറത്താണെന്ന് ചന്ദ്രികയടക്കമുള്ള മാധ്യമങ്ങൾ പറഞ്ഞപ്പോൾ അത് തെറ്റാണെന്ന് മാധ്യമം തെളിയിച്ചു. ആട് തേക്ക് മാഞ്ചിയം തട്ടിപ്പ്, നെറ്റ്‌വർക്ക് മാർക്കറ്റിങ്ങ് ചൂഷണങ്ങൾ, ആൾദൈവങ്ങളുടെ തട്ടിപ്പുകൾ, മൂന്നാർ കൈയറ്റേം തുടങ്ങി മറ്റുപത്രങ്ങൾ തമസ്‌ക്കരിക്കുന്ന വാർത്തകൾ എടുത്തിട്ട് മാധ്യമം ശ്രദ്ധേയമായി. ലേ ഔട്ടിനും എഡിറ്റോറിയലിനും, പരമ്പരകൾക്കുമൊക്കെയായി നിരവധി അവാർഡുകളും പത്രത്തെ തേടിയെത്തി. മുസ്ലിം രാഷ്ട്രീയത്തിലും മാധ്യമം അവഗണിക്കാനാവത്ത ശക്തിയായി. ഐഐൻഎല്ലിന്റെ പിറവിയിലും, സമസ്തയിലെ പ്രശ്നങ്ങളിലുമൊക്കെ മാധ്യമത്തിന്റെ പങ്കും വലുതായിരുന്നു.
പതുക്കെ ട്രാക്കിലായ മീഡിയാ വൺ
87ൽ മാധ്യമം ആഴ്‌ച്ചപതിപ്പ് തുടങ്ങിയതോടെ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വർധിച്ച പിന്തുണയും ഇവർക്ക് കിട്ടി. ക്രമേണെ മാധ്യമം ഗൾഫിലേക്കും പടർന്നു. ഇന്ത്യക്ക് പുറത്ത് അച്ചടിക്കുന്ന പ്രഥമ ഇന്ത്യൻ ദിനപത്രമായി ഗൾഫ് മാധ്യമം. 1999 ഏപ്രിൽ 16 ന് ബഹറൈനിൽ വച്ചാണ് ഗൾഫ് മാധ്യമം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ടെക്ക്നോളജിക്കൽ വിഷയങ്ങളിൽ ഏറെ അറിവുണ്ടായിരുന്നു വി.കെ. ഹംസ അബ്ബാസ് ആയിരുന്നു പത്രാധിപർ. ദിനപത്രത്തിനു പുറമെ നിരവധി മാഗസിനുകളും പ്രത്യേക പതിപ്പുകളും പുറത്തിറക്കി മാധ്യമം ശ്രദ്ധനേടി. ഈ വിജയമാണ് ചാനൽ തുടങ്ങുന്നതിനെ പറ്റിയും ജമാഅത്തെ ഇസ്ലാമിയിൽ അലോചനയുണ്ടാക്കിയത്. ഇതേതുടർന്നാണ് മാധ്യമം ദിനപത്രത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് മീഡിയാവൺ ചാനൽ ആരംഭിക്കുന്നത്.
നേര്, നന്മ എന്നതാണ് ചാനലിന്റെ മുദ്രാവാക്യം. കോഴിക്കോട് ആസ്ഥാനമായ മാധ്യമം ബ്രോഡ്കാസ്റ്റിങ് എന്ന കമ്പനിയാണ് മീഡിയവൺ നടത്തുന്നത്. ചാനൽ 2013 ഫെബ്രുവരി 10 ന് പ്രതിരോധ മന്ത്രി എ കെ ആന്റണി നാടിന് സമർപ്പിച്ചു. മുഖ്യ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ വെള്ളിപറമ്പിലാണ്. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ മാധ്യമസ്ഥാപനമെന്ന കീർത്തിയും ഈ സ്ഥാപനത്തിലാണ്.
പക്ഷേ മാധ്യമം തുടങ്ങിയതുപോലുള്ള ഒരു മീഡിയാ സാഹചര്യം ആയിരുന്നില്ല അപ്പോൾ. നിരവധി ചാനലുകൾക്കിടയിൽ സ്വന്തം വ്യക്തിത്വം കണ്ടത്താൽ കഴിയാതെ തുടക്കത്തിൽ മീഡിയാ വൺ പാടുപെട്ടു. ആദ്യം പ്രോഗ്രാം ചാനലായാണ് ഇത് എയർ ചെയതിരുന്നത്. ഇടക്ക് വാർത്തയും വരുമെന്ന് മാത്രം. പക്ഷേ അക്കാലത്തും 'ഞാൻ സ്ത്രീ' എന്ന റിയാലിറ്റി ഷോയും, എം.ഐ.ടി മൂസ എന്ന പരമ്പരയും മീഡിയാവണ്ണിനെ ജനപ്രിയമാക്കി. പക്ഷേ പിന്നീട് മീഡിയാവൺ പൂർണ്ണമായും ന്യൂസ് മാത്രമായി.
പി.കെ ബാലകൃഷ്ൻ മുതൽ പ്രമോദ് രാമൻവരെ
മറ്റ് ഇസ്ലാമിക സംഘടനകളിൽനിന്ന് വ്യത്യസ്തമായി മതേതരമായും പൂർണ്ണമായും എഡിറ്റോറിയൽ സ്വാതന്ത്ര്യം നൽകിയുമാണ് ആദ്യ കാലത്ത് മാധ്യമവും മീഡിയാവണ്ണും പ്രവർത്തിച്ചത്. മികച്ച മാധ്യമ പ്രവർത്തകരെയും സാഹിത്യകാരന്മാരെയുമൊക്കെ ഈ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിക്കാൻ മാനേജ്മെന്റ് ശ്രമിച്ചു. മാധ്യമത്തിന്റെ സ്ഥാപക പത്രാധിപർ എഴുത്തുകാരൻ പികെ ബാലകൃഷ്ണൻ ആയിരുന്നു. പിന്നീട്, സാഹിത്യകാരന്മാരായ കെ.എ കൊടുങ്ങല്ലൂരും, കെ.പി രാമനുണ്ണിയും, സി രാധാകൃഷ്ണനും പികെ പാറക്കടവുമൊക്കെ മാധ്യമത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. തുടക്കം മുതൽ മാധ്യമത്തിന് എഡിറ്റർ ഇൻ ചാർജായിരുന്നു ഒ അബ്ദുറഹിമാൻ തന്നെയാണ്, മാധ്യമം -മീഡിയാ വൺ ഗ്രൂപ്പ് എഡിറ്ററായി ചാനലിനെയും നയിച്ചതും.
ഇപ്പോൾ വീണ്ടും മുഖം മാറ്റത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മീഡിയാ വണ്ണിനെ തേടി കേന്ദ്ര നീക്കമെത്തുന്നത്. അത്യാധുനിക സംവിധാനങ്ങളുമായി വാർത്ത പ്രക്ഷേപണത്തിൽ തരംഗമാവുകയായിരുന്നു മീഡിയാവൺ. കൊച്ചിയിൽ നിന്നും കോഴിക്കോടു നിന്നും അവതാരകരെ ഒരുമിച്ച് എത്തിക്കുന്ന ഡിജിറ്റൽ വിസ്മയം മീഡിയാ വൺ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം മാതൃഭൂമി ന്യൂസിൽ നിന്ന് സ്മൃതി പരുത്തിക്കാടിനെയും മീഡിയാവൺ റാഞ്ചി. നേരത്തെ മീഡിയാ വണ്ണിന്റെ പ്രധാന മുഖമായിരുന്നു അഭിലാഷ് മോഹൻ മാതൃഭൂമി ടിവിയുടെ ഭാഗമായിരുന്നു. ഇതിന് പകരം മാതൃഭൂമി ടിവിയിലെ പ്രധാനമുഖമായ സ്മൃതി പരുത്തിക്കാടിനെ മീഡിയാവൺ എടുത്തത്. സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററുടെ പദവിയാണ് മീഡിയാ വൺ സ്മൃതിക്ക് നൽകിയത്.
നേരത്തെ മീഡിയവൺ എഡിറ്ററായിരുന്നു രാജീവ് ദേവരാജായിരുന്നു ഉണ്ണി ബാലകൃഷ്ണന് പകരമായി മാതൃഭൂമി ന്യൂസിന്റെ തലപ്പത്തേക്ക് എത്തിയത്. രാജീവിന് പകരക്കാനായിട്ട് മീഡിയാവണ്ണിന്റെ എഡിറ്റർ സ്ഥാനത്ത് എത്തിയത്, മനോരമ ന്യൂസിലെ പ്രമോദ് രാമനായിരുന്നു. പ്രമോദിന്റെ നേതത്വത്തിൽ മീഡിയാ വൺ നല്ല രീതിയിൽ പ്രവർത്തിച്ച് വരവെയാണ് കേന്ദ്രവിലക്ക് വരുന്നത്.
അഴിമതിക്കഥകളും ഒപ്പം സാമ്പത്തിക പ്രതിസന്ധിയും
ഇന്ത്യയിൽ ആദ്യമായി മജീദിയ വേജ് ബോർഡ് നടപ്പാക്കി മാതൃക കാട്ടിയ പത്രമായിരുന്നു മാധ്യമം. അതുപ്രകാരം ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനങ്ങളും അനുകൂല്യങ്ങളും ലഭിച്ചു. മാതൃഭൂമിയും മനോരമയും പോലും പിന്നീട് ഇത് അനുകരിക്കേണ്ടിവന്നു. പക്ഷേ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. 2017 മുതലാണ് മാധ്യമത്തിൽ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്. ആദ്യം ശമ്പളം വൈകാൻ തുടങ്ങി. പിന്നെ അത് ഒന്നും രണ്ടും മാസം കുടിശ്ശികയായി. ജീവനക്കാർ സമരത്തിലേക്ക് നീങ്ങി. മജീദിയ വേജ്ബോർഡ് പ്രകാരമുള്ള വ്യവസ്ഥകളിൽ പലതിലും മാനേജ്മെന്റ് വെള്ളം ചേർത്തു. ആനുകുല്യങ്ങൾ വെട്ടിക്കുറുച്ചു. ഒരു വേള ജീവനക്കാർ എഡിറ്റർ അടക്കമുള്ളവരെ തടഞ്ഞുവെക്കുക പോലുമുണ്ടായി. ഇതിനിടെ എഡിറ്റോറിയിലും വൻ മാറ്റങ്ങൾ ഉണ്ടായി. മാധ്യമത്തിന്റെ സെക്കുലർ മുഖം ഇല്ലാതായി. സകലമേഖലയിലും ജമാഅത്ത് അനുഭാവികളെ തിരുകിക്കയറ്റി. ജമാഅത്തെ രൂപീകരിച്ച വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയതോടെ രാഷ്ട്രീയ നിഷ്പക്ഷതയും ആവിയായി. ഒരു മുഖംമൂടിയിട്ട ഇസ്ലാമിക പത്രം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.
മാധ്യമത്തിന്റെ വിവിധ എഡിഷനുകളും ഒന്നൊന്നായി പൂട്ടാൻ തുടങ്ങി. മംഗലാപുരം, മുംബൈ, കണ്ണൂർ, കോട്ടയം, തൃശൂർ എന്നീ യൂണിറ്റുകൾ അടച്ചുപൂട്ടി. താൽക്കാലിക ജീവക്കാർ അടക്കം നിരവധിപേരെ പിരിച്ചുവിട്ടു. മാനേജ്്മെന്റിന്റെ വഞ്ചനക്കെതിരെ ജീവനക്കാർ പരസ്യമായി ബോർഡ് വെച്ച് ഇപ്പോഴും സമരത്തിലാണ്. സത്യം ധർമ്മം നീതിയെന്ന് ആപ്തവാക്യം പറയുന്ന മാധ്യമം മാനേജ്മെന്റ്, ഇപ്പോൾ അടിമുടി മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. മീഡിയാ വണ്ണിലും സമാനമായ പ്രതിസന്ധി ഉണ്ടായിരുന്നു. പ്രോഗ്രാം ചാനൽ പതിയെ ന്യൂസായി മാറിയപ്പോൾ ചെലവ് കൂടി. ഗൾഫിലേത് ഉൾപ്പെടെയുള്ള പല ഓഫീസുകൾ അടച്ചു പൂട്ടി. ഗൾഫ് ചാനൽ നിർത്തുകയും ചെയ്തു. പുതുതായി പ്രഖ്യാപിച്ച ചാനൽ വേണ്ടെന്നു വയ്ക്കുകയും ചെയ്തു.
മീഡിയാവണ്ണിൽ നിരവധി മാധ്യമ പ്രവർത്തകരെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള മാധ്യമ വിഭാഗം പുറത്താക്കിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. മറ്റുചാനലുകളിൽനിന്ന് എത്തിയവർക്കും ജോലി നഷ്ടമായി. ഒരിക്കലും ജോലി പോകില്ലെന്ന ഉറപ്പിൽ എത്തിയവരായിരുന്നു ഇവരെല്ലാം. ചാനൽ ലാഭമല്ലെന്ന് പറഞ്ഞായിരുന്നു ഇടപെടൽ. പക്ഷേ മീഡിയാവണ്ണിൽ ഇപ്പോൾ ശമ്പള പ്രശ്നങ്ങൾ ഇല്ല. കഴിഞ്ഞ ഒരു വർഷമായി റേറ്റിങ്ങിലും മീഡിയാവൺ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷേ മാധ്യമത്തിലെ ശമ്പള പ്രതിസന്ധി ഇതുവരെ പരിഹരിച്ചിട്ടില്ല.
നോട്ടുനിരോധനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ്ങ് നിലച്ചതും അടക്കമുള്ള നിരവധി കാരണങ്ങൾ ഇതിനായി വിമർശകർ പറയുന്നുണ്ട്. ഖത്തർ ഹവാല എന്നാണ് എഴുത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂർ ഇതിനെ വിശേഷിപ്പിക്കാറുള്ളത്. മാധ്യമത്തിന്റെ പത്രാധിപർ അടക്കമുള്ള പ്രമുഖർ അടുത്തകാലം വരെ ഇസ്ലാമിക പ്രവർത്തനങ്ങൾക്കുള്ള ഖത്തർ ഫണ്ടിങ്ങ് കൈപ്പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഇസ്ലാമിക ഗ്രൂപ്പുകൾക്കുള്ള വിദേശ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാർ നിരീക്ഷണം ശക്തമാക്കി. ഇതോടെ ഫണ്ട് വരവ് കുറഞ്ഞു. മാത്രമല്ല കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഗൾഫ് രാജ്യങ്ങളും കരകറിയിട്ടില്ല.
പക്ഷേ മാധ്യമത്തിൽ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയില്ലെന്നും, മിഡിൽ മാനേജ്മെന്റിന്റെ അടക്കം ധൂർത്തും അഴിമതിയുമാണ് പ്രശ്നമെന്നുമാണ്, ഒരു വിഭാഗം ജീവനക്കാർ പറയുന്നത്. അത് കൂടാതെ ഗൾഫ് മാധ്യമത്തിൽനിന്നുള്ള വരുമാനവും വേണ്ട രീതിയിൽ ലഭിക്കുന്നില്ല. മാധ്യമം ദിനപത്രത്തിലെ യൂനിയനുകൾ ഇത് സംബന്ധിച്ച് ജമാഅത്ത് ശൂറക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശൂറ നാലംഗ സമിതിയെ നിയോഗിച്ചു. ഈ സമിതി വിവിധ യൂണിറ്റുകളിലെത്തി പഠനം നടത്തിയതിൽ ഞെട്ടിക്കുന്ന അഴിമതിയാണ് കണ്ടെത്തിയത്.
പുതിയ പ്രസ്് വാങ്ങിയത് മുതൽ സ്ഥലം വാങ്ങിയത് അടക്കമുള്ള കാര്യങ്ങളിൽ ഉണ്ടായ കമ്മീഷൻ ഇടപാടുകളും സമിതി കണ്ടെത്തി. ജമാഅത്ത് നേതാക്കളുടെ ബന്ധുക്കളായ ചിലർ മാധ്യമം, മീഡിയാവൺ തലപ്പത്തുണ്ട്. ഇവരാണ് ഈ അഴിമതിക്ക് കുടപിടിക്കുന്നതെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്. സമിതി റിപ്പോർട്ടിൽ ഇത്തരക്കാരെ പേരെടുത്ത് പറയുന്നുണ്ട്. പക്ഷേ ഈ റിപ്പോർട്ടിൽ ഒരു നടപടിയും ഉണ്ടായില്ല. പക്ഷേ ഇത് ചോർത്തിയെന്ന് പറഞ്ഞ് ശൂറാഅംഗമായ ഖാലിദ് മൂസാ നദ്വി എന്ന നേതാവിനെതിരെ നടപടിയെടുക്കായണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്.
ഇസ്ലാമിക ആർ.എസ്.എസിന്റെ ജിഹ്വകൾ
പിറവി മുതൽ മാധ്യമത്തെയും മീഡിയാവണ്ണിനെയും വിമർശകർ മുൾമുനയിൽ നിർത്താറുള്ളത് അത് ഗോപ്യമായി സൂചിച്ച മൗദൂദിയൻ അജണ്ടയെക്കുറിച്ചായിരുന്നു. എം.എൻ കാരശ്ശേരിയെയും, പ്രൊഫസർ ഹമീദ് ചേന്ദഗംഗല്ലൂരിനെയും പോലുള്ള സാംസ്കാരിക പ്രവർത്തകർ ഈ വിഷയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 'മൗദൂദിസം എന്ന അപകടകരമായ ആശയത്തെ മധുരത്തിൽ പൊതിഞ്ഞ വിഷഗുളികയായി അവതരിപ്പിക്കുകയാണ് മീഡിയാ വണ്ണും മാധ്യമമുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത്. ഫലത്തിൽ ഇത് ഇസ്ലാമിക മതമൗലികവാദത്തിനെതിരെ ശബ്ദിക്കാൻ കഴിയാത്ത വിധം കേരളത്തിലെ സാംസ്കാരിക നായകരെപ്പോലും വിലയ്ക്കെടുത്തു. മീഡിയാവൺ ചാനൽ നിരോധത്തോട് യോജിപ്പില്ലെങ്കിലും, അവർ കേരള സമൂഹത്തിന് ഉണ്ടാക്കിയ പരിക്കുകൾ കാണാതെ പോവരുത്''- ഡോ എം.എൻ കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു.
ഫേസ്‌ബുക്കിലും അതിനിശിതമായ വിമർശനമാണ് ജമാഅത്തെ ഇസ്ലാമിയും അതുവഴി അവരുടെ മാധ്യമങ്ങളും ഏറ്റുവാങ്ങുന്നത്. മുസാഫിർ ആദം മുസ്തഫ എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഇങ്ങനെ കുറിക്കുന്നു.''ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവായ അബുൽ അൽഅ മൗദൂദിയുടെ വാക്കുകൾ നോക്കുക. 'നമ്മുടെ പക്ഷത്തിൽ പ്രസ്തുത മൂന്ന് തത്വവും (ദേശീയത, സെക്കുലറിസം, ജനാധിപത്യം) അബദ്ധ ജടിലങ്ങളാണ്. അബദ്ധ ജടിലങ്ങളെന്ന് മാത്രമല്ല, മനുഷ്യനിന്ന് അടിമപ്പെട്ടു പോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്തവത്തിൽ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയും ഉപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.''- (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം, ഒരു താത്വിക വിശകലനം, ഐപിഎച്ച്, കോഴിക്കോട്, ).
അഖിലേന്ത്യാ മുസ്ലിം ലീഗ് ലാഹോറിൽവച്ച് പാക്കിസ്ഥാൻ പ്രമേയം പാസാക്കിയതിന്റെ തൊട്ടുപിന്നാലെയാണ്, അബുൽ അൽഅ മൗദൂദി 1941ൽ അതേ സ്ഥലത്തുവച്ച് ജമാഅത്തെ ഇസ്ലാമിക്ക് രൂപം കൊടുക്കുന്നത്. ഇസ്ലാമിക ഭരണകൂടം പാക്കിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും നടപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പാക്കിസ്ഥാൻ പിറന്നപ്പോൾ അങ്ങോട്ട് കുടിയേറിയ മൗദൂദി തന്റെ ജമാഅത്തെ ഇസ്ലാമിയെ, ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും പാക്കിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയുമാക്കി.
ആഗോളവത്കരണം, ഉദാരവൽക്കരണം ആശയങ്ങൾക്ക് എതിരാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംഘടന. ഇന്നും അത് തുടർന്നു കൊണ്ടേ ഇരിക്കുന്നു. ഔദ്യോഗികമായി, സംഘടനയുടെ ലക്ഷ്യം 'ഇഖാമത്ത്-ഇ-ദീൻ' എന്ന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാമിക ജീവിതരീതി സ്ഥാപിക്കലാണ്. 1980കളിൽ ജമാഅത്തെ ഇസ്ലാമിയുടെ അനുയായികൾക്ക് അവരുടെ സംഘടന അനുവാദം നൽകിയിരുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ, എത്ര മാത്രം ജനാധിപത്യ വിരുദ്ധമാണ് ഈ സംഘടനയുടെ എന്ന് തിരിച്ചറിയുന്നത്. ഈ സംഘടനയുടെ കേരള ഘടകത്തിന്റെ ഔദോഗിക പത്രമാണ് മാധ്യമം, ഇവരുടെ ഔദോഗിക ചാനൽ ആണ് മീഡിയാ വൺ. ഈ ചാനലിൽ നമ്മൾ പരിപാടികൾ കാണുമ്പോൾ ഇത്രയെങ്കിലും ഇവരെ കുറിച്ച് അറിഞ്ഞിരിക്കണം, ഇവർ ആരുടെ, എന്ത് ആശയം ഉയർത്തിപ്പിടിക്കാനാണ് നിലകൊള്ളുന്നത് എന്ന്. ലോഗോ യുടെ നിറം പച്ചയിൽ നിന്ന് നീല യിലേക്ക് മാറി എന്നതല്ലാതെ, അവരുടെ നിലപാടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ''- മുസാഫിർ ആദം മുസ്തഫ വക്തമാക്കുന്നു.
ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയിൽ അല്ലാതെ മറ്റെവിടെയങ്കിലും ചാനൽ തുടങ്ങാൻ കഴിയുമോ എന്ന് മീഡിയാവണ്ണിന്റെ ഉദ്ഘാടനചടങ്ങിൽ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആന്റണി ചോദിച്ചെന്നതും ഇതോടൊപ്പം ചേർത്താണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. ''ഇത്തരം അപകടകരമായ ആശയങ്ങൾ ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസിനെപ്പോലെ എതിർക്കപ്പെടേണ്ട സംഘടനയാണ്. പക്ഷേ ഹിന്ദുത്വഫാസിസത്തെ വലിയ രീതിയിൽ ആക്രമിക്കുന്ന പലരും, ഗൾഫ് യാത്രകളും, അവാർഡ് സ്വപ്നങ്ങളും, മാധ്യമത്തിൽ എഴുതാനുള്ള അവസരവുമൊക്കെ മുന്നിൽ കണ്ട്, ഇസ്ലാമിക മൗലികവാദത്തോട് സന്ധിചെയ്യുന്നതാണ് കാണുന്നത്. മീഡിയാവണ്ണിന്റെ ചർച്ചയിൽ പങ്കെടുത്താൽ കഴുപ്പമില്ല പക്ഷേ ജനം ടീവിയുടെ ചർച്ചയിൽ പങ്കെടുത്താൻ പ്രശ്നമാണ് എന്ന നിലപാട് ശരിയല്ല'- പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എക്സ് മുസ്ലിം മൂവ്മെന്റിന്റെ അമരക്കാരനുമായ ആരിഫ് ഹുൈസൻ തെരുവത്ത് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
മുസ്ലിം കിഡ്നി മുതൽ 'വിസ്മയം'വരെ
മാധ്യമവും മീഡിയാവണ്ണും നടത്തുന്നത് ശരിക്കുമൊരു ഇന്റ്വലക്്ച്ചൽ ജിഹാദ് ആണെന്നാണ് എഴൂത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നത്. '' ആയുധമെടുത്തുള്ള ഒരു ജിഹാദല്ല ബൗദ്ധിക ജിഹാദാണ് മാധ്യമവും മീഡിയാവണ്ണും പയറ്റാറുള്ളത്. ഇക്കാര്യത്തെക്കുറിച്ച് ഞാൻ നേരത്തെ തന്നെ എഴുതിയിട്ടുണ്ട്. മുസ്ലിം യുവാക്കളിൽ അപരവത്ക്കരണത്വരയും, ഇരവാദവും വളർത്തി അവരെ ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിക്കയാണ് ഇവരുടെ മാധ്യമങ്ങളിലൂടെ ചെയ്യുന്നത്. അടുത്തകാലത്തുണ്ടായ ഗെയിൽ സമരം, ദേശീയപാത വിരുദ്ധ സമരം തുടങ്ങിയവയിലൊക്കെ ഇങ്ങനെ ജമാഅത്തെ ഇസ്ലാമി വളർത്തിയെടുത്ത ചെറുപ്പക്കാരുടെ വൻ സാന്നിധ്യം കാണാം. ഇനി കെ റെയിൽ ആവും ഇവരുടെ ലക്ഷ്യം. ബുദ്ധിയും ബോധവുമുള്ള നല്ല ചെറുപ്പക്കാർപോലും ജമാഅത്ത് പ്രസിദ്ധീകരണങ്ങളുടെ വലയിൽ കുടുങ്ങി അവർ പോലും അറിയാതെ ഇന്റല്വക്ച്ചൽ ജിഹാദിൽ പെട്ടുപോകുന്നുണ്ട്. പക്ഷേ ഇതിനുള്ള പ്രതിവിധി മാധ്യമ നിരോധനമാണെന്നും ഞാൻ കരുതുന്നില്ല''- ഹമീദ് ചേന്ദഗംഗല്ലുർ പറയുന്നു.
അഡ്വ.ജയശങ്കർ നേരെത്ത എഴുതിയരുന്നു. 'തീവ്രവാദത്തിന് തീവെട്ടിപിടിച്ചുകൊടുക്കുയാണ് പലപ്പോഴും ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. നേരിട്ട് വെട്ടാനും കുത്താനും പോയാൽ ജയിലാവുമെന്ന് അവർക്ക് നന്നായി അറിയാം. അപ്പോൾ തങ്ങളുടെ മീഡിയകളിലൂടെ മൗലികാവാദത്തിന് പരോക്ഷ പിന്തുണ നൽകുന്നു''.
മനു്യഷ്യാവകാശ പത്രമാണെന്ന് പറയുമ്പോഴും തുടക്കം മുതൽ മാധ്യമത്തിന്റെ കണ്ടെന്റിൽ വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും വിവാദമായിരുന്നു. 'മുസ്ലിം കിഡ്നി ആവശ്യമുണ്ട്' എന്ന രീതിയിൽ മാധ്യമം പത്രത്തിൽ വന്ന ഒരു പരസ്യത്തെക്കുറിച്ച് സുകുമാർ അഴീക്കോട് അടക്കമുള്ളവർ മുമ്പ് എഴുതിയിട്ടുണ്ട്. അവയവദാനത്തിൽപോലും മതം കണ്ടെത്തുന്ന ആളുകൾ ഉണ്ടെന്നത് കേരളത്തെ ഞെട്ടിച്ചിരുന്നു. ( ഇത് ഒരു പിശകുതന്നെയാന്നെ് മാധ്യമം സമ്മതിച്ചിരുന്നു. ഇത് പരിശോധിക്കുകയും വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു) അതുപോലെ താലിബാനെ വിസ്മയം എന്നു പറഞ്ഞാണ് മാധ്യമം ആദ്യകാലത്ത് വിശേഷിപ്പിച്ചത്. ബോക്കോഹറാം, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പോരാളികൾ എന്ന് വിശേഷിപ്പിച്ചതിനും മാധ്യമം ഒരുപാട് പഴി കേട്ടു. അതുപോലെ ജോസഫ് മാഷിന്റെ കൈവെട്ട് കേസിന് ആധാരമായ ചോദ്യപേപ്പർ വിഷയം പൊലിപ്പിച്ച് റിപ്പോർട്ട് ചെയ്തത്, മദ്നിക്ക് പിന്തുണ നൽകിയത് തുടങ്ങിയ വിവിധ കാര്യങ്ങളിലും മാധ്യമം പ്രതിക്കുട്ടിലാണ്.
മീഡിയാവണ്ണും ഒട്ടും മോശമായിരുന്നില്ല. പൗരത്വഭേദഗതി നിയമ സമരത്തിന്റെ കാലത്തൊക്കെ തീർത്തും ഭീതിജനകമായ വാർത്തകളാണ് ഇവർ പടച്ചുവിട്ടതെന്ന് വിമർശനമുണ്ട്. പൗരത്വം കൊടുക്കാനുള്ള നിയമത്തെ, പൗരത്വം എടുത്തുകളയാനുള്ള നിയമമാണെന്ന രീതിയിൽ നിറം പിടിപ്പിച്ച കഥകൾ ചമക്കുന്നതിൽ മീഡിയാവണ്ണും മുന്നിൽ നിന്നു. അതുപോലെ തന്നെയാണ് ഫലസ്തീൻ വിഷയത്തിലൊക്കെയുള്ള നിലപാടുകൾ. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മലയാളി അടക്കമുള്ളവർ ഇസ്രയേലിൽ മരിച്ച് കിടക്കുമ്പോൾ, ഹമാസിനെ ന്യായീകരിച്ചുകൊണ്ടുള്ള ചർച്ചകളാണ് മീഡിയാവണ്ണിൽ നടന്നത്. അതുപോലെ വാക്സിൻ വിരുദ്ധവാർത്തകൾ ആവർത്തിച്ച് മാധ്യമത്തിലും മീഡിയാവണ്ണിലും വരുന്നതിൽ, ജനകീയാരോഗ്യ പ്രവർത്തകൻ ഡോ കെ.പി അരവിന്ദനെപ്പോലുള്ളവർ ഫേസ്‌ബുക്ക് പോസ്റ്റിട്ട് പ്രതിഷേധിച്ചിരുന്നു.
''ഏറ്റവും ഒടുവിലായി കൊല്ലത്തെ ഒരാൾ കേരളാപൊലീസിലെ സംഘിയെ കണ്ടു എന്ന് പറഞ്ഞ്, പർദയുടെ പേരിൽ പൊലീസ് തടഞ്ഞെന്ന സംഭവം, മൂൻപിൻ ആലോചിക്കാതെ കൊഴുപ്പിക്കയാണ് മീഡിയാവൺ ചെയ്തത്. ആ സംഭവം തന്നെ ഫെയ്ക്കാണെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോൾ സ്റ്റുഡൻസ് പൊലീസ് യൂണിഫോമിനെക്കുറിച്ചും ഇതേ വാദങ്ങൾ നിരത്തുന്നു. സ്ത്രീകളുടെ വിവാഹ പ്രായം 21വയസ്സാക്കി ഉയർത്താൻ ശ്രമിച്ചപ്പോഴും കണ്ടു മീഡിയാവണ്ണിന്റെ തിനിനിറം. ഇങ്ങനെ ഇരവാദവും സ്വത്വഷുഡു വാദവും ഉയർത്തി, മുസ്ലിം ചെറുപ്പക്കാരെ ഒരു പ്രത്യേക രീതിയിൽ പരുവപ്പെടുത്തി എടുക്കാനാണ് ഇവർ ശ്രമിക്കുന്നത്. പക്ഷേ ഇത്തരം വാദങ്ങളെ ചെറുക്കേണ്ടത് നിരോധനത്തിലൂടെയല്ല. ശക്തമായ ആശയ സംവാദം ഉയർത്തിയാണ്'- എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി.ടി മുഹമ്മദ് സാദിഖ് ചൂണ്ടിക്കാട്ടുന്നു.
അതായത് മീഡിയാവൺ ഉയർത്തുന്ന കണ്ടെന്റിനോട് നിശിതമായി വിമർശിക്കുന്നവർ പോലും നിരോധനത്തോട് യോജിക്കുന്നില്ല. നിരോധനം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇനിയും വ്യക്തവുമല്ല.
മീഡിയാവണ്ണിന് പൂട്ട് വീഴുമോ?
ഏറ്റവും വിചിത്രം എന്ത് കാര്യത്തിലാണ് മീഡിയാ വണ്ണിന് വിലക്കുണ്ടായിരിക്കുന്നത് എന്നതിന് ഇനിയും വ്യക്തയില്ല എന്നതാണ്. സുരക്ഷാപ്രശ്നങ്ങൾ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നുണ്ടെങ്കിലും അത് എന്താണെന്ന് വ്യക്തമല്ല.
മീഡിയാവൺ ചാനൽ നിരന്തരമായി കേന്ദ്ര സർക്കാറിനെയും സംഘപരിവാറിനെയും വിമർശിക്കാറുണ്ട്. അതിന്റെ പകപോക്കലാണ് ഇപ്പോൾ കാണുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തുന്ന ആക്ഷേപം. എന്നാൽ ഇത് ഒരു പ്രാദേശിക ചാനൽ മാത്രമല്ലേ എന്നും, മോദി സർക്കാറിനെ നിർത്തിപ്പൊരിക്കുന്ന എത്ര ചാനലുകൾ ദേശീയതലത്തിൽ തന്നെ ഉണ്ടെന്നും, എന്നിട്ടും അവയൊക്കെ നിലനിൽക്കുന്നുണ്ടല്ലോ എന്നുമാണ്, ഇതിന്മറുപടിയായി പരിവാർ അനുഭാവികൾ ചോദിക്കുന്നത്.
ഇത് രണ്ടാം തവണയാണ് മീഡിയവൺ വിലക്ക് നേരിടുന്നത്. 2020 മാർച്ച് 6 മീഡിയാവൺ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനം ഉണ്ടായെന്ന വിലയിരുത്തലിലാണ് നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്. എന്നാൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് പതിനാല് മണിക്കൂറുകൾക്ക് ശേഷ വിലക്ക് നീക്കിയിരുന്നു. തുടർന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് ഏഷ്യാനെറ്റ് സംപ്രേഷണം വീണ്ടും ആരംഭിച്ചത്. എന്നാൽ മീഡിയാവൺ മാപ്പുപറഞ്ഞില്ലെന്നും ഇതിനുള്ള പ്രതികാരണമാണ് ഇപ്പോൾ നടക്കുന്നുതെന്നും ആരോപണമുണ്ട്.
പക്ഷേ വാർത്ത സംബന്ധിയായ കാര്യത്തിനല്ല മീഡിയാവൺ നടപടി നേരിടുന്നതെന്നും അത് അതിന്റെ ചില ഡയറക്ടർമാരുമായി ബന്ധപ്പെട്ട കാര്യമാണെന്നും അഭ്യൂഹങ്ങളുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തീവ്രവാദ വിഷയമാണിതെന്നും ചില സംഘപരിവാർ അനുഭാവികൾ സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സത്യമെന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.
വാൽക്കഷ്ണം: നടൻ ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് വാർത്തകളുടെ പേരിൽ, അഞ്ചുകേസുകളാണ് നമ്മുടെ പിണറായിയുടെ പൊലീസ്, സിപിഎമ്മിന്റെ മുൻ സ്ഥാനാർത്ഥികൂടിയായ നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടീവിക്കെതിരെ എടുത്തിരിക്കുന്നത്. അതിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധം മാത്രമാണ് മാധ്യമലോകത്തുനിന്നുപോലും ഉയരുന്നത്. പിണറായിയുടെ പീഡനം ചക്കര, മോദിയുടെ പീഡനം ക്രൂരത എന്നാണെങ്കിൽ ഒന്നും പറയാനില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ