കൊച്ചി: പ്രിയപ്പെട്ട പ്രേക്ഷകരെ മീഡിയാ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി അംഗീകരിച്ച് സംപ്രേഷണം തൽകാലം നിർത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ നിയമപോരാട്ടം തുടരും. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിക്കും. നീതി പുലരുമെന്ന വിശ്വാസം ആവർത്തിക്കട്ടേ.. പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി.... ഇന്ന് ഉച്ചയ്ക്ക് 11.54ന് മീഡിയാ വണ്ണിൽ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞ വാക്കുകളാണ് ഇത്. ഇതിന് ശേഷം ചാനൽ അപ്രത്യക്ഷമാകുകയും ചെയ്തു. അപ്പീൽ തള്ളിയതിനെ തുടർന്നുള്ള നിരാശ മുഖത്ത് പ്രകടമാക്കിയായിരുന്നു എഡിറ്റർ പ്രമോദ് രാമന്റെ ഈ പ്രഖ്യാപനം.

മീഡിയവൺ ചാനലിന് എതിരെ ഇന്റലിജൻസ് നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സമിതി പരിശോധിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് ക്ലിയറൻസ് നൽകേണ്ടതില്ല എന്നാണ് സമിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ ശുപാർശ. മന്ത്രാലയം ശുപാർശ അംഗീകരിച്ചു. കേന്ദ്ര സർക്കാർ ഹാജരാക്കിയ ഫയലുകൾ പരിശോധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്, മീഡിയ വണ്ണിന് സംപ്രേഷണ അനുമതി നിഷേധിച്ച നടപടി നീതികരിക്കാൻ കഴിയുന്നതാണെന്ന് വിധി എഴുതി. ഇതിന് ശേഷമായിരുന്നു പ്രേക്ഷകരെ ഇക്കാര്യം അറിയിച്ച് സംപ്രേഷണം നിർത്തിയത്. ദിവസങ്ങളായി ലൈസൻസ് ഇല്ലാതെയായിരുന്നു മീഡിയാവൺ പ്രേക്ഷണം. ഹൈക്കോടതിയുടെ ഉത്തരവായിരുന്നു ഈ ഘട്ടത്തിൽ തുണയായിരുന്നത്. എന്നാൽ ഹർജി തള്ളിയതോടെ ആ നിയമപരിരക്ഷയും ഇല്ലാതായി.

ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) അനുസരിച്ച് രാജ്യത്ത് ഏതൊരു പൗരനും മൗലികമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, രാജ്യ സുരക്ഷയെ ബാധിക്കരുതെന്ന് ആർട്ടിക്കിൾ 19 (2) പറയുന്നു. മീഡിയ വൺ ചാനൽ സംപ്രേഷണം ചെയ്ത ഏത് വാർത്തയുടെ ഉള്ളടക്കമാണ് രാജ്യ സുരക്ഷയെ ബാധിക്കുന്നതെന്ന് ബോധ്യപ്പെടുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. ഏതൊരാളെയും, ഏത് മാധ്യമ സ്ഥാപനത്തെയും ദേശസുരക്ഷ മുൻനിർത്തി നിശബ്ദരാക്കാം എന്നാണ് ഈ ഇടപെടൽ വിശദീകരിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ ഡയറക്ടർമാരുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മീഡിയാവണ്ണിന് വിനയാകുന്നത് എന്നാണ് സൂചന. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല.

സംപ്രേഷണ വിലക്കിനെതിരായി മീഡിയാ വൺ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. അതീവ ഗുരുതരമായ കണ്ടെത്തെലുകളാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ കോടതി ശരിവെച്ചു. കേന്ദ്ര ആഭ്യന്ത്യര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ഇല്ല എന്ന കാരണത്താലാണ് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്. ജസ്റ്റിസ് നഗരേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ചാനലിനെതിരായ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നും കോടതി വിലയിരുത്തി. അതേസമയം കോടതി വിധിക്കെതിരെ ചാനൽ അപ്പീൽ നൽകുമെന്ന് മീഡിയ വൺ വ്യക്തമാക്കി. കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവൻ ഫയലുകളും കേന്ദ്ര സർക്കാരിന്റെ അസി. സോളിസിറ്റർ ജനറൽ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറിൽ നല്കിയത് രഹസ്യരേഖകളായതിനാൽ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി നേരത്തെ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ ചാനലിനല്ല അതു നടത്തുന്ന കമ്പനിക്ക് തന്നെ എതിരാണെന്ന് അസി. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഈ സമയത്താണ് ഫയലുകൾ പരിശോധിച്ച് ഇന്ന് വിധി പറയുമെന്നും അതുവരെ ഒരു ദിവസത്തേക്ക് വിലക്കിനുള്ള സ്റ്റേ നീട്ടുകയാണെന്നും ജസ്റ്റിസ് എൻ. നഗരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാധ്യമസ്വാതന്ത്ര്യമെന്നത് കടഞ്ഞാണില്ലാത്ത ഒന്നല്ലെന്നും സുരക്ഷാ കാര്യങ്ങൾ പരിഗണിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കുമെന്നും അസി. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഒരിക്കൽ ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയെന്നതിനാൽ വീണ്ടും ഇക്കാര്യം പുനപരിശോധിക്കരുതെന്നൊന്നുമില്ല. സംപ്രേഷണാനുമതി അപേക്ഷകളിൽ ആഭ്യന്തര മന്ത്രാലയം പത്തു വർഷത്തേക്കാണ് അനുമതി നല്കുന്നത്. പത്തു വർഷം കഴിഞ്ഞ് സ്ഥിതിഗതികൾ മാറാം.

പത്തു വർഷം കഴിഞ്ഞ്, അനുമതി പുതുക്കാനും പുതിയ ലൈസൻസ് നല്കുന്നതിനുള്ള വ്യവസ്ഥകൾ തന്നെയാണ് പാലിക്കേണ്ടത്, അദ്ദേഹം പറഞ്ഞു. 2010 മുതൽ 2020 വരെ തങ്ങൾ പ്രവർത്തിച്ചു, ഒരു പരാതിയും ഉണ്ടായില്ലെന്ന മീഡിയ വണ്ണിന്റെ വാദത്തിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം.