- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയവൺ വിലക്കിനെതിരായ കേസ് വ്യാഴാഴ്ച സുപ്രീംകോടതിയിൽ; രണ്ട് അപ്പീലുകൾ കൂടി ഫയൽ ചെയ്തു; ചാനൽ ഉടമകളോ, ജീവനക്കാരോ ദേശദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ല; ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം ലഭിച്ചിട്ടില്ലെന്നും ഹർജിയിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ മീഡിയവൺ ചാനൽ വിലക്കിനെതിരെ 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്' സമർപ്പിച്ച ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. അതിനിടെ രണ്ട് ഹരജികൾ കൂടി സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, സീനിയർ വെബ് ഡിസൈനർ കെ.പി. ശറഫുദ്ദീൻ, സീനിയർ കാമറാമാൻ കെ.കെ. ബിജു, കേരള പത്ര പ്രവർത്തക യൂണിയൻ എന്നിവരാണ് കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത്.
മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് നിരക്കാത്തതാണ് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും ഉത്തരവുകളെന്ന് അഡ്വ. ആർ.എസ്. ജെന മുഖേന സമർപ്പിച്ച ഹരജിയിൽ മീഡിയവൺ എഡിറ്ററും സീനിയർ വെബ് ഡിസൈനറും സീനിയർ കാമറാമാനും ചേർന്ന് സമർപ്പിച്ച അപ്പീലിൽ ബോധിപ്പിച്ചു.
മീഡിയവൺ ചാനൽ ഉടമകളോ, 320ലേറെ ജീവനക്കാരോ ഒരുഘട്ടത്തിലും ദേശദ്രോഹ പ്രവർത്തത്തനത്തിൽ ഏർപ്പെട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകളിൽ മീഡിയവണ്ണിന് എതിരായ ആരോപണം എന്താണെന്ന് അറിയില്ല. അതിനാൽ തന്നെ ആരോപണങ്ങൾക്ക് മറുപടി പറയാൻ അവസരം ലഭിച്ചിട്ടില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
മീഡിയാവണിനുള്ള വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവുകൾ ജനാധിപത്യത്തിന്റെ അതിജീവനത്തിന് മാധ്യമ സ്വാതന്ത്ര്യം അടിസ്ഥാനപരമാണ് എന്ന സുപ്രീംകോടതി വിധി പ്രകാരം നിലനിൽക്കുന്നതല്ല. ഇത്രയും ലാഘവത്തോടെ ദേശസുരക്ഷാ വാദം സ്വീകരിച്ചാൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അപകടത്തിലാകുമെന്നും ഹരജിയിലുണ്ട്.
അന്യായമായി സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിയിലൂടെ മാധ്യമപ്രവർത്തകർ ഉൾപ്പടെ 320 ഓളം ജീവനക്കാരുടെ തൊഴിൽ നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച അപ്പീലിൽ ബോധിപ്പിച്ചു.
കേരള പത്രപ്രവർത്തകയൂണിയന് വേണ്ടി ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ചാനലിലെ ജീവനക്കാർക്ക് വേണ്ടി എഡിറ്റർ പ്രമോദ് രാമനുമാണ് അപ്പീൽ നൽകിയത്. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളേയും ജീവനക്കാരേയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജികളിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ