- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയ വണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചത് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; വിലക്കിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
ന്യൂഡൽഹി: മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്കിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ലെന്ന് വീണ്ടും കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലത്തിൽ ആവർത്തിച്ചത് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഉന്നയിച്ച വാദങ്ങളാണ്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് കേന്ദ്രം അറിയിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ടായതിനാൽ വിവരങ്ങൾ മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്നും ദേശസുരക്ഷാ വിവരങ്ങൾ മറച്ചുവെക്കാൻ ഇന്ത്യൻ തെളിവ് നിയമ പ്രകാരം സർക്കാരിന് പ്രത്യേക അവകാശമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മീഡിയ വൺ ചാനലിന് സുരക്ഷ ക്ളിയറൻസ് നിഷേധിച്ചതെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകൾ മീഡിയ വണ്ണിന് കൈമാറാനാകില്ല. കൈമാറിയാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിലെ ഡയറക്ടർ വൃന്ദ മനോഹർ ദേശായിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സുരക്ഷ ക്ളിയറൻസ് നിഷേധിക്കാനുള്ള കാരണം ചാനൽ ഉടമകളെ അറിയിക്കേണ്ടതില്ല. ഇത് സർക്കാരിന്റെയും, സർക്കാർ സംവിധാനങ്ങളുടെയും താത്പര്യം കണക്കിലെടുത്തുള്ള നയമാണ്. എന്നാൽ മീഡിയ വണ്ണിന് സംപ്രേഷണ അനുമതി നിഷേധിച്ചതായി ബന്ധപ്പെട്ട ഫയലുകൾ ഹൈക്കോടതിക്ക് മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടാൽ അവ മുദ്രവച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലൈസൻസ് പുതുക്കി ലഭിക്കണമെന്നത് അവകാശമായി ചാനൽ ഉടമകൾക്ക് പറയാൻ കഴിയില്ല. ചട്ടങ്ങളിലുള്ള കാര്യങ്ങൾ പാലിച്ചാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകാൻ കഴിയൂ. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മീഡിയ വൺ ഉടമകൾ നൽകിയ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി ആവശ്യപ്പെട്ടാൽ ഇനിയും വിവരങ്ങൾ സമർപ്പിക്കാമെന്ന് വാർത്താവിതരണ വകുപ്പ് ഡയറക്ടർ അറിയിച്ചു. കേന്ദ്രം മറുപടി നൽകിയത് വേനൽ അവധിക്ക് ശേഷം കോടതി അന്തിമ വാദം നിശ്ചയിച്ചതിനെ തുടർന്നാണ്. കേസിൽ മറുപടി നൽകാൻ കേന്ദ്രം രണ്ട് തവണ സമയം നീട്ടി ചോദിച്ചതിനെ തുടർന്ന് കോടതി സമയം നീട്ടി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ