കൊച്ചി: മീഡിയ വൺ സംപ്രേഷണ വിലക്കിൽ അപ്പീൽ ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി.ഡിവിഷൻ ബെഞ്ച് കേസിൽ വാദം പൂർത്തിയാക്കി. 'മീഡിയവൺ' ചാനലിന്റെ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.

മീഡിയവൺ ചാനലും ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനുമാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഭരണഘടനാ പരമായ പ്രശ്‌നമാണ് മീഡിയവൺ ഉന്നയിച്ചതെന്ന് ചാനലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. മൗലികാവകാശ ലംഘനമാണ് കേന്ദ്രം നടത്തിയതെന്നും ദവെ പറഞ്ഞു. കേന്ദ്ര നടപടികൾ ജുഡീഷ്യൽ പരിശോധനകൾക്ക് വിധേയമാണ്. ദേശസുരക്ഷയുടെ പേരിൽ ജുഡീഷ്യൽ പരിശോധന ഇല്ലാതാക്കരുത്. അഞ്ച് തവണ മുന്നറിയിപ്പ് നോട്ടീസ് നൽകിയതിന് ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ്, ദവെ കോടതിയിൽ പറഞ്ഞു. അതേസമയം, 'മീഡിയവൺ' സംപ്രേഷണം വിലക്കിയ നടപടികളിൽ തെറ്റില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി ഹാജരായി.

ലൈസൻസിന് ആദ്യമായി അപേക്ഷിക്കുമ്പോഴാണ് സുരക്ഷ ക്ലിയറൻസ് നിയമപരമായി അനിവാര്യമായിട്ടുള്ളതെന്ന് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുതുക്കൽ അപേക്ഷ പരിഗണിക്കുമ്പോൾ ക്ലിയറൻസ് ആവശ്യമില്ല. അനുമതിയുമായി ബന്ധപ്പെട്ട ഉപാധികളിലും വ്യവസ്ഥകളിലും തുടർച്ചയായി അഞ്ചു തവണയെങ്കിലും ലംഘനമുണ്ടായാലാണ് അനുമതി പിൻവലിക്കാൻ കഴിയു. ലൈസൻസ് ലഭിച്ചപ്പോൾ സുരക്ഷാ ക്ലിയറൻസ് ലഭിച്ചതാണ്. 10 വർഷത്തിനിടെ ഒരു നിയമവിരുദ്ധപ്രവർത്തനവും നടത്തിയിട്ടില്ലെന്ന് ദുഷ്യന്ത് ദവേ ഹൈക്കോടതിയെ ബോധിപ്പിച്ചു

ചാനലിന്റെ ഏതെങ്കിലും പരിപാടിയിൽ രാജ്യസുരക്ഷ, പൊതുസമാധാനം, സൗഹൃദരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ ബാധിക്കുന്ന വിഷയങ്ങളുണ്ടായാൽ പരിപാടി നിർത്തിവെപ്പിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനുണ്ട്. ഇതിന് പകരം ചാനലിന്റെ തന്നെ അനുമതി റദ്ദാക്കുന്നത് നിയമപരമല്ല. 350ഓളം ജീവനക്കാരുടെ ജീവനമാർഗം ഇല്ലാതാക്കുന്ന ഉത്തരവിട്ടപ്പോൾ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീഡിയവണിന്റെ വിലക്കിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരാക്കാൻ ചൊവ്വാഴ്ച വരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു

മീഡിയ വൺ കോടതിയിൽ ഉന്നയിച്ച പ്രധാന വാദങ്ങൾ

സെപ്റ്റംബറിൽ തീരുന്ന ലൈസൻസിന് മെയിൽ തന്നെ അപേക്ഷിച്ചിരുന്നു. എന്നിട്ടും ഇതുവരെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം കമ്പനിയെ അറിയിച്ചില്ല. ഭരണാഘടനാപരമായ പ്രശ്‌നമാണ് മീഡിയവൺ ഉന്നയിച്ചതെന്നും മൗലികാവകാശ ലംഘനമാണ് കേന്ദ്രം നടത്തിയതെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി.

ചാനലിന്റെ ഉള്ളടക്കത്തിൽ കുഴപ്പമുണ്ടെങ്കിൽ ടെലികാസ്റ്റിങ് നിർത്തലാക്കാം. എന്നാൽ ചാനൽ ആരംഭിച്ച് 10 വർഷത്തിനിടയിൽ അങ്ങനെയൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അഞ്ച് മുന്നറിയിപ്പുകൾ നൽകിയ ശേഷമേ ബ്രോഡ്കാസ്റ്റിങ് റദ്ദാക്കാൻ നിയമമുള്ളൂവെന്നും മീഡിയവണിന് വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ എല്ലാ നടപടികളും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണ്. ദേശസുരക്ഷയുടെ പേരു പറഞ്ഞുകൊണ്ട് മാത്രം ജുഡീഷ്യൽ പരിശോധന ഇല്ലാതാക്കരുത്. ഇന്ത്യൻ എക്സ്‌പ്രസ് കേസിൽ സുപ്രീം കോടതി ഇക്കാര്യം പറഞ്ഞതാണെന്നും മീഡിയവണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി.

ലൈസൻസിന് അപേക്ഷിച്ചിട്ട് ആറ് മാസമായിട്ടും ലൈസൻസ് തരുന്നില്ല. എന്തെങ്കിലും തെറ്റായ നടപടി ചാനലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെങ്കിൽ ഇതിന് മുമ്പുതന്നെ ലൈസൻസ് റദ്ദാക്കാമായിരുന്നില്ലേ...?. അങ്ങനെ ഒരു വാണിംഗും മീഡിയവണിന് കിട്ടിയിട്ടില്ല. പിന്നെന്താണ് ലൈസൻസ് പുതുക്കാൻ തടസ്സം. എന്താണ് ഇന്റലിജൻസ് ഇൻപുട്ടെന്ന് നടപടി നേരിടുന്ന മീഡിയവണിനെ അറിയിച്ചിട്ടില്ല. ദേശീയ സുരക്ഷ എന്തിനും ഉള്ള ലൈസൻസല്ലെന്ന് സുപ്രീം കോടതി പെഗസ്സസ് കേസിൽ വിധിച്ചതാണ്.