ന്യൂഡൽഹി: പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ബി ജി വർഗീസ് (87) അന്തരിച്ചു. ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ലയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മാദ്ധ്യമ ഉപദേഷ്ടാവായിരുന്നു. അടിയന്തിരാവസ്ഥയെ വിമർശിച്ചതോടെ ഇന്ദിരാഗാന്ധിയുടെ എതിരാളിയുമായി. ഇതോടെ ഹിന്ദുസ്ഥാൻ ടൈംസിലെ ജോലിയും നഷ്ടമായി. വികസനോത്മക പത്ര പ്രവർത്തനത്തിന് പുതിയ മാനങ്ങൾ എഴുതിച്ചേർത്ത വ്യക്തിയാണ് ഓർമ്മയാകുന്നത്

ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെയും ഇന്ത്യൻ എക്സ്‌പ്രസ്സിന്റെ പത്രാധിപരായി ജോലിചെയ്തു. അവസാന കാലം വരെ സ്വന്തം പംക്തികളിലൂടെയും പുസ്തക രചനയിലൂടെയും മാദ്ധ്യമരംഗത്ത് സജീവമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇടതുപക്ഷ സംയുക്ത സ്വതന്ത്രനായി അദ്ദേഹം മാവേലിക്കരയിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.

ടൈംസ് ഒഫ് ഇന്ത്യയിൽ 1948ൽ ലേഖകനായി പ്രവേശിച്ചുകൊണ്ടാണ് ബി.ജി. വർഗീസ് പത്രപ്രവർത്തനം തുടങ്ങുന്നത്. 1966 മുതൽ 1969 വരെ ഇന്ദിരാഗാന്ധിയുടെ മാദ്ധ്യമ ഉപദേഷ്ടാവായിരുന്നു. തുടർന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്ററായ അദ്ദേഹം 1975ൽ ജോലി നഷ്ടപ്പെടും വരെ അവിടെ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ എഴുതിയതിനായിരുന്നു ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന് പുറത്തായത്. പിന്നീട് 1982 മുതൽ 1986വരെയാണ് ഇന്ത്യൻ എക്സ്‌പ്രസിന്റെ പത്രാധിപരായി പ്രവർത്തിച്ചത്. 1986 മുതൽ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ അമരക്കാരനാണ്. 1975ൽ പത്രപ്രവർത്തനത്തിനുള്ള മാഗ്‌സസെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

പത്രപ്രവർത്തനത്തിനുള്ള മാഗ്‌സാസെ അവാർഡ് 1975ലാണ് വർഗീസിനെ തേടിയെത്തിയത്. 'കാഞ്ചൻജങ്ക, ഇതാ വരുന്നു ഞങ്ങൾ' എന്ന തലക്കെട്ടിൽ ഹിന്ദുസ്ഥാൻ ടൈംസിൽ അദ്ദേഹമെഴുതിയ മുഖപ്രസംഗം പ്രസിദ്ധമാണ്. 'ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റ്‌നസ് റ്റു മെയ്കിങ് ഓഫ് മോഡേൺ ഇന്ത്യ' ആത്മകഥയാണ്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ജനാധിപത്യത്തിലുണ്ടായ ഇടിവ് പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്.

1926 ജൂൺ 21ന് ബർമ്മയിലായിരുന്നു ബി.ജി. വർഗീസിന്റെ ജനനം.ഡെറാഡൂണിലെ പ്രശസ്തമായ ഡൂൺ സ്‌കൂളിൽ പഠിച്ചു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദാനന്തര ബിരുദം കേംബ്രിഡജിലെ ട്രിനിറ്റി കോളേജിൽ നിന്നായിരുന്നു. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റിവിന്റെ അദ്ധ്യക്ഷനായ വർഗീസ് നിരവധി സന്നദ്ധ സംഘടനകളുടെ ഉപദേശകനായിരുന്നു. കാർഗിൽ റിവ്യൂ കമ്മിറ്റിയിലെ അംഗമെന്ന നിലയിൽ പാർലമെന്റിന് കാർഗിൽ പോരാട്ടത്തെക്കുറിച്ച് റിപ്പോർട്ട് നൽകി. 2002ൽ ഗുജറാത്ത് കലാപത്തിനുശേഷം എഡിറ്റേഴ്‌സ് ഗിൽഡ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഗുജറാത്ത് വസ്തുതാ നിർണയസമിതിയിൽ അംഗമായിരുന്നു.

ബ്രേക്കിങ് ദി ബിഗ് സ്റ്റോറി: ഗ്രേറ്റ് മൊമെന്റസ് ഇൻ ഇന്ത്യൻ ജേർണലിസം, വാട്ടേഴ്‌സ് ഒഫ് ഹോപ്, വാരിയർ ഒഫ് ദ ഫോർത്ത് എസ്റ്റേറ്റ്, വിന്നിങ് ദ ഫ്യൂച്ചർ, റീ ഓറിയന്റിങ് ഇന്ത്യ, ഹാർമണയ്‌സിങ് ദി ഈസ്റ്റേൺ ഹിമാലയൻ റിവേഴസ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഡിസൈൻ ഫോർ ടുമോറോ തുടങ്ങി നിരവധി ശ്രദ്ധേയമായ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രമുഖനായിരുന്ന രാംനാഥ് ഗൊയങ്കയുടെ ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.