- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്കുമാവാം കോടീശ്വരൻ! ഈ ലേഖനത്തിലെ വസ്തുതകൾ ശരിയെന്ന് തെളിയിച്ചാൽ ഒരുകോടി രൂപ; 'എന്തുകൊണ്ട് രവിചന്ദ്രൻ സി വിമർശിക്കപ്പെടണം' എന്ന ലേഖനത്തിൽ അടിമുടി തെറ്റ്; ട്രൂ കോപ്പി വെബ് മാഗസിനെയും, ഇടത് ചിന്തകൻ കെ ജയദേവനെയും വെല്ലുവിളിച്ച് മാധ്യമ പ്രവർത്തകൻ
കൊച്ചി: കഴിഞ്ഞ പത്തുവർഷത്തിലേറെയായി കേരളത്തിന്റെ സാമൂഹിക സാംസ്്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് സ്വതന്ത്രചിന്തകനും, എഴുത്തുകാരനും, പ്രാസംഗികനുമായ സി രവിചന്ദ്രൻ. സാധാരണ യുക്തിവാദികളിൽ നിന്ന് ഭിന്നമായി, ഹിന്ദുത്വ വിമർശനത്തിൽ ഒതുങ്ങി നിൽക്കാതെ ഇസ്ലാമിനെയും കമ്യൂണിസത്തെയും ഒരുപോലെ വിമർശിക്കുന്ന രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറൽ ആവാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ വ്യക്തിഹത്യയുമായി സൈബർ സഖാക്കളും ഇസ്ലാമിസ്റ്റുകളും പലപ്പോഴും രംഗത്ത് എത്താറുണ്ട്.
ട്രൂകോപ്പി എന്ന ഓൺലൈൻ മാഗസിനിലൂടെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനായ കെ ജയദേവൻ എഴുതിയ 'എന്തുകൊണ്ട് രവിചന്ദ്രൻ സി വിമർശിക്കപ്പെടുന്നു'വെന്ന ലേഖനമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. ലേഖനത്തിൽ പലയിടത്തും പച്ച നുണകളാണ് ജയദേവൻ തട്ടിവിടുന്നത് എന്നാണ് മാധ്യമ പ്രവർത്തകനും, സ്വതന്ത്ര ചിന്തകനുമായ എം റിജു ചൂണ്ടിക്കാട്ടുന്നത്. രവിചന്ദ്രൻ ഒരിക്കലും പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ മേൽ ജയദേവൻ ആരോപിക്കയാണെന്നും, ഇത് തെളിയിച്ചാൽ ഒരു കോടി രൂപ തരാമെന്നുമാണ് റിജു ഫേസ്‌ബുക്കിലൂടെ വെല്ലുവിളിക്കുന്നത്. പോസ്റ്റിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ജയദേവനോ, ട്രൂകോപ്പിയോ ഇത്തരം വസ്തുതാവിരുദ്ധമായ പോസ്റ്റുകൾക്കെതിരെ പ്രതികരിച്ചിട്ടില്ല.
എം റിജുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
ഇത് പച്ചക്കള്ളം; ഞാൻ ട്രൂകോപ്പിയെയും ജയദേവനെയും ഒരുകോടി രൂപക്ക് വെല്ലുവിളിക്കുന്നു!
എന്തുകൊണ്ട് രവിചന്ദ്രൻ സി വിമർശിക്കപ്പെടണം എന്ന പേരിൽ ട്രൂകോപ്പി മാഗസിനിൽ വന്ന ഒരു ലേഖനം ചില സുഹൃത്തുക്കൾ എന്റെ ശ്രദ്ധയിൽപെടുത്തി. വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പച്ചക്കള്ളങ്ങൾ നിരുത്തുന്ന ഈ ലേഖനം കമൽറാം സജീവിനെപ്പോലെ ഒരാൾ എഡിറ്ററായി ഇരിക്കുന്ന പത്രത്തിൽ എങ്ങനെവന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. ഈ ലേഖനത്തിൽ കല്ലൂവെച്ച നുണകളാണ് ജയദേവൻ എഴുതുന്നത്.
ഒരു നുണ നോക്കുക. 'പൗരത്വ ഭേദഗതിയുടെ കാര്യം വന്നാൽ, അതിൽ മതത്തിന്റെ അംശം തീരെയില്ല എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമേതുമില്ല.''- രവിചന്ദ്രൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. മറിച്ച് തെളിയിച്ചാൽ ട്രൂകോപ്പിക്കും ജയദേവനും ഞാൻ ഒരു കോടി രൂപതരാം. ഒരു കാര്യം പറയുന്നതിന് മുമ്പ് ബേസിക്കായി എന്തെങ്കിലും പഠിക്കേണ്ടെ ജയദേവൻ സാറെ. പൗരത്വഭേദഗതി നിയമത്തിന് എതിരായാണ് സി രവിചന്ദ്രൻ നിലപാട് എടുത്തത്. അതിൽ ഒരു മുസ്ലിം ഫിൽട്ടർ ഉണ്ടെന്നും അതുകൊണ്ട് താൻ സി.എ.എയെ അനുകൂലിക്കുന്നില്ല എന്നുമാണ് അദ്ദേഹം പ്രസംഗിച്ചതും പോസ്റ്റിട്ടതും. സംശയമുള്ളവർ 'പൗരന്റെ പിറവി' എന്ന അദ്ദേഹത്തിന്റെ വീഡിയോ നോക്കുക.
മതത്തിന്റെ പേരിൽ ഒരു ആനുകൂല്യം കൊടുക്കുന്നത് പോലെ തന്നെയാണ്, എന്തെങ്കിലും ആനുകൂല്യം നിഷേധിക്കുന്നതും എന്നാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും നിലപാട്. എന്നിട്ടാണ് ജയദേവൻ ഈ നട്ടാൽ മുളയ്ക്കാത്ത നുണ പറയുന്നത്. പിന്നെ ഇവരൊന്നും പറയാത്ത ഒരു കാര്യം കൂടി രവിചന്ദ്രൻ പറഞ്ഞു. സി.എ.എ എന്നത് പൗരത്വം കൊടുക്കാനുള്ള നിയമമാണ്. പൗരത്വം എടുത്തുകളയാൻ ഉള്ളതല്ല. ഈ നിയമംമൂലം കേരളത്തിലടക്കമുള്ള ഒരാളെയും നാടുകടത്താനൊന്നും കഴിയില്ല. ജയദേവൻ സാറെ, ഇപ്പോൾ എത്ര മുസ്ലീങ്ങളെ മോദി പാക്കിസ്ഥാനിലേക്ക് നാടുകടത്തി. എന്തിനായിരുന്നു അങ്ങനെ പ്രചരിപ്പിച്ചുകൊണ്ടുള്ള കുത്തിത്തിരിപ്പ്.
ജയദേവന്റെ അടുത്ത നുണ നോക്കുക. 'സമ്പത്തിനും, ദാരിദ്ര്യത്തിനുമിടയിൽ നിന്നുകൊണ്ട്, 'അർഹതയുള്ളവരേ അതിജീവിക്കൂ' എന്ന ഡാർവിൻ വചനം ഉദ്ധരിച്ച്, ഭീകരമായ ആ സാമൂഹ്യ വൈരുദ്ധ്യത്തെ ന്യായീകരിക്കുകയാണ് രവിചന്ദ്രൻ സി. ചെയ്യുന്നത്.''- ഇങ്ങനെ രവിചന്ദ്രൻ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഞാൻ ജയദേവനും ട്രൂകോപ്പിക്കും ഒരുകോടി രുപ കൂടി കൊടുക്കാം. വെല്ലുവിളിക്ക് തയ്യാറുണ്ടോ. തിരിച്ചാണ് രവിചന്ദ്രൻ പറഞ്ഞത്. എന്തൊരു കള്ളമാണ് ഈ ടീമുകൾ പ്രചരിപ്പിക്കുന്നത്.
'അർഹതയുള്ളവരേ അതിജീവിക്കൂ' എന്ന ഡാർവിൻ സിദ്ധാന്തം വളച്ചൊടിച്ച് ചിലർ ദുർബലരും ചിലർ ശക്തിമാന്മാരും ആണെന്ന് പറയുന്നത് തെറ്റാണെന്നാണ് രവിചന്ദ്രൻ പ്രസംഗിക്കാറുള്ളത്. 'അർഹതയുള്ളവരുടെ അതിജീവനം' എന്ന വാക്കുതന്നെ തെറ്റായ തർജ്ജമയാണെന്ന് എത്രയോ പ്രസംഗങ്ങളിൽ രവിചന്ദ്രൻ പറഞ്ഞിട്ടുണ്ട്. അതാത് സാഹചര്യത്തിന് അനുകുലമായത് എന്നതാണ് അതിന്റെ അർഥം. ഒരു ട്രെയിനിന്റെ ബോഗിയിൽ യാത്രചെയ്യുന്ന നീന്തൽക്കാർ ട്രെയിൻ അപകടത്തിൽപെട്ടപ്പോൾ മുങ്ങിമരിച്ചതും, കിളിവാതിലിലുടെ തെറിച്ചുപോയ ഒരു പിഞ്ചുകുഞ്ഞ് മാത്രം അതിജീവിച്ചതുമായ ഉദാഹരണം, മിക്ക പരിണാമ ക്ലാസുകളിലും രവിചന്ദ്രൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ഇവിടെ ബലവാനാണോ അതീജീവിച്ചത്. ഒരു കുഞ്ഞാണ് ആ സാഹചര്യത്തിന് ഫിറ്റായത്. അതാണ് ഡാർവിൻ പറഞ്ഞത്. അല്ലാതെ സർവൈവൽ ഓഫ് ഫിറ്റസ്റ്റ് എന്നാൽ അർഹതയുള്ളവരുടെ അതിജീവനമല്ല. ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനമാണ്. ദിനോസർ മണ്ണിടഞ്ഞ നാട്ടിൽ ഉറുമ്പുകൾ അതിജീവിക്കുന്നപോലെ. ഇതാണ് സാർ വർഷങ്ങളായി രവിചന്ദ്രൻ പറയാറുള്ളത്! കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന് പരിണാമത്തെക്കുറിച്ച് ക്ലാസെടുത്ത വ്യക്തിയെയാണ് ജയദേവൻ ഈ രീതിയിൽ അപമാനിക്കുന്നത്. ഒരാൾ വർഷങ്ങളായി പ്രചരിപ്പിക്കുന്നതിന്റെ നേർ വിപരീതം അയാളെക്കുറിച്ച് എഴുതിവിടുക. അടികൊടുക്കേണ്ട കേസ് എന്നാണ് ഇതിന് മലബാറിൽ പറയുക. ഇതുപോലെ നിറയെ സ്‌ട്രോമാൻ ആർഗ്യൂമെന്റിന്റെ ആറാട്ടാണ് ഈ ലേഖനം. വിശദമായി പിന്നെ പോസ്റ്റിടാം.
ലേഖനം മൊത്തം വായിച്ചപ്പോൾ ചിരിച്ചുപോയി. അഴകിയ രാവണൻ എന്ന സിനിമയുടെ തിരക്കഥ കേട്ടപ്പോൾ മമ്മൂട്ടിക്ക് ചെറിയ അസ്വസ്ഥതയുണ്ടായെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞത് ഓർമ്മയുണ്ട്. കാരണം മമ്മൂട്ടിയെപ്പോലുള്ള ആളുകൾക്ക് ചിലപ്പോഴുള്ള സ്വഭാവത്തെയാണ് ആ കഥാപാത്രം പരോക്ഷമായി കളിയാക്കുന്നത്. അതുപോലെ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് വാദവും, വ്യാജ മുതലാളിത്തവാദത്തെതും, വൺസൈഡ് നവോത്ഥാനത്തെയുമൊക്കെ രവിചന്ദ്രൻ വിമർശിക്കുമ്പോൾ ജയദേവന് തോന്നുകയാണ് ഇത് എന്നെയാണ് ഉദ്ദേശിച്ചത്, എന്നെ മാത്രമാണ് എന്ന്.
ഒത്തിരി നുണ, കുറച്ച് പുറം ചൊറി. കുറച്ച് പച്ചക്കള്ളം. വല്ലവനും എഴുതിവിടുന്നത് ജസ്റ്റ് ഒന്ന് സേർച്ച് ചെയ്തുനോക്കാൻ ട്രൂകോപ്പിയിൽ ആരുമില്ലേ. രവിചന്ദ്രൻ വിമർശനത്തിന് അതീതനല്ല. പക്ഷേ അത് അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളുടെ നേർ വിപരീതം ആരോപിച്ചുകൊണ്ട്, കളവ് പ്രചരിപ്പിച്ചുകൊണ്ട് ആകരുത് അത്. അന്തസുണ്ടെങ്കിൽ ( ഒരു ഫ്‌ളോയ്ക്ക് എഴുതിപ്പോയതാണേ. അന്തസ് എന്നത് ഒരു സവർണ്ണ പദമാണെന്നും അതുകൊണ്ട് ഞാൻ ഒരു ദലിത് വിരോധിയാണെന്നും സ്ഥാപിക്കരുതേ, ജയദേവൻ സാറെ!) ജയദേവനും ട്രൂകോപ്പിയും എന്റെ ഒരുകോടിയുടെ വെല്ലുവിളി സ്വകീരിക്കണം.
ഫേസ്‌ബുക്കിൽ ട്രൂ കോപ്പിയുടെ ആ വാർത്തക്കുതാഴെ എ.കെ രഞ്ജിത്ത് എഴുതിയ ഒരു കമന്റ് നോക്കുക. 'സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ജയദേവന് രവിചന്ദ്രനെ എതിർക്കാൻ പ്രധാന കാരണങ്ങൾ വേറെയുണ്ട്. ഹിന്ദു തീവ്രവാദത്തെ തള്ളി പറയുന്ന അതേ രീതിയിലും അളവിലും , ഒരു പക്ഷേ അതിനേക്കാൾ അധികം ഇസ്ലാമിക ഭീകരവാദത്തെ രവിചന്ദ്രൻ വിമർശിക്കുകയും തുറന്ന് കാട്ടുകയും ചെയ്യുന്നുണ്ട്. അതും പോരാഞ്ഞ് കമ്മ്യൂണിസ്റ്റ് മതത്തിന്റെ വിത്തും വേരും ചികഞ്ഞ് വസ്തുതാപരമായി അതിനെ വിമർശിക്കാൻ അദ്ദേഹം മടി കാണിക്കാറില്ല. ഇത് രണ്ടും കേരളത്തിലെ പ്രീണന തീവ്രവാദ രാഷ്ട്രീയത്തിന് ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ല. സിമ്പിൾ''.അതാണോ കാര്യം. പാച്ചിസം തുലയട്ടെ, ഹൈന്ദവം മാത്രം.
എൻ.ബി: ഞങ്ങളെയൊക്കെ പ്രൊഫഷണൽ എത്തിക്‌സ് പഠിച്ചിച്ച ജേർണലിസ്റ്റാണ് ട്രൂ കോപ്പിയുടെ എഡിറ്റർ കമൽറാം സജീവ്. ഇത്രയും വസ്തുതാവിരുദ്ധമായ ലേഖനം അദ്ദേഹം എഡിറ്ററായ പത്രത്തിൽ എങ്ങനെ അടിച്ചുവന്നു എന്ന് അറിയാനും എനിക്ക് താൽപ്പര്യമുണ്ട്. എല്ലാവാർത്തകളും ലേഖനങ്ങളും ഒരു എഡിറ്റർക്ക് കാണാൻ കഴിയില്ല എന്ന പ്രൊഫഷണൽ കാര്യം മറിച്ചുവെച്ചുകൊണ്ടല്ല ഇത് എഴുതുന്നത്. രവിചന്ദ്രന് അബദ്ധം പറ്റിയാൽ നിരുപാധികം തിരുത്തും. ചെങ്കിസ്ഖാൻ ഉദാഹരണം. പക്ഷേ ജയദേവനും ട്രൂകോപ്പിയും പറ്റിയ അബദ്ധങ്ങൾ തിരുത്തുമോ. അപവാദം പരത്തിയല്ല, ആശയപരമായി ഖണ്ഡിക്കയാണ് വേണ്ടത്.
മറുനാടന് ഡെസ്ക്