കൊച്ചി: ഉണ്ണിമുകുന്ദൻ നായകനായ ചാണക്യതന്ത്രത്തിന്റെ സെറ്റിൽ ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. ഉണ്ണിമുകുന്ദന് എതിരെ യുവതി മാനഭംഗ പരാതി നൽകുകയും യുവതിക്കെതിരെ തിരിച്ച് നടൻ പരാതി നൽകുകയും ചെയ്ത സംഭവം വലിയ ചർച്ചയായി മാറിയതിന് പിന്നാലെയാണ് ഇന്ന് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായത്.

മട്ടാഞ്ചേരിക്ക് സമീപം കരുവേലിപ്പടിയിലെ സിനിമാ ചിത്രീകരണ സെറ്റിലാണ് സംഭവം അരങ്ങേറിയത്. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നതോടെയാണ് അതിനെതിരെ സെറ്റിൽ ഒരുവിഭാഗം രംഗത്തെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മാതൃഭൂമി ചാനലിന്റെ കാമറമാനെ പിടിച്ചുവച്ച് ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞു.

മമ്മൂട്ടി നായകനായ മാസ്റ്റർപീസ് എന്ന ചിത്രത്തിന്റെ വിജയാഘോഷം ഇന്ന് ഉണ്ണിമുകുന്ദന്റെ സെറ്റിൽ നടന്നിരുന്നു. ആഘോഷങ്ങൾക്ക് മാധ്യമപ്രവർത്തകർക്കും ക്ഷണമുണ്ടായിരുന്നു. ആഘോഷങ്ങൾക്ക് ശേഷം ഉണ്ണിമുകുന്ദനുമായി സിനിമാ വിഷയങ്ങളിൽ ചോദ്യങ്ങളും ഉയർന്നു.

ഇതിനിടെയാണ് യുവതിയുടെ പീഡന പരാതിയുമായി ബന്ധപ്പെട്ടും ചോദ്യം ഉയർന്നത്. ഇതോടെ സിനിമാ സെറ്റിലുണ്ടായിരുന്ന ചിലർ മാധ്യമ പ്രവർത്തകർക്ക് എതിരെ തിരിയുകയായിരുന്നു. അത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന് വിലക്കിയതോടെ പ്രശ്‌നം വഷളായി. ഇതിനിടെ ചിലർ ബലം പ്രയോഗിച്ച് മാധ്യമപ്രവർത്തകരെ കയ്യേറ്റംചെയ്തു.

സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഉൾപ്പടെയുള്ള സെറ്റിലെ അംഗങ്ങൾ മാധ്യമപ്രവർത്തകരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ചാനൽ കാമറാമാൻ ചിത്രീകരിച്ച ദൃശ്യങ്ങൾ ബലംപ്രയോഗിച്ച് മായ്ച്ചുകളയുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

തിരക്കഥ പറയാൻ ചെന്ന തന്നോട് വളരെ മോശമായി ഉണ്ണിമുകുന്ദൻ പെരുമാറിയെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നുമുള്ള പരാതിയാണ് ഒറ്റപ്പാലം സ്വദേശിനിയായ യുവതിയുടേത്. എന്നാൽ യുവതിയും അഭിഭാഷകനും ചേർന്ന് തന്നെ ബ്‌ളാക്ക്‌മെയ്ൽ ചെയ്യാൻ ശ്രമിക്കുന്നു എന്നുകാട്ടി ഉണ്ണിമുകുന്ദനും പൊലീസിൽ പരാതി നൽകിയിരുന്നു. ചേരാമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഉണ്ണി മുകുന്ദൻ തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്ന് കാണിച്ച് താൻ നാല് മാസം മുമ്പ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്ന് ആണ് യുവതി വെളിപ്പെടുത്തിയിരുന്നത്. ഉണ്ണി മുകുന്ദൻ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നൽകിയതെന്നും യുവതി ആക്ഷേപിച്ചിരുന്നു.

അതേസമയം പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ചെന്നാണ് ഉണ്ണിമുകുന്ദന്റെ പരാതി. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉണ്ണിമുകുന്ദൻ നൽകിയ പരാതി പിന്നീട് ചേരാനെല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു. ഉണ്ണിമുകുന്ദന്റെ പരാതിയിൽ ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഐപിസി 385, 506 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്.