മാദ്ധ്യമങ്ങൾ ജഡ്ജിമാരെ പോലെ പൊതു ജനങ്ങളെ വിചാരണ ചെയ്യുമ്പോഴും സ്വയം വിമർശനത്തിനു പോലും വഴങ്ങാതെ മാറി നിൽക്കുന്നതായാണ് ആരോപണം. ചെറിയ വിമർശനങ്ങളെ പോലും അനിഷ്ടത്തോടെ അവർ നേരിടും. മാദ്ധ്യമങ്ങളുടെ ഈ സമീപനം മൂലം അനേകം നിരപരാധികൾ വെട്ടയാടപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. വേട്ടയാടപ്പെടുന്നവർക്ക് ശബ്ദിക്കാൻ പോലും അവസരമില്ല, കേരളത്തിലെ മാദ്ധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ. ജോൺസൺ മനയാനി നടത്തുന്ന ഒരു മാദ്ധ്യമ വിചാരണയാണ് ഇന്നു മുതൽ പ്രസിദ്ധീകരിക്കുന്നത്. ആദ്യ ലേഖനത്തിൽ ഇങ്ങനെ ഒരു പരമ്പര എഴുതാൻ ഉണ്ടായ കാരണവും എന്താണ് ഇതിൽ പരാമർശിക്കുന്നത് എന്നുമാണ് വ്യക്തമാക്കുന്നത് - എഡിറ്റർ.

മാദ്ധ്യമസ്വാതന്ത്ര്യമല്ല, പൗരാവകാശങ്ങളാണ് വലുത്

നങ്ങളുടെ മുൻപിൽ ഫയൽ ചെയ്യുന്ന ഒരു പൊതുതാൽപര്യഹർജിയാണിത്. ഈ കേസിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്. ഈ ഹർജിയിൽ എന്റെ സ്വന്തം വാചകങ്ങൾ/അഭിപ്രായങ്ങൾ വളരെ പരിമിതമാണ്. ഈ ഹർജിയിലെ എതിർകക്ഷിയായ മാദ്ധ്യമങ്ങൾക്കെതിരെയും മാദ്ധ്യമപ്രവർത്തകർക്കെതിരെയും മാദ്ധ്യമ അഭിഭാഷകർക്കെതിരെയും രേഖപ്പെടുത്തിയിരിക്കുന്ന സകല ലേഖനങ്ങളും വാർത്തകളും മാദ്ധ്യമപ്രവർത്തകരോ മാദ്ധ്യമ സുഹൃത്തുക്കളോ എഴുതിയതാണ്. ഞാനതൊന്നു ക്രോഡീകരിച്ചെന്നുമാത്രം. കോപ്പി റൈറ്റ് പറഞ്ഞ് ആരും കേസിനു പോകേണ്ടതില്ല. കാരണം ജനകീയ പൊതുതാൽപര്യ ഹർജിയിലെ അനുബന്ധങ്ങൾ (EXHIBITS) മാത്രമാണിവ. ഒഴുക്കിനെതിരെയുള്ള നീന്തലാണിത്. ഏറെ പ്രതിബന്ധങ്ങളുണ്ടായാലും നീന്തി വിജയിച്ചേ പറ്റൂ. അല്ലെങ്കിൽ അപകടത്തിലാകുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യമായിരിക്കും. അഭിഭാഷകരും മാദ്ധ്യമസുഹൃത്തുക്കളും ഇതു മനസ്സിലാക്കണം. യാതൊരു അടിസ്ഥാനവുമില്ലാതെ എന്തും വിളിച്ചുപറയാനുള്ളതല്ല മാദ്ധ്യമസ്വാതന്ത്ര്യം. വേണമെങ്കിൽ അതും അംഗീകരിക്കാം. എന്നാൽ മാദ്ധ്യമങ്ങൾ വാർത്താചാനലുകളിലൂടെ ഇരയാക്കുന്നവർക്കും ആക്രമിക്കുന്നവർക്കും പറയാനുള്ളതുകൂടി അതേ ചാനലിൽ അതേസമയത്ത് അതേ ദൈർഘ്യത്തോടുകൂടി പറയാനുള്ള അവസരം ജനങ്ങൾക്കു ലഭിക്കണം. പ്രിന്റ് മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഉണ്ടെങ്കിൽ ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ സൈബർ നിയമമുണ്ടെങ്കിൽ വാർത്താചാനലുകളെ ഒന്നെങ്കിൽ പ്രസ് കൗൺസിൽ നിയന്ത്രിക്കണം. അല്ലെങ്കിൽ അവരെ സൈബർ നിയമങ്ങൾക്കു കീഴിലാക്കണം. ആരെങ്കിലും ഇതു ചൂണ്ടിക്കാണിക്കണമല്ലോ?

കോടതി വാർത്തകൾ റിപ്പോർട്ടുചെയ്യുന്നതിന് നിയന്ത്രണം വേണമെന്നല്ല, കോടതി വാർത്തകൾ റിപ്പോർട്ടുചെയ്യുന്നവർക്ക് അടിസ്ഥാനയോഗ്യതകൾ വേണമെന്നായിരുന്നു സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ (പാലാ) ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയിൽ ഞാൻ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിൽ അത്തരം മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട്.

ഹൈക്കോടതി വിധികൾ റിപ്പോർട്ടുചെയ്യുന്നതിലും നിബന്ധനകളുണ്ടാകണം. വിധികൾ അടിച്ചു കക്ഷികൾക്കു നൽകുന്നതിനോടൊപ്പമായിരിക്കണം അത് പത്രപ്രവർത്തകർക്കു ലഭിക്കേണ്ടത്.അതിന്റെ ഒരു സോഫ്റ്റ് കോപ്പി ഹൈക്കോടതി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യണം. അപ്പോൾ ആർക്കു വേണമെങ്കിലും പഠിക്കാം. എന്നിട്ടാകണം കോടതി വിധികളെപ്പറ്റിയുള്ള വാർത്താചാനൽ മാദ്ധ്യമ വിചാരണ. അങ്ങനെവരുമ്പോൾ ആർക്കുവേണമെങ്കിലും രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാം.

വലിയ പ്രശ്നങ്ങൾക്കു ചെറിയ നിർദ്ദേശങ്ങൾമാത്രം. പൊതുസമൂഹം ചർച്ചചെയ്യട്ടെ. യഥാർത്ഥ ജനകീയ വിഷയങ്ങളിൽ ഒരിക്കലും മാദ്ധ്യമവിചാരണ നടക്കാറില്ല എന്നുകൂടി നാം മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഒരു വർഷം മാദ്ധ്യമങ്ങൾ കോടതി വാർത്തകൾ റിപ്പോർട്ടുചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല. പബ്ലിസിറ്റിക്കുവേണ്ടിയല്ല നിരവധി അഭിഭാഷകർ പൊതുതാൽപര്യവിഷയങ്ങൾ ഏറ്റെടുക്കുന്നത്. പബ്ലിസിറ്റി ആഗ്രഹിക്കാത്ത പൊതുതാൽപര്യ വ്യവഹാരസംഘടനകൾ (Public Intertse Non Gov--ernmental Organizations) ആണ് ജനകീയ വിഷയങ്ങൾ കോടതികൾക്കു മുൻപിൽ കൊണ്ടുവരുന്നത്. അവരൊരിക്കലും കോടതിവിധികളുമായി പത്ര/ന്യൂസ് ചാനൽ ഓഫീസുകൾ കയറിയിറങ്ങാറില്ല. ഏറെ ജനങ്ങളെ-അവരുടെ ദൈനംദിന ജീവിതത്തിൽ അത്തരം വിധികൾ സ്വാധീനിക്കുമ്പോൾ-അതു വാർത്തയാകുന്നു. കേരളത്തിലെ അറിയപ്പെടുന്ന, കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന, പൊതുതാൽപര്യ എൻജിഓ (NGO) ആയ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെ അടിസ്ഥാന പ്രവർത്തനശൈലിതന്നെ അവരുടെ ഭാരവാഹികളുടെ പേര് പ്രസിദ്ധീകരിക്കരുതെന്നാണ്. വ്യക്തിയല്ല സ്ഥാപനമാണ്-അതിന്റെ നയങ്ങളാണ് പ്രധാനം എന്നായിരുന്നു അവരുടെ നിലപാട്. വാർത്താചാനലുകളിൽ ഒഴിവാക്കാനാവാതെ വന്നപ്പോഴായിരുന്നു ഭാരവാഹികളുടെ പേര് പുറത്തുവന്നത്.

കേരള ഹൈക്കോടതിയിൽ അതീവ ഗൗരവത്തോടെ 1999-ൽ വാദിക്കപ്പെട്ട പട്ടയ കേസ് (Nature Lovers Movement V/S State of Kerala) (7-10-1999) ആണ് സത്യത്തിൽ പൊതുതാൽപര്യഹർജികളുടെ പ്രസക്തിതന്നെ തലനാരിഴ കീറി പരിശോധിച്ച കേസ്. ആ കേസിൽ ഇടുക്കിയിലെ കർഷകർക്കുവേണ്ടി കേരളാ കോൺഗ്രസ് നിർദ്ദേശാനുസരണം കേസ് വാദിച്ചതു ഞാനായിരുന്നു. എനിക്കേറെ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസായിരുന്നു. പക്ഷേ, ജനപക്ഷം ജയിച്ചു. പിന്നീട് വാദിച്ച നിരവധി പൊതുതാൽപര്യക്കേസുകളിൽ ജനപക്ഷം ജയിച്ചപ്പോൾ സാമ്പത്തികമായി എനിക്കു നഷ്ടമുണ്ടായി. എന്റെ മതനിയമപ്രകാരം ഞാനത് ദശാംശം എന്ന ഭാഗത്തിൽ വരവുവച്ചു. സത്യക്രിസ്ത്യാനികൾ (ക്രിസ്തുമാർഗ്ഗം ശരിയായി പിന്തുടരുന്ന ക്രിസ്തുവിന്റെ അനുയായികളാണ് സത്യക്രിസ്ത്യാനികൾ) അവരുടെ വരുമാനത്തിന്റെ (ലാഭത്തിന്റെയല്ല) 10% മറ്റുള്ളവർക്കായി നീക്കിവയ്ക്കണമെന്നാണ് പ്രമാണം. പൊതുതാൽപര്യക്കേസുകളിലെ എന്റെ സാമ്പത്തിക നഷ്ടത്തെ ഞാൻ ദശാംശമായി കണക്കാക്കുന്നു.

2008-ൽ സേവി മനോ മാത്യുവിനെ മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി ആക്രമിച്ചപ്പോൾ കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഒരു പൊതുതാൽപര്യ എൻജിഒയുടെ സ്ഥാപകനും ഉപദേശകനുമായ എന്റെ സുഹൃത്തുകൂടിയായ വ്യക്തി മാദ്ധ്യമങ്ങളുടെ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പിന്നീട് പല സമയത്തും നടന്ന സമാനമായ മാദ്ധ്യമവേട്ടകളെ അതാതുകാലത്തെ സംഭവവികാസങ്ങളുടെ തെളിവുകളോടെ അജ്ഞാതനായ-പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത- ആ പൊതുപ്രവർത്തകൻ എന്നോടു പറഞ്ഞത് ഇതിങ്ങനെ പോയാൽ ജനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഈ പോക്ക് കലാപങ്ങളിലേക്കു നയിക്കുമെന്നുമായിരുന്നു. ആ പ്രവചനമാണ് ഇപ്പോൾ മാദ്ധ്യമ അഭിഭാഷക തർക്കത്തിലൂടെ നടപ്പിലായത്. ഈ പൊതുതാൽപര്യ ഹർജി തയാറാക്കാനുള്ള ഇതിലെ രേഖകൾ അദ്ദേഹമാണ് എന്നെ ഏൽപ്പിച്ചത്.

മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ലേഖനങ്ങൾക്കും വിശകലനങ്ങൾക്കുമായി ജഗദീഷ് ചന്ദ്രൻ നായരുടെ (Adv. Jagadish Chandran Nair) ലേഖനം 2016 (4) KHC J 1 epw Jtsuice V. Ramkumar ന്റെ ലേഖനം 2016 (4) KHC J 25 ലും വായിക്കുക. പൗരസ്വാതന്ത്ര്യത്തിന് ഒന്നാം സ്ഥാനം നൽകിക്കൊണ്ടുള്ള മാദ്ധ്യമസ്വാതന്ത്ര്യത്തിന് എന്തൊക്കെ നയരൂപീകരണവും നിയമനടപടികളുമാണ് എടുക്കേണ്ടതെന്ന നിങ്ങളുടെ സ്വതന്ത്രചിന്തകൾ ഞങ്ങളെ അറിയിച്ചാൽ അതെല്ലാം ക്രോഡീകരിച്ച് പുതിയൊരു നയരൂപീകരണത്തിനായി നമുക്ക് ശ്രമിക്കാം. ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ എന്താവും സംഭവിക്കുക. അത്രമാത്രം. 

  • ലേഖകന്റെ ഫോൺ നമ്പർ: 9447010701