- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റസാഖിന് വേണ്ടി രതീഷ് നൽകിയ വിവാഹപരസ്യം സൂപ്പർ ഹിറ്റ്; തേടുന്നത് മാനവികതയിൽ വിശ്വസിക്കുന്ന സ്വതന്ത്ര ബോധമുള്ള വധുവിനെ; ആചാരങ്ങളും നാട്ടുനടപ്പുകളും മാറ്റിവച്ച് മലപ്പുറത്ത് നിന്നൊരു ധീരമായ ചുവടുവയ്പ്
തിരുവനന്തപുരം നമ്മുടെ പ്രമുഖ പത്രങ്ങളിലെ സാധാരണ വിവാഹപ്പരസ്യം എങ്ങനെയായിരിക്കും? ഒരു ജാതിപ്പേര്, നാള്, പിന്നെ ജാതകം, ചൊവ്വാദോഷം അങ്ങനെ നിരവധി ചൂണ്ടുപലകകൾ കാണും ഒരു പരസ്യത്തിൽ. എന്നാൽ, ഇത്തരം നൂലാമാലകൾ ഒന്നുമില്ലാതെ മനുഷ്യത്വമുള്ളവരിൽ നിന്ന് ജീവിതപ്പാതയിൽ സഹയാത്രികയായി ഒരാളെ ആവശ്യപ്പെട്ടുള്ള പരസ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
തിരുവനന്തപുരം നമ്മുടെ പ്രമുഖ പത്രങ്ങളിലെ സാധാരണ വിവാഹപ്പരസ്യം എങ്ങനെയായിരിക്കും? ഒരു ജാതിപ്പേര്, നാള്, പിന്നെ ജാതകം, ചൊവ്വാദോഷം അങ്ങനെ നിരവധി ചൂണ്ടുപലകകൾ കാണും ഒരു പരസ്യത്തിൽ. എന്നാൽ, ഇത്തരം നൂലാമാലകൾ ഒന്നുമില്ലാതെ മനുഷ്യത്വമുള്ളവരിൽ നിന്ന് ജീവിതപ്പാതയിൽ സഹയാത്രികയായി ഒരാളെ ആവശ്യപ്പെട്ടുള്ള പരസ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
അത്തരത്തിൽ ഒരു പരസ്യത്തെ ഇന്നത്തെ സമൂഹം എങ്ങനെയാകും നോക്കിക്കാണുക. ജാതിയും മതവുമെല്ലാം മാറ്റിവച്ച്, സ്ത്രീധനത്തോട് അയിത്തം കൽപ്പിച്ച് ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ മുൻ കാലങ്ങളിൽ വിപ്ലവത്തിന്റെ വക്താക്കളായാണ് കണ്ടിരുന്നത്. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലെങ്കിലും ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്ക് വീര പരിവേഷം തന്നെയുണ്ടായിരുന്നു. എന്നാൽ, ഇന്ന് നമ്മുടെ നാട്ടിൽ അതാണോ സ്ഥിതി. മുമ്പത്തേക്കാളേറെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള രൂക്ഷമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ സ്ഥിതി ഒരർഥത്തിൽ വഷളാകുകയാണു ചെയ്തത് എന്നു വേണമെങ്കിലും പറയാവുന്ന അവസ്ഥയാണുള്ളത്.
എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ കാണണം എന്നാണ് ഇന്ത്യയെന്ന മഹാരാജ്യം ലോകത്തെ ഒരു കാലത്ത് പഠിപ്പിച്ചു പോന്നിരുന്നത്. എന്നാൽ, ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലും ലഹളയുമെല്ലാം രൂക്ഷമായതോടെ ഒരു മതേതരത്വ രാജ്യം എന്ന പെരുമയിൽ നിന്ന് ഏറെ പിന്നോട്ടുപോയി. ഈ സാഹചര്യത്തിലും മാറ്റത്തിന്റെ കാഹളം മുഴക്കാൻ ചങ്കുറപ്പുള്ള ഒരു കൂട്ടം പുതിയ തലമുറയിൽ ഉണ്ടെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യം. വധുവിനെ ആവശ്യപ്പെട്ടുള്ള പരസ്യകോളത്തിൽ വന്ന ആ പരസ്യം ഇങ്ങനെ: 'സഹയാത്രികയെ തേടുന്നു. മീഡിയ പ്രൊഫഷണൽ, മലപ്പുറം ജില്ല. മാനവികതയിൽ വിശ്വസിക്കുന്ന സ്വതന്ത്ര ബോധമുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സ്ത്രീധനരഹിത ലളിത വിവാഹം. മതവിശ്വാസം നിർബന്ധമല്ല.'
അതെ, ഈ കാലഘട്ടത്തിലും ചങ്കുറപ്പോടെ സ്വന്തം ആദർശങ്ങൾക്കു വേണ്ടി നിലകൊള്ളാൻ കഴിയുന്ന ഒരു തലമുറയുണ്ട്. വ്യവസ്ഥാപിത നയങ്ങൾ പൊളിച്ചെഴുതാനും പുത്തൻ പാത വെട്ടിത്തുറക്കാനും കഴിയുന്ന ഒരു പുതുതലമുറ. സുഹൃത്തിന് വേണ്ടി കണ്ണൂർ സർവ്വകലാശാലയിലെ ജീവനക്കാരനായ രതീഷാണ് പരസ്യം നൽകിയത്. അയൽവാസിയും സുഹൃത്തുമായ റസാഖിന് വേണ്ടിയാണ് വിവാഹ ആലോചന. ഗൾഫിൽ ഫ്രീലാൻസ് ജേർണലിസ്റ്റായ റസാഖ് ഈ മാസം അവസാനം നാട്ടിലെത്തും. അപ്പോൾ യോജ്യയായ വധുവിനെ കണ്ടെത്തുകയാണ് ലക്ഷ്യം. ദിവസവും നൂറുകണക്കിന് ആലോചനകളാണ് ഫോണിലെത്തുന്നത്. അതിൽ പലതും യാഥാർത്ഥ്യ ബോധമുൾക്കൊണ്ട് വിളിക്കുന്നവർ. ചിലർ അഭിനന്ദിക്കാൻ. മറ്റു ചിലർ വെറുതേയും. താൽപ്പര്യമുണ്ടെന്ന് തോന്നുന്ന കോളുകൾക്ക് സുഹൃത്തിന്റെ വിവരങ്ങൾ പറഞ്ഞു കൊടുക്കുമെന്ന് രതീഷ് പറയുന്നു.
ഏതായാലും പരസ്യം ഹിറ്റായതിൽ രതീഷിന് സന്തോഷമുണ്ട്. തന്റെ സുഹൃത്ത് റസാഖ് തേജസിലും വർത്തമാനത്തിലും മാദ്ധ്യമ പ്രവർത്തകനായിരുന്നു. അതുകൊണ്ടാണ് മാദ്ധ്യമ മേഖലയിൽ നിന്ന് യുവതിയെ ജീവിതപങ്കാളിയാക്കാൻ തേടുന്നത്. ഏതായാലും പരസ്യം ചെയ്ത സുഹൃത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു. രോഗഗ്രസ്ത മനസ്സുള്ള സമൂഹത്തിൽ ജാതിയും മതവും ഓരോ അണുവിലും ശ്വാസത്തിലും നിറഞ്ഞുനിൽക്കും. എങ്കിലും ചങ്കുറപ്പുള്ള യുവത്വം പ്രബുദ്ധ കേരളത്തിൽ ബാക്കിയുണ്ട് എന്നാണ് പലരും പറയുന്നത്.ഞായറാഴ്ച പ്രമുഖ പത്രത്തിലെ വൈവാഹികം കോളത്തിൽ ഇങ്ങനെ ഒരു പരസ്യം കണ്ടപ്പോൾ ആർത്തുവിളിക്കാൻ തോന്നി എന്നും പുരോഗമന ആശയങ്ങളെ മുറുകെ പിടിക്കുന്ന ഒരു സംഘം ചെറുപ്പക്കാർ പറയുന്നു.
മുമ്പ് ജാതിമത രഹിത വിവാഹം പ്രോത്സാഹിപ്പിക്കാൻ ഡിവൈഎഫ്‌ഐ ഒരു സെക്യുലർ മാട്രിമോണി വെബ്‌സൈറ്റിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ, ആ സൈറ്റു തന്നെ തകർക്കാനാണ് ചില കോണിൽ നിന്ന് ശ്രമമുണ്ടായത്. മറ്റു യുവജന പ്രസ്ഥാനങ്ങൾ ഒന്നും തന്നെ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ക്യാംപയിൻപോലും നടത്താൻ തയ്യാറാകുന്നില്ലെന്നതാണു വാസ്തവം. ആശയങ്ങൾ പ്രചരിപ്പിക്കുമ്പോഴും സ്വന്തം കാര്യത്തിൽ നിലപാടു മാറ്റുന്ന പലരും ഉണ്ടെങ്കിൽ തന്നെയും ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയർന്നു വരാറുണ്ട്. ജാതിയും മതവുമൊക്കെ മനുഷ്യനെ നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ നിന്ന് സ്‌നേഹവും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു കാലത്തിലേക്കുള്ള മാറ്റത്തിലേക്ക് മുന്നേറാൻ ഇത്തരത്തിൽ ഒറ്റപ്പെട്ട ചില കാര്യങ്ങളെങ്കിലും സഹായകമാകട്ടെ.