തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് ഒന്നും ഒളിച്ചുവെക്കാൻ സാധിക്കാത്ത, സൈബർ ലോകത്തിന്റെ ഇടപെടൽ ശക്തമായ കാലമാണ് ഇന്ന്. അതുകൊണ്ട് തന്നെ പലപ്പോഴു മുഖ്യധാരയിൽ വരുന്ന വാർത്തപത്രങ്ങൽ ഏറ്റവും വിമർശനം ഏൽക്കേണ്ടി വരുകയും ചെയ്യുന്നു. കാരണം പലവിധത്തിലുള്ള കച്ചവട താൽപ്പര്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വിധേയരായി വാർത്ത നൽകാതിരുന്നത് പതിവു സംഭവങ്ങളായി മാറാറുണ്ട്. മലയാള മനോരമയും മാതൃഭൂമിയുമാണ് ഇത്തരത്തിൽ വിമർശനങ്ങൾ പലപ്പോഴും കേൾക്കേണ്ടി വരുന്നത്. ഇങ്ങനെ മാദ്ധ്യമങ്ങൾ തുടക്കത്തിൽ വിമർശനം കേൾക്കേണ്ടി വരികയും പിന്നീട് സജീവമായ തന്നെ ചർച്ച ചെയ്യേണ്ടി വരികയും ചെയ്ത സംഭവമാണ് ശിവഗിരി മഠത്തിന്റെ മുൻ അധിപൻ സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ധർമ്മവേദി നേതാവ് ബിജു രമേശ് ഉന്നയിച്ച വെളിപ്പെടുത്തലുകൾ.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഉയർന്ന വെളിപ്പെടുത്തൽ എന്നാൽ ആദ്യ ദിവസങ്ങളിൽ മലയാളം പത്രങ്ങളിൽ ഒരു കോളം വാർത്തയിൽ മാത്രം ഒതുങ്ങുകയായിരുന്നു. കേരളത്തിലെ നിർണ്ണായകമായ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ കൂടി ഒരു രാഷ്ട്രീയ വിഷയമായി ശാശ്വതീകാനന്ദയുടെ മരണം മാറിയതോടെ പെട്ടന്ന് കാര്യങ്ങൾ മാറി. വിവാദം അതിവേഗം കത്തിപ്പടരുന്ന കാഴ്‌ച്ചയാണ് പിന്നീട് കേരളം കണ്ടത്. കൈരളി പീപ്പിൾ ടിവിയിൽ തുടങ്ങിയ വെളിപ്പെടുത്തൽ അതിവേഗം സൈബർ ലോകത്ത് വ്യാപിക്കുകയായിരുന്നു.

വിവാദമായ ഒരു കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ വാർത്താ പ്രാധാന്യം മനസിലാക്കിയ ചാനലുകൾ ഇന്നലെ മുതൽ തന്നെ ലൈവായി ഈ വിഷയം കൈകാര്യം ചെയ്തു. രാഷ്ട്രീയ നേതാക്കളുടെയും ശാശ്വതീകാനന്ദയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തലും മറ്റുമായാണ് രംഗം കൊഴുപ്പിച്ചത്. ഇന്നലെ തന്നെ ശാശ്വതീകാനന്ദയുടെ സഹോദരി ശാന്താകുമാരി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. വൈകൂന്നേരത്തോടെ എസ്എൻഡിപിയുടെ മുൻ പ്രസിഡന്റ് സി കെ വിദ്യാസാഗറും മരണത്തിലെ സംശയങ്ങൾ രേഖപ്പെടുത്തി രംഗത്തെത്തി.

സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ഡോ. എം എൻ സോമനും രംഗത്തുവന്നിരുന്നു. ഇതിതിനിടെ ബിജു രമേശ് കൊലയാളിയെന്ന് ആരോപിച്ച പ്രിയനെ തിരക്കി മാദ്ധ്യമപ്രവർത്തകർ പരക്കം പാഞ്ഞു. എന്നാൽ ആർക്കും പിടികൊടുക്കാതെ പ്രിയൻ മുങ്ങി നടന്നു. ഇന്നലെ ശാശ്വതീകാനന്ദയുടെ മരണത്തിൽ വിവിധ മേഖലയിൽ ഉള്ളവർ പ്രതികരിച്ചതോടെ ഇന്ന് പത്രങ്ങൾ കാര്യമായി തന്നെ വിഷയം പ്രസിദ്ധീകരിച്ചു.

മിക്ക പത്രങ്ങളുടെയും പ്രധാനവാർത്ത ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആയിരുന്നു. എന്നാൽ, പതിവുപോലെ മലയാള മനോരമ ഇക്കാര്യത്തിൽ വ്യത്യസ്തമായി. ഒന്നാം പേജിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ സാഹിത്യകാരന്മാർ തിരിച്ചു നൽകിയ വാർത്ത നൽകിയ മനോരമ ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആദ്യപേജിൽ കാര്യമായി നൽകിയില്ല. ഈ വിഷയം ഉൾപ്പേജിലേക്കാണ് മനോരമ ഒതുക്കിയത്.

ഇന്ന് ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നെങ്കിലും വിഷയം ശമിക്കുന്ന മട്ടില്ല. ശിവഗിരി മഠാധിപതി പ്രകാശാനന്ദ തന്നെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഇന്ന് രംഗത്തുവന്നതോടെ കൂടുതൽ ചർച്ചകൾ കൊഴക്കുകയാണ്. അതിനിടെ ശ്രീധരൻ പിള്ളയെ പോലൊരു ബിജെപി നേതാവു കൂടി വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ ബിജെപി-എസ്എൻഡിപി ബാദ്ധവത്തിൽ എതിർപ്പുള്ള വിഷയവും പുറത്തായി. എന്തായാലും വരും ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുക ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വെൡപ്പെടുത്തലുകൾ തന്നെയാകും എന്ന കാര്യം ഉറപ്പാണ്.