പ്രശസ്ത സാഹിത്യകാരൻ സക്കറിയ ഈയിടെ വളരെ പ്രസക്തമായ ഒരു നിരീക്ഷണം നടത്തി. ആരാണ് കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആകുലപ്പെടുത്തുന്ന ചോദ്യത്തിന് അദ്ദേഹം കണ്ടത്തെിയ മറുപടി കേരളത്തിലെ മാദ്ധ്യമങ്ങൾ എന്നായിരുന്നു. അതുകൊണ്ടുതന്നെ ഒരു മാദ്ധ്യമത്തിലും ആ പ്രസ്താവന വാർത്ത ആയതുമില്ല. പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'കേരളത്തിലെ മാദ്ധ്യമ ശക്തികളാണ് നവോത്ഥാന മൂല്യങ്ങൾ കൈവിടാൻ മലയാളിയെ പ്രേരിപ്പിച്ചത്. ദിനംപ്രതിയുള്ള മസ്തിഷ്‌ക്ക പ്രക്ഷാളത്തിലൂടെ ജാതിമത രാഷ്ട്രീയ ശക്തികളുടെ അജണ്ടകൾ സമൂഹത്തിന്റ കേന്ദ്രസ്ഥാനത്തുകൊണ്ടുവന്നത് ഈ മാദ്ധ്യമങ്ങളാണ്. പെരുന്നാളും ഉറൂസും പള്ളിപ്പെരുന്നാളും മാത്രമാണ് വാർത്തയെന്ന് വരുത്തി തീർത്തതും ഇവരാണ്.'

ഒന്നോർത്താൽ അതീവ ലജ്ജാകരമായ അവസ്ഥയിലേക്കാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ അധപ്പതിക്കുന്നത്. ജാതിമത ശക്തികൾക്ക് വീടുപണി ചെയ്യുകമാത്രമല്ല, അവരിൽപലരും മൂലധന ശക്തികളോട് നിർലജ്ജം സന്ധിചെയ്യുകയാണ്. പരസ്യക്കാർ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന അവസ്ഥയിലാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ. പത്രാധിപർ തസ്തിക തന്നെ പലേടത്തും ഇല്ലാതായി. അവിടം മാർക്കറ്റിങ്ങ് വിഭാഗം കൈയടക്കി. പരസ്യം കൊടുത്തിരുന്നെങ്കിൽ അവർ വീരപ്പന്റെയും ഗോവിന്ദചാമിയുടെയുമൊക്കെ വാർത്തകൾ പോലും തമസ്‌ക്കരിച്ചേനെ. ഇന്ന് ഗൾഫാർ മുഹമ്മദാലിക്കും, ബോബി ചെമ്മണ്ണൂരിനും, മലബാർ ഗോൾഡിനും, എം എ യൂസഫലിക്കും മാത്രമല്ല ചെറുകിട പരസ്യദാതാക്കൾക്കുപോലും വാർത്തകളെ സ്വാധീനിക്കാനുള്ള കഴിവു വന്നിരിക്കുന്നു. വർഗീയതും, അശാസ്ത്രീയതയും, അന്ധ വിശ്വാസങ്ങളും, ആൾദൈവ സംസ്‌ക്കാരവും പ്രചരിപ്പിക്കുന്ന വിധ്വംസക മേഖലയയി മാദ്ധ്യമങ്ങൾ മാറുമ്പോൾ നമ്മൾ പ്രേക്ഷകർക്ക് എന്താണ് ചെയ്യാൻ കഴിയുക. അതിലേക്ക് എത്തും മുമ്പ് നമുക്ക് ചാനൽ ചർച്ചകളുടെ പൊതുസ്വഭാവം പരിശോധിക്കാം.

ഇവിടെ പത്രങ്ങളെ വെറുതിവിടുന്നത് അവയിൽ യാതൊരു പ്രതീക്ഷയും ഇല്ലാത്തതിനാലാണ്. കമ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിലേറിയാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞ പത്രാധിപരുടെ ചാർച്ചക്കാർ നടത്തുന്ന മനോരമക്ക് എങ്ങനെയാണ് രാഷ്ട്രീയ നിഷ്പക്ഷത പാലിക്കാനാവുക. സ്വന്തം സ്ഥാപനത്തിലെ പ്രതിഷേധിക്കുന്ന ജീവനക്കാരെമുഴുവൻ സ്ഥലംമാറ്റിയും, അവശേഷിക്കുന്നവരെ പിരിച്ചുവിട്ടും ഫാസിസ്റ്റായി വിരാജിക്കുന്ന വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് നടത്തുന്ന പത്രത്തിൽനിന്ന് എന്ത് നീതിയാണ് പ്രതീക്ഷിക്കാൻ കഴിയുക. പാർട്ടിപത്രങ്ങളും, മുസ്ലിം സാമുദായിക ചേരിതിരവിന്റെ തൂക്കമൊപ്പിച്ചുണ്ടാക്കിയ മറ്റ് പത്രങ്ങളും നിഷ്പക്ഷരാണെന്ന് അവർപോലും പറയുന്നില്ലല്ലോ. പക്ഷേ ചാനലുകൾ അങ്ങനെയല്ലല്ലോ. പുതുമയുടെയും പ്രതീക്ഷയുടെയും എന്തോ ഒന്ന് അവർ ഇപ്പോഴും ബാക്കിയാക്കുന്നു.

ചാനൽ ചർച്ചകളിലെ വൈതാളികർ!

പക്ഷേ കേരളത്തിലെ ചാനൽ ചർച്ചകളിലെ പൊതുസ്വഭാവം നോക്കുക. പ്രാഥമിക ജനാധിപത്യബോധം തൊട്ടുതീണ്ടിയിട്ടില്ല. ആദ്യമേതന്നെ ചർച്ചയുടെ അജണ്ടയും അനുമാനവും സ്വയം തീരുമാനിക്കുക. അതനുസരിച്ച് ചർച്ച പോകാൻ നിർബന്ധിക്കുക. അവതാരകർക്ക് സ്വന്തം വീരസ്യം പ്രകടിപ്പിക്കനുള്ള അവസരം കൂടിയാണിത്. മുഖം എക്‌സ്ട്രീം ക്ലോസപ്പിലാക്കി, ഇടക്കിടെ പേനചൂഴറ്റിയും ആകോശിച്ചും ഇവർ അർണോബ് ഗോസ്വാമി എന്ന ഇന്ത്യൻ വിഷ്വൽ ജേർണലിസത്തിലെ തെറ്റായ മാതൃകയെ അനുകരിക്കയാണ്. സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവരുടെ വായിൽ കുത്തിത്തിരുകി തീർത്തും ഏകപക്ഷീയമായ ചർച്ചനയിച്ച് ആളാവുകയാണ് അർണോബിന്റെ രീതി. എന്നാൽ ബി.ബി.സി അടക്കമുള്ള ലോകാ മാദ്ധ്യമങ്ങളിലെ ചർച്ചകൾ നോക്കു. അവർക്ക് മുൻകൂട്ടി ഒരു അജണ്ടയില്ല. വിവിധ അഭിപ്രായങ്ങൾ അനുസരിച്ച് ചർച്ച എങ്ങനെയും മാറാം. അവസാനത്തെ അനുമാനം പലപ്പോഴും, അവർ എടുത്ത വിഷയത്തെ പൊളിച്ച് അടുക്കുന്നതുമാവും. പല വിദേശമാദ്ധ്യമങ്ങളിലും ചർച്ചക്കൊപ്പം തൽസമയ വോട്ടെടുപ്പും നടക്കും. തുടങ്ങുമ്പോൾ വിഷയത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണവും അവസാനിക്കുമ്പോഴുള്ള പ്രതികരണവും കാണിക്കും. നിങ്ങൾ ചർച്ചയിൽ നിങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചാൽ വോട്ട് അനുകൂലമായി വീഴും. ചാനൽ ചർച്ചകളിൽ മാത്രമല്ല, മറ്റ് ഡിബേറ്റുകളിലുമുണ്ട് ഈ തൽസമയ വോട്ടെടുപ്പ്. നമ്മുടെ ശശി തരൂരിന്റെ വിഖ്യാതമായ ബ്രിട്ടനെ വിറപ്പിച്ച പ്രസംഗം നോക്കുക. ഡിബേറ്റ് തുടങ്ങുന്നതിനുമുമ്പ് ബ്രിട്ടന് അനുകൂലമായിരുന്നു ഭൂരിഭാഗം വോട്ടുകളും. തരൂരിന്റെ ഉജ്വല പ്രസംഗം കഴിഞ്ഞതോടെ ഇന്ത്യക്ക് അനുകൂലവും! (എന്തിന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും ടെലിവിഷൻ ഡിബേറ്റാണ് അന്തിമമായി വോട്ട് മേൽക്കെയുണ്ടാക്കുന്നത്).

എന്നാൽ നമ്മുടെ നാട്ടിൽ ചാനൽ ചർച്ചയെന്നാൽ വളഞ്ഞിട്ട് ആക്രമിക്കയാണ്. മിക്കവാറും ഇതിന് ഇരയായി മാറുന്നത് സിപിഐ (എം) പോലുള്ള സംഘടനകളാണ്. ഒരു പാർട്ടിയുടെ സംഘടനാവിഷയങ്ങൾ ചർച്ചചെയ്യാനുള്ള ഇടത്തുപോലും, വിവിധ കാരണങ്ങളാൽ അവർ പുറത്താക്കിയ, ആ പാർട്ടിയോട് കടുത്ത ശത്രുതയുള്ള ആളുകളെ വട്ടമിട്ട് നിരത്തി ആക്രമിക്കയാണ് പൊതു രീതി. അതായത് അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കെ.എം ഷാജഹാൻ, എം.എൻ പിയേഴ്‌സൻ എന്നിവർ ഒരു ഭാഗത്ത്. മറുഭാഗത്ത് എം.ബി രാജേഷോ, എം.സ്വരാജോ പോലുള്ള ഒരേയൊരു ആൾ മാത്രവും. മൂന്നുപേരെ ഒറ്റക്ക് ഒരാൾ നേരിടുക എന്നത് ചർച്ചയുടെ എന്ത് ജനാധിപത്യ യുക്തിയാണ്. ഇനി ഇതിൽ നാലാമത്തെയാളായി വേണുബാലകൃഷ്ണനും, നികേഷ്‌കുമാറും, വിനു വി.ജോണും, ഷാനിപ്രഭാകരുമൊക്കെയുണ്ടാവും. ഒരിക്കലും ഒരു കളിയിൽ റഫറി ഗോളടിക്കാൻ പാടില്ലല്ലോ. എന്നാൽ ഈ മൂന്ന്‌പേർക്ക് എപ്പോഴൊക്കെ തട്ടുകേട് പറ്റുകയോ, അല്ലെങ്കിൽ അവരുടെ വാദങ്ങൾ പൊളിയുയോ ചെയ്താൽ അപ്പോൾ ഈ അവതാരകർ ഇടപെടും. അല്ലെങ്കിൽ തിരിച്ചുവരാമെന്ന നിലവിളിയോടുകൂടി ഇടവേളപറഞ്ഞ് മറ്റൊരുകാര്യത്തിലേക്ക് വിഷയംമാറ്റും. മാത്രമല്ല മൂന്നുപേർക്ക് കൊടുത്ത സമയത്തിന്റെ അത്രതന്നെ ഈ ഏകാംഗത്തിനും അവകാശപ്പെട്ടതാണെങ്കിലും അതിന്റെ പകുതിപോലും നൽകില്ല. പ്രമോദ് രാമനെയും അയ്യപ്പദാസിനെയും പോലുള്ള മനോരമ ന്യൂസിലെ അപൂർവം വാർത്താ അവതാരകൾ മാത്രമാണ് ഈ മര്യാദ അൽപ്പമെങ്കിലും പാലിക്കറുള്ളത്. (മനോരമ പത്രം വേറെ, ചാനൽ വേറെ. മനോരമക്കറിയാം തങ്ങളുടെ പത്രത്തിലെ വിഷവുമായി ചെന്നാൽ ചാനലിൽ ചെലവാവില്ലെന്ന്. ഒപ്പം വ്യക്തിത്വമുള്ള മാദ്ധ്യമപ്രവർത്തകർ കൂടി തലപ്പത്തുവന്നതോടെ മനോരമയുടെ ദുസ്വഭാവങ്ങൾ ഒന്നുമില്ലാത്ത ചാനലായി അതുമാറി).[BLURB#1-VL] 

അരുവിക്കരതെരഞ്ഞെടുപ്പിന്റെ സമയത്ത് വേണു ബാലകൃഷ്ണനും, എം.സ്വരാജും മാതൃഭൂമി ചാനലിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത് ഓർക്കുക. പിണറായി വിജയൻ ഒരു പത്രസമ്മേളനം പോലും നടത്താൻ അറിയാത്ത ആളാണെന്ന് വ്യംഗമായി ആക്രമിച്ച് കത്തിക്കയറുകയാരുന്നു വേണു. അപ്പോഴാണ് നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ പിണറായി പത്രസമ്മേളനം നടത്തണമോ, എന്ന് ചോദിച്ച് 'അതങ്ങ് പള്ളിൽപോയി പറഞ്ഞാൽ മതിയെന്ന'് സ്വരാജ് തിരച്ചടിച്ചത്. തന്റെ വാദങ്ങളുടെ ഒക്കെ മുന സ്വരാജ് ഒടിച്ചിട്ടും വേണു അതേ അഭിപ്രായത്തിൽ ഉറച്ചു നിൽക്കയാണ്. അതായത് ചർച്ചയിൽ പങ്കെടുക്കുന്ന ആളുകൾ തമ്മിലല്ല, നിഷ്പക്ഷൻ എന്ന് പറയുന്ന അവതാരകനുമായാണ് ചർച്ച! ഇതാണ് കേരളത്തിന്റെ മാദ്ധ്യമ സംസ്‌ക്കാരം. ഇനി സ്ത്രീകൾ അവതാരകരായി വന്നാലും ഈ ഗോസാമി സിൻഡ്രോമിൽനിന്ന് മോചനമില്ല. സിന്ദുസൂര്യകുമാറും, ഷാനി പ്രഭാകരനുമൊക്കെ പുരുഷന്മാരെ അനുകരിച്ച് അക്രമാസക്തമായ വാചിക വിരേചനം തീർത്ത് ജനാധിപത്യ വിരുദ്ധമായാണ് ചർച്ചകൾ നിയിക്കുക. ടീവി ന്യൂവിൽനിന്ന് രാജിവച്ച വീണജോർജ് മാത്രമാണ് ഇതിന് അപവാദം.

കപട ബുജികളുടെ ഓരിയിടൽ

ഒരുകാര്യത്തിലുള്ള ചർച്ചയിൽ ആ വിഷയവുമായി പുലബന്ധമില്ലാത്തവരെ ക്ഷണിച്ചുവരുത്തി ആധികാരികമായി വിണ്ഡിത്തങ്ങൾ അവതരിപ്പിക്കുക എന്ന കോമഡിയും കേരളത്തിലെ ചാനൽ ചർച്ചകളിൽ കാണാം. (ഇതിലും വിദേശ ചാനലുകളെ കണ്ടുപടിക്കണം) ഒരിക്കൽ പൂട്ടിപ്പോയ ഇന്ത്യാവിഷനിൽ, അഡ്വ.ജയശങ്കർ ജനിതകമാറ്റം വരുത്തിയ വഴുതനയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. ഈ വിഷയത്തിൽ എന്താണ് അദ്ദേഹത്തിന് അറിയുക. അന്തക വിത്തും, ജനിതകവിത്തും തമ്മിൽ പരസ്പരം മാറിപ്പോയിട്ടും അദ്ദേഹം ആധികാരികമായി അഭിപ്രായം തുടരുകയാണ്. ജാതി സ്പരിറ്റും, അൽപ്പം വർഗീയതയും, സകലതിനോടുമുള്ള പുച്ഛവും അദ്ദേഹത്തിന്റെ ചർച്ചകളിൽ പ്രകടമാണ്. വ്യക്തിഹത്യ പൊളിഞ്ഞാലും ഈ മഹാൻ ക്ഷമ പറയാൻ കൂട്ടാക്കില്ല. കെ.വേണുവും, സി.ആർ നീലകണ്ഠനാണ് സകലവിഷയങ്ങളിലും ആധികാരികമായി അഭിപ്രായം പറയാൻ കഴിയുന്ന കേരളത്തിന്റെ ചാനൽ ചോംസ്‌ക്കിമാർ.

ആരോഗ്യമേഖലയിലെ സ്‌പെഷ്യലൈസേഷനെകുറിച്ചൊക്കെ വേണുവിന് കാര്യമായൊന്നും പിടിയില്ലെങ്കിലും ചർച്ചകേട്ട് താൻ അമ്പരന്നുപോയെന്ന ജനകീയ ആരോഗ്യപ്രവർത്തകനായ ഡോ. അഗസ്റ്റസ് മോറിസ് ഒരിക്കൽ പറഞ്ഞതോർക്കുന്നു. 'എന്തിനാണ് കണ്ണിനായി ഒരു വൈദ്യശാസ്ത്രശാഖ, തലക്കായി മറ്റൊന്ന് എന്നിങ്ങനെ. എല്ലാംകൂടി ഒന്നുപോരെയെന്നാണ്' കെ.വേണു ഒരിക്കൽ ചോദിച്ചതത്രേ. നീലകണ്ഠനെ സംബന്ധിച്ച് എന്തും ആഗോളസാമ്രാജ്വത്വത്തിന്റെ സൃഷ്ടിയാണ്. ശാസ്ത്രീയ കുയുക്തി പ്രയോഗം മലയാളികൾക്ക് കാണിച്ചുതന്ന് ഇദ്ദേഹമാണ്. ശാസ്ത്ര സാഹിത്യപരിഷത്ത് അടക്കമുള്ള സംഘടനകളെ ചാരസംഘടനയാണെന്ന് പറഞ്ഞ് പരത്തി കേരള വികസനത്തെ പിന്നോട്ടടിപ്പിച്ചതിലും ഇദ്ദേഹത്തിനുള്ള വലിയ പങ്ക് മാദ്ധ്യമങ്ങൾ ഇനിയും വിചാരണചെയ്തിട്ടില്ല. പക്ഷേ ചാനലുകാർക്ക് അങ്ങേർ മഹാ ബുദ്ധിജീവിയാണ്. കേരള വികസനത്തെ 25വർഷം പിറകോട്ട് അടുപ്പിച്ചതിൽ ഈ കപട ബുജികൾ വഹിച്ച പങ്ക് നവമാദ്ധ്യമങ്ങളിലെങ്കിലും ചർച്ചയാവണം.[BLURB#2-VR]

ഇനി ജനപ്രിയ താരങ്ങളാവട്ടെ രാജ്‌മോഹൻ ഉണ്ണിത്താനും, പി.സി ജോർജുമൊക്കെയാണ്. എന്ത് മണ്ടത്തരവും ആധികാരികമായി പറയാനുള്ള ആത്മവിശ്വാസവും തിണ്ണമിടുക്കുമാണ് ഇവരുടെ മൂലധനം. തെറിപറഞ്ഞ് ഇവർ എതിരാളികളടെ വായപൂട്ടുമ്പോൾ ആങ്കർ മിണ്ടാറില്ല. മഹത്തായ ജേണലിസം തന്നെ.

തോമസ് ഐസക്കിൽ നിന്നും, സുജിത് നായർ എപ്പിസോഡിൽനിന്നും കിട്ടിയ പാഠങ്ങൾ

അടുത്തകാലംവരെ പച്ചക്കള്ളങ്ങൾ ആണെന്ന് അറിഞ്ഞിട്ടും അവയൊക്കെ സഹിക്കേണ്ട ഗതികേടായിരുന്നു സാധാരണക്കാർക്ക്. ഇപ്പോഴിതാ ഫേസ്‌ബുക്ക്‌പോലുള്ള നവ മാദ്ധ്യമങ്ങളിലൂടെ നിങ്ങൾ ഓരോരുത്തർ വിചാരിച്ചാലും ഇവന്മാരെയൊക്കെ പൊളിച്ചടുക്കാമെന്ന അവസ്ഥ വന്നിരിക്കുന്നു. മാതൃഭൂമിയുടെ നെറികേടിനെതിരെ ഒരു സാധാരണക്കാരൻ കൊടുത്ത മുട്ടൻ പണിനോക്കുക. കുറച്ചുകാലം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ തിരൂർ ഷോറൂമിൽ, ജൂവലറിയുടെ വഞ്ചനക്കിരയായ ഒരു ഉപഭോക്താവ് തീകൊളുത്തി ആത്മഹത്യചെയ്തു. മറ്റെല്ലാ പത്രങ്ങളെയുംപോലെ ഗത്യന്തരമില്ലാതെ മാതൃഭൂമിയും വാർത്തകൊടുത്തെിലും അതിൽ ജൂവലറിയുടെ പേരുമാത്രം ഇല്ല! കാരണം എല്ലാവർക്കും അറിയാം. എന്നാൽ ഒരു വിരുതൻ മാതൃഭൂമിയിലേക്ക് വിളിച്ച് ചോദിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരെപ്പോലും ഭയക്കാത്ത മാതൃഭൂമി എന്തിനിങ്ങനെ കുനിഞ്ഞുകൊടുക്കുന്നുവെന്ന്. അപ്പോൾ അവരുടെ സീനിയർ എഡിറ്റർ എത്ര സത്യസദ്ധമായാണ് വായനക്കാരനോട് കാര്യം സമ്മതിക്കുന്നത്. നിങ്ങൾക്ക് വല്ലാതെ ധാർമ്മികരോഷമുണ്ടെങ്കിൽ അത് മാനേജ്‌മെന്റിനെ അറിയിക്കയാണ് വേണ്ടതെന്നും ആ പത്രപ്രവർത്തകൻ പറയുന്നു. ഈ ഫോൺ സംഭാഷണം ഇദ്ദേഹം ഫേസ്‌ക്കിലും വാട്‌സ് ആപിലും ഇട്ടതോടെ വൈറലായി! വാർത്തകൾ മുക്കുകയും പൊക്കുകയുംചെയ്യുന്ന ടിഷ്യൂപേപ്പർ ജേർണലിസത്തിനുള്ള ഒന്നാന്തരം താക്കീതായി അത്. മാതൃഭൂമി നാണംകെട്ടു. ആസനത്തിൽ ആൽമുളച്ചാലും അതും ഒരു തണൽ എന്ന് കരുതുന്ന വീരനും, ചന്ദ്രനുമൊന്നും ചമ്മൽ പുറത്തുകാണിക്കുന്നില്ല എന്നേയുള്ളൂ. ഇങ്ങനെയാണ് മാദ്ധ്യമ മാഫിയയെ പൊളിക്കുക. നവമാദ്ധ്യമങ്ങളിലുടെയുള്ള നിരന്തരമായ വിചാരണയും ജാഗ്രതയും കേരളത്തിൽ ഉണ്ടായില്ലെങ്കിൽ ഇവിടെ നമുക്ക് ജീവിക്കാൻ കഴിയില്ല.

സിപിഐ(എം) വിശാഖപട്ടണം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചാണ്, ഡോ.തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരുപാട് നുണക്കഥകൾ ഒറ്റയടിക്ക് പൊളിച്ചത്. സിപിഐ(എം) അഖിലേന്ത്യസമ്മേളനത്തിൽ മൽസരം നടന്നുവെന്നും സീതാറം യെച്ചൂരിക്കെതിരെ, എസ്.രാമചന്ദ്രൻപിള്ള മൽസരിച്ചുവെന്നൊക്കെ നുണക്കഥകൾ രാവിലെ മുതൽ ദൃശ്യമാദ്ധ്യമ പ്രവർത്തകർ വായിട്ട് അലക്കുമ്പോഴാണ് ഐസക്കിന്റെ പോസ്റ്റ് വന്നത്. (എസ്.ആർ.പിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തെന്നായിരുന്നു ഒരു ചാനൽ ആദ്യം അടിച്ചുവിട്ടത്.) യെച്ചൂരിയെ ഐകകണ്‌ഠേനയാണ് തെരഞ്ഞെടുത്തതെന്ന വിവരത്തോടൊപ്പം, എസ്.ആർ.പി കൈപൊക്കി യെച്ചൂരിക്ക് വോട്ടുചെയ്യുന്ന പടവും ഐസ്‌ക്ക് പുറത്തുവിട്ടതോടെയാണ് മാദ്ധ്യമവേട്ടക്കാർ അടങ്ങിയത്.[BLURB#3-VL] 

ഇതുതന്നെയാണ് സിപിഐ(എം) അടക്കമുള്ള ഇടത് മതേതരചേരി കേരളത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. പ്രചണ്ഡമായ മാദ്ധ്യമ കുപ്രചാരണങ്ങളെ ചങ്കുറപ്പോടെ നേരിടാൻ അവർക്ക് കഴിയുന്നില്ല. പാർട്ടിവാർത്തകളിൽ ഈ നവ ജനാധിപത്യത്തിന്റെ കാലത്തും അവർ ഇരുമ്പുമറകൾ ഇട്ടാൽ സ്വയം ഒറ്റപ്പെടുകയേ ഉള്ളൂ. ഐസക്ക് ചെയ്തപോലെ കൃത്യമായൊരു വിശദീകരണം നേരത്തെ തന്നെ നൽകിയിരുന്നെങ്കിൽ ഇത്രയും നുണകൾ പ്രചരിക്കുമായിരുന്നോ. പല ചാനൽ പ്രവർത്തകരും സമ്മർദംകൊണ്ട് കിട്ടിയ സൂചനകൾ വികസിപ്പിച്ച് ഏന്തെങ്കെിലും തടിക്കൂട്ടുകയാണ് പതിവ്. വാർത്തകൾ ഇനിമുതൽ ചോർത്തി നൽകേണ്ട, അകത്തുനടന്ന കാര്യങ്ങൾ ഫോട്ടോ സഹിതം ഞങ്ങൾതന്നെ നൽകാം എന്ന നിലപാട് സിപിഐ(എം) എടുത്താൽ എന്താവും സ്ഥിതി.

ഇനി ഈയിടെ ഫേസ്‌ബുക്കിൽ വൈറലായ സുജിത്ത് നായർ സംഭവം നോക്കുക. (പത്രക്കാരുടെ പേരിന്റെ കൂടെ നായർ, നമ്പൂതിരി, എഴുത്തച്ഛൻ, വാരിയർ തുടങ്ങിയ ജാതിവാലുകൾ തിരികിക്കയറ്റാൻ പ്രേരിപ്പിക്കുക മനോരമയുടെ മറ്റൊരു രീതിയാണ്. കെ.വി ഉണ്ണികൃഷ്ണനെന്ന പേരിൽ ചെറുകിട പത്രങ്ങളിൽ പത്രപ്രവർത്തനം തുടങ്ങിയ ഒരാൾ ഉണ്ണി.കെ വാര്യർ ആയാണ് മനോരമയിൽ എത്തിയപ്പോൾ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടത്. ഒക്കെ അച്ചായന്റെ ഒരു കളി!) 'കാൽലക്ഷംപേർ സിപിഐ(എം) വിട്ടു' എന്ന വ്യാജവാർത്ത ഈയിടെ മനോരമയിൽ അവരുടെ തിരുവനന്തപുരത്തെ രാഷ്ട്രീയ നിരീക്ഷകരിൽ ഒരാളായ സുജിത്ത് നായർ എഴുതിയതാണ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത്. കേരളത്തിൽ മൊത്തം സിപിഐ(എം) അംഗങ്ങളുടെ എണ്ണം മുൻവർഷത്തേക്കാൾ വർധിക്കയാണ് ചെയ്തയെന്ന് മനസ്സിലാക്കാതെ എഴുതിയ അസംബന്ധം അത് അർഹിക്കുന്നരീതിയിൽ തന്നെ അപഹസിക്കപ്പെട്ടു.

ഒടുവിൽ ഫേസ്‌ബുക്കിലൂടെ ഇടത് അനുഭാവികളിൽനിന്ന് കണക്കിന് കിട്ടിയപ്പോൾ (ആ വിമർശനത്തിന്റെ ഭാഷയോട് ഈ ലേഖകന് ശക്തമായ വിയോജിപ്പുണ്ട്) സുജിത്ത് നായർ അനുകൂലികൾ പ്ലേറ്റുമാറ്റി. ഒരു വാർത്തയെഴുതിയതിന്റെ പേരിൽ ഒരു ലേഖകനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ? അപ്പോഴും സുജിത്ത് എടുത്ത, പച്ചമലയാളത്തിൽ പറഞ്ഞാൽ മാദ്ധ്യമ മാമാപ്പണിയെക്കുറിച്ച് ആർക്കുമൊരു പരാതിയുമില്ല. ഇത് യാദൃശ്ചികമായി ഉണ്ടായ അക്കക്കണക്കിൽവന്ന തെറ്റല്ല. സിപിഐ(എം) അംഗങ്ങൾ ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന് വരുത്തിത്തീർക്കാനുള്ള മനോരമയുടെ കൃതമായ അജണ്ടയായിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പിലും ബിജെപിക്ക് അനുകൂലമായി മനോരമയിൽ നിന്ന് ഇതേ സമീപനം ഉണ്ടായി.

ഇന്ത്യൻ മീഡിയയെ കൈയിലെടുക്കാൻ കഴിഞ്ഞു എന്നതാണ് നരേന്ദ്ര മോദിയുടെ വിജയത്തുടക്കമായി അരുദ്ധതി റോയിയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. 2500 കോടി രൂപയാണത്രേ ഇതിനായി ബിജെപി ഒഴുക്കിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതുപോലാരു സമ്മതി ബിജെപിക്കുവേണ്ടി ഉണ്ടാക്കിയെടുക്കാൻ കേരളത്തിലും ചില മുതിർന്ന പത്രപ്രവർത്തകൾ ശ്രമം തുടങ്ങിയിട്ടുണ്ട്. മുമ്പ് ഉമ്മൻ ചാണ്ടിയുടെ തുപ്പൽ വിഴുങ്ങിപ്പോവുന്ന രീതിയിൽ അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളിൽ തൊട്ടുമുന്നിൽ വായും പൊളിച്ചിരിക്കുന്ന ഈ മാദ്ധ്യമശിങ്കങ്ങൾ ഇന്ന് മോദിയുടെ ആരാധകരാണ്. വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള പി.ആർ സമ്മേളനം വിളിച്ച ഒരു മാദ്ധ്യമപ്രവർത്തകൻ, കുപ്പിയും കോഴിയും കവറുമായാണ് സഹപ്രവർത്തകരെ ചാക്കിടാൻ ശ്രമിച്ചത്! ചുമ്മാതാണോ, തിരുവനന്തപുരത്ത് ഒ രാജഗോപാലിന്റെ പേര് കേട്ടതും ത്രികോണ മൽസരമെന്ന് ഇവരൊക്കെ ജയ് വിളിച്ചത്.[BLURB#4-H]

എന്നാൽ ഈ മാദ്ധ്യമ തന്ത്രങ്ങളൊന്നും കേരളത്തിലെ ഇടതുപക്ഷത്തിന് പടികിട്ടിയിട്ടില്ല. ഇത്രയേറെ മാദ്ധ്യമ സാക്ഷരതയുള്ള കേരളം പോലൊരു സംസ്ഥാനത്ത് മീഡിയ ഫ്രണ്ട്‌ലി അല്ലാത്ത ഒരു നേതാവിനോ പ്രസ്ഥാനത്തിനൊ പിടച്ചു നിൽക്കാനാവില്ല. ഒരു കാലത്ത് മുരടനും വെട്ടിനിരത്തലുകാരനുമായി (വെട്ടിനിരത്തൽ എന്ന കുപ്രസിദ്ധമായ വാക്കുപോലും മനോരമയുടെ സംഭാവനയാണ്. വി എസിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ തുടങ്ങിയ സമരത്തിന്റെ പേര് നെൽവയൽ നികത്തൽ വിരുദ്ധസമരം എന്നായിരുന്നു). മനോരമയും മാതൃഭൂമിയും ചിത്രീകരിച്ച വി എസ് അച്യുതാനന്ദൻ, ദൃശ്യമാദ്ധ്യമങ്ങളുടെ വരവോടെ എത്രപെട്ടെന്നാണ് ജനകീയനായതെന്ന് മാദ്ധ്യമ വിദ്യാർത്ഥികൾക്ക് ഒക്കെ അറിയാം. എന്നാൽ പിണറായിയും ജയരാജന്മാരുമൊക്കെ പഴയ ഇരുമ്പുമറയും, കാർക്കശ്യത്തിന്റെ ശരീരഭാഷയുമായി ഇന്നും മാദ്ധ്യമങ്ങളോട് അകന്നുനിൽക്കുന്നു. തലശ്ശേരി കലാപത്തിൽ ആർഎസ്എസ് കലാപത്തെ തടഞ്ഞ പിണറായിയും, പി.ജയരാജനെയുമൊക്കെ വെറും ക്രൂരന്മാരായ നേതാക്കളാക്കി തേജോവധം ചെയ്യാനുള്ള ഒരു വിഭാഗത്തിന്റെ അജണ്ടക്ക് പരോക്ഷമായി പ്രോൽസാഹനമാവുകയാണ് ഈ ഇരുമ്പുമറ. കേരളത്തിൽ ഇടതുപക്ഷം ഉയർത്തിക്കൊണ്ടുവന്ന നവോത്ഥാനമൂല്യങ്ങളും മതേതര ജീവിതവും വർഗീയ ശക്തികൾക്ക് അടിയറവെക്കാൻ ആഗ്രഹിക്കാത്തവർ അടിയന്തരമായി ചെയ്യേണ്ടത് നവ മാദ്ധ്യമങ്ങളിലുടെയെങ്കിലും അവരെ കൂടുതൽ ജനകീയമാക്കുക എന്നതാണ്.സുജിത്ത് നായർ എപ്പിസോഡുപോലെ കൃത്യമായ സൈബർ മാദ്ധ്യമ വിചാരണ കേരളത്തിലെ ഇടതുമതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതിന് അനിവാര്യമാണ്.

വാൽക്കഷ്ണം: പക്ഷേ നട്ടെല്ലും ജനാധിപത്യബോധവുമുള്ള നിഷ്പക്ഷരായ മാദ്ധ്യമപ്രവർത്തകർ കുറ്റിയറ്റ് പോയിട്ടില്‌ളെന്ന് തെളിയിക്കുകയാണ് ടീവി ന്യൂവിൽനിന്നുള്ള വീണാജോർജിന്റെ രാജി. ശമ്പളം കുറഞ്ഞുപോയതിനാലല്ല, ദലിത്ആദിവാസി വിഷയങ്ങളിൽ തനിക്കുള്ള അനുകൂല നിലപാട് വാർത്തയിൽ പ്രകടിപ്പിക്കാൻ ചേംബർ ഓഫ് കൊമേഴ്‌സ് നയിക്കുന്ന വർത്തക മാനേജ്‌മെന്റ് സമ്മതിക്കത്തതിനാൽ കൂടിയാണ് അവരുടെ രാജി! അതുപോലെ തന്നെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കമൽറാം സജീവും. ജന്മഭൂമിയുടെ തുടർച്ചയെന്ന് തോനുന്ന രീതിയിലുള്ള പഴയകാലത്തിൽനിന്ന്, കേരളത്തിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ വാരികയായി മാതൃഭൂമി ആഴ്ചപ്പതിപ്പിൻെ കമൽ മാറ്റിയത് നിരന്തരം പോരടിച്ചാണ്.പത്രാധിപർക്ക് വംശനാശംവരുന്ന പുതിയ കാലത്ത് അതിജീവനത്തിന്റെ തുരുത്തുകളാണ് ഇവരൊക്കെ.