തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനം ഇ ഫയലുകളും നശിപ്പിച്ചു! മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ കോവിഡ് കാലത്ത് ടെൻഡറില്ലാതെ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട ആറായിരത്തോളം ഇ-ഫയലുകൾ നശിപ്പിച്ച സംഭവത്തിൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങിയെന്ന് റിപ്പോർട്ട് ചെയ്യുന്നത് മാതൃഭൂമി. കംപ്യൂട്ടറിൽ നിന്ന് മായ്ച്ചുകളഞ്ഞ ഫയലുകൾ മുഴുവനും വീണ്ടെടുത്തുവെന്നതാണ് ഏക ആശ്വാസം. ഇവ അന്വേഷണവിഭാഗത്തിനു കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ആസ്ഥാനത്തുനിന്നു നഷ്ടമായവയിൽ ആജീവനാന്തം സൂക്ഷിക്കേണ്ട ഫയലുകളും ഉണ്ടെന്നതാണ് വസ്തുത. മരുന്നുവാങ്ങലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരേ നടന്ന നിയമപ്രശ്‌നങ്ങളുടെ ഫയലുകൾ അപ്പാടെ നഷ്ടമായി. ഇത്തരം ഫയലുകൾ ആജീവനാന്തം സൂക്ഷിക്കേണ്ട ആർ. ഡിസ് വിഭാഗത്തിൽ വരുന്നവയാണ്. കോടികളുടെ മരുന്നുവാങ്ങൽ, ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് നഷ്ടമായ ഫയലുകളിലേറെയും. അതിനാൽത്തന്നെ അന്വേഷണസംഘത്തിൽ പർച്ചേസിന്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടറെക്കൂടി ഉൾപ്പെടുത്തി ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം വിപുലപ്പെടുത്താൻ ആലോചിച്ചിട്ടുണ്ട്.

അഞ്ഞൂറിലേറെ ഫയലുകൾ നഷ്ടമായെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ പൊലീസിനോട് പറഞ്ഞിട്ടുള്ളതെങ്കിലും അതിൽക്കൂടുതൽ നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. നവംബർമുതൽ ഇതിനുള്ള അന്വേഷണം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടക്കുന്നുണ്ട്. ഫയലുകൾ കാണാതായ വിവരം നേരത്തേത്തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നതാണ് വസ്തുത. അതിനിടെ ഫയലുകൾ നഷ്ടപ്പെട്ടതായി മന്ത്രി വീണാജോർജ് സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപവത്കരിക്കുന്നതിനുമുമ്പുള്ള വാങ്ങലുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടമായതെന്നാണ് വിശദീകരണം.

എത്ര ഫയലുകൾ നഷ്ടമായിട്ടുണ്ടെന്നോ ഫയലുകൾ അപ്രധാനമെങ്കിൽ നഷ്ടമായതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകിയത് എന്തിനെന്നോ മന്ത്രി വിശദീകരിച്ചിട്ടില്ല. മരുന്നും ഉപകരണങ്ങളും വാങ്ങുന്നത് നേരത്തേ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കീഴിലുള്ള പർച്ചേസ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു. ഓഫീസ് നടപടിച്ചട്ടങ്ങളനുസരിച്ച് കോർപ്പറേഷൻ രൂപവത്കരണത്തിനുമുമ്പുള്ളതും പത്തുവർഷത്തിലേറെ പഴക്കമുള്ളതുമായ ആജീവനാന്ത ഫയലുകൾ റെക്കോഡ് റൂമിൽ സൂക്ഷിക്കേണ്ടവയാണ്. നഷ്ടപ്പെട്ടത് റെക്കോഡ് റൂമിൽനിന്നല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതും ദുരൂഹത കൂട്ടുന്നു.

അതിനിടെ ആരോഗ്യവകുപ്പിൽ 500 ഫയലുകൾ മുക്കിയത് 1600 കോടിയുടെ അഴിമതി മറച്ചുവെക്കാനാണെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിക്കുന്നു. മനസ്സാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കോവിഡ്കാലത്ത് പിണറായി സർക്കാർ നടത്തിയത്. നമ്പർവൺ കേരളത്തിൽ ഉറക്കമൊഴിഞ്ഞ് ടീച്ചറമ്മ കൊള്ളനടത്തി. ഇതെല്ലാം മുഖ്യമന്ത്രിയുടെകൂടി അറിവോടെയാണെന്നാണ് പഴയ ആരോഗ്യമന്ത്രി പറയുന്നത്. പുതിയ ആരോഗ്യമന്ത്രിയും അതേരീതിയിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ വരുന്നതിനുമുമ്പ് കെ-ആശുപത്രിയാണ് മുഖ്യമന്ത്രി ഉണ്ടാക്കേണ്ടതെന്നും സുരേന്ദ്രൻ ആരോപിച്ചു.