തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ 64-മത് ജന്മദിനാഘോഷങ്ങൾക്കായി കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിലെത്തുകയും ക്രൂരമായി മർദ്ദനമേൽക്കുകയും ചെയ്ത അമേരിക്കൻ പൗരൻ മരിയോ സപ്പോട്ടോയുടെ (37) നില ഗുരുതരമായി തന്നെ തുടരുന്നതായി സൂചന.

മഠത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ തീരത്ത് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിൽ നടന്ന തർക്കമാണ് മാരിയോയ്ക്ക് മർദ്ദനമേൽക്കാൻ കാരണമെന്ന് പറയുന്ന പൊലീസ് അതീവ ഗുരുതരാവസ്ഥയിലായ മരിയ്‌ക്കെതിരെയാണ് നീങ്ങുന്നത്. ഇയാൾക്കെതിരെ പ്രശ്‌നമുണ്ടാക്കിയതിന് കേസും പൊലീസ് ചാർജു ചെയ്തുകഴിഞ്ഞു. മർദ്ദനമേറ്റയാളാണ് കുറ്റക്കാരനെന്ന നിലയിൽ പൊലീസ് നീങ്ങുന്നത് വാദിയെ പ്രതിയാക്കുന്ന സംഭവമാണെന്നും ഇതോടെ വിമർശനം ഉയർന്നിരിക്കുകയാണ്.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ് മരിയോ. ഇയാളുടെ വിദഗ്ധ ചികിത്സിക്കായും ആരോഗ്യനില വിലയിരുത്തുന്നതിനുമായും പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മെഡിക്കൽ കോളേജ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റതിനാൽ അത്യന്തം മോശമാണ് ഇയാളുടെ നിലയെന്നാണ് അറിയുന്നത്. ഇതിനിടെയാണ് മെഡിസിൻ, സർജറി, ന്യൂറോ സർജറി, യൂറോളജി, നെഫ്രോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുൾപ്പെട്ട സംഘത്തെ വിദഗ്ധ ചികിത്സയ്ക്കായും ആരോഗ്യ നില വിലയിരുത്താനും നിയോഗിച്ചിട്ടുള്ളത്.

ആരോഗ്യനില തൃപ്തികരമാണെങ്കിലും എം.ആർ.ഐ. സ്‌കാനിങ് ഫലവും മറ്റും ഈ മെഡിക്കൽ ബോർഡ് വിലയിരുത്തിയ ശേഷമായിരിക്കും ഐ.സി.യുവിൽ നിന്നും മാറ്റുന്നതും ഡിസ്ചാർജ് ചെയ്യുന്ന കാര്യവും തീരുമാനിക്കുകയെന്നാണ് അറിയിപ്പിൽ പറയുന്നത്. അതേസമയം മനോരോഗ വിദഗ്ധനേയും കൂടി പ്രത്യേക ബോർഡിൽ ഉൾപ്പെടുത്തിയത് ഇയാൾ മാനസിക നില തെറ്റി അക്രമം നടത്തിയതെന്ന് വരുത്തി കേസ് വഴിതിരിക്കാനുള്ള നീക്കമാണോയെന്ന വിമർശനവും ഉയരുന്നു. അമൃതാനന്ദമയീ മഠത്തിൽ വച്ചാണ് മരിയോയ്ക്ക് ക്രൂരമായ മർദ്ദനമേറ്റതെന്ന പ്രചരണം ശക്തമാണ്. ഇത് മറച്ചുവയ്ക്കാൻ മരിയോയ്‌ക്കെതിരെ കേസെടുത്ത് സംഭവം ഒതുക്കാൻ നീക്കമുണ്ടെന്നാണ് ആരോപണം.

ശനിയാഴ്ച അർധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ മെഡിസിൻ ഐസിയുവിൽ വിദഗ്ധ ചികിത്സയിലാണ് മരിയോ സപ്പോട്ടോ. മഠത്തിനോട് ചേർന്നുള്ള കോഫീ ഷോപ്പിൽ കയറി പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് മരിയോയ്ക്ക് മർദ്ദനമേറ്റെന്ന നിലയിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.

എങ്കിൽ തന്നെയും മരിയോടെ മർദ്ദിച്ചവർക്കെതിരെയും കേസുണ്ടാവണം. പൊലീസ് ആ വഴിക്ക് ഒന്നും വ്യക്തമാക്കുന്നില്ല. മാത്രമല്ല, സംസാരിക്കാൻ ആവുന്ന സ്ഥിതിയിൽ ആയിരുന്നിട്ടും മരിയോയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നതും ചർച്ചയാവുന്നുണ്ട്. ക്രൂരമായി മർദ്ദനം ഏറ്റുവെന്നത് ഡോക്ടർമാരും സ്ഥിരീകിരിക്കുന്നുണ്ട്. ഈ അമേരിക്കകാരന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ പോലും അതിലൊന്നും ആർക്കും പങ്കില്ലാത്ത വിധമാണ് തിരക്കഥ ഒരുങ്ങുന്നതെന്നാണ് സൂചന.

അമൃതാനന്ദമയീ മഠത്തിന് സംഭവത്തിൽ ഒരു പങ്കുമില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം പൊലീസ് വിശദീകരിച്ചത് ഇപ്രകാരം: ശനിയാഴ്ച രാത്രി എട്ട് മണിയോടെ മാരിയോ ലോട്ടസ് കഫേ എന്ന കോഫി ഷോപ്പിൽ എത്തുകയും അതിക്രമിച്ച് കയറി റഫ്രിജറേറ്റർ തുറന്ന് ഒരു കുപ്പി വെള്ളവുമായി പുറത്തേക്ക് പോയി. കുപ്പിവെള്ളത്തിന്റെ പണം കൊടുക്കാതെ പുറത്തേക്ക് കടന്ന മാരിയോ പോളിനെ കടയുടമ ശ്യാംദാസ് പിൻതുടർന്ന് പിടിച്ചു നിർത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

ഈ സമയം കയ്യിലിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് ശ്യാംദാസിനെ ഇയാൾ മർദ്ദിച്ചു. സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ തന്നെ ആക്രമിക്കാൻ വരുകയാണിവർ എന്ന് കരുതി മാരിയോ കോഫി ഷോപ്പിലെ കസേരകൾ നാട്ടുകാർക്ക് നേരെ എറിഞ്ഞു. പിന്നീട് കടൽതീരത്ത് കച്ചവടം നടത്തുകയായിരുന്ന ഐസ് ക്രീം വിൽപ്പനക്കാരനെ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞു. ഈ വാഹനം മറിച്ചിടാനും ശ്രമം നടത്തി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വിലങ്ങു വച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ പൊലീസ് വാഹനത്തിൽ നിന്നും മാരിയോ പുറത്തേക്ക് ചാടി കൂടുതൽ അക്രമാസക്തനായി. ഇതോടെ കയർ ഉപയോഗിച്ച് കെട്ടി വരിഞ്ഞ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതാണ് സംഭവത്തെകുറിച്ച് പൊലീസ് ഭാഷ്യം.

ക്രൂര മർദ്ദനം നടത്തിയത് നാട്ടുകാരാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യാതൊരു രീതിയിലും വിദേശ പൗരനെ ആക്രമിച്ചിട്ടില്ലെന്നും അക്രമാസക്തനായ ഇയാളെ പൊലീസിന് പിടികൂടാൻ വേണ്ട സഹായം മാത്രമേ ചെയ്തുള്ളുവെന്നും നാട്ടുകാർ പറയുന്നു. ഇതോടെ വെട്ടിലാവുന്നത് പൊലീസാണ്. വിദേശ പൗരന് ക്രൂര മർദ്ദനമേറ്റത് പൊലീസിന്റെ ഭാഗത്ത് നിന്നാണോ അതോ വേറെ എവിടെവച്ചെങ്കിലും ഇയാൾക്ക് മർദ്ദനമേറ്റോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ദുരൂഹമായി തുടരുന്നത്.

സ്ഥിരമായി കഞ്ചാവ് പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നയാളാണ് മാരിയോ പോളെന്നും ഇയാൾ ആശ്രമത്തിൽ വളരെയധികം ശല്യമുണ്ടാക്കുന്നയാളുമാണെന്നാണ് രഹസ്യവിവരം. ഇത് മൂലം അശ്രമ അധികൃതരുടെ കണ്ണിലെ കരടായി മാറി. ആശ്രമത്തിന് പുറത്തുണ്ടായ അക്രമണത്തിൽ പൊലീസ് പിടികൂടിയപ്പോൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ആശ്രമ അധികൃതർ പൊലീസിന് നിർദ്ദേശം കൊടുക്കുകയായിരുന്നു എന്ന് അശ്രമത്തിനകത്ത് നിന്നുള്ള ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ഇത് ശരി വയ്ക്കുന്ന രീതിയിലാണ് ആശ്രമ അധികൃതരുടെ പെരുമാറ്റമെന്നതിനാൽ കേസ് ഒതുക്കിത്തീർക്കാൻ നീക്കം നടക്കുന്നതായി വിമർശനം ഉയരുന്നുണ്ട്.

ആശ്രമത്തിലെത്തിയ വിദേശ പൗരന് വേണ്ട നിയമ സഹായങ്ങളൊന്നും തന്നെ ഇവർ ചെയ്തുകൊടുത്തിട്ടില്ല. പൊലീസ് ഇത് വരെ മൊഴി പോലും എടുക്കാൻ തയ്യാറായിട്ടില്ല. എന്നാൽ കോഫി ഷോപ്പിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയെന്ന കടയുടമ ശ്യാമിന്റെ പരാതിയിൽ പൊലീസ് നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ ഇടുകയും മഹസറെഴുതുകയും ചെയ്തു. ഒരു വിദേശ പൗരന് ക്രൂരമായി മർദ്ദനമേറ്റ് മൃതപ്രായനായി കിടക്കുമ്പോഴും പൊലീസ് തിരിഞ്ഞു നോക്കാത്തത് ഈ വിഷയത്തിൽ ദുരൂഹതയുണ്ടാക്കുന്നുണ്ട്.

ഐസിയുവിന് മുന്നിൽ മഠം തന്നെ കാവലിന് ആളെ നിയോഗിച്ചിട്ടുണ്ട്. യുവാവിന്റെ വിവരങ്ങൾ തിരക്കി ആരൊക്കെ വരുന്നുവെന്നും എന്തക്കെ സംഭവിക്കുന്നുവെന്നും നിരീക്ഷിക്കാനും പ്രത്യേകം ആളുകളുണ്ട്. യുവാവിന്റെ കാര്യങ്ങൾ തിരക്കിയെത്തുന്നവരോട് നിങ്ങൾക്ക് ഇതൊക്കെ അറിയേണ്ട കാര്യമെന്തെന്നാണ് ചിലർ ചോദിച്ചത്. അതായത് വിവരങ്ങൾ പുറത്ത് അറിയാതിരിക്കാൻ പ്രത്യേക നിർദ്ദേശവും ജാഗ്രതയുമാണ് മഠം അതികൃതർ കൈക്കൊണ്ടിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇയാൾക്ക് കൂട്ടിരിപ്പുകാരനായി ഒരു വിദേശിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ മരിയോയെ സംബന്ധിക്കുന്ന ഒരു വിവരവും ഇയാൾക്ക് അറിയില്ലെന്നാണ് ഇയാൾ തന്നെ പറയുന്നത്.