കൊച്ചി: ഗൾഫ് രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേർ നടന്നുവന്നത് വൻ പകൽകൊള്ളയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് അടുത്തകാലത്തായി പുറത്തുവന്നത്. അൽസറഫ ഉടമ ഉതുപ്പു വർഗീസിന്റെ റിക്രൂട്ടിങ് തട്ടിപ്പിന് പുറമേ സമാനമായ രീതിയിൽ ജനങ്ങളെ കൊള്ളയടിക്കുന്ന മറ്റൊരു സ്ഥാപനം കൂടി എമിഗ്രേഷൻ വിഭാഗവും പൊലീസും ചേർന്ന് പൂട്ടിച്ചു. കുവൈത്തിൻ നഴ്‌സിങ് ജോലിക്കായുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന് പത്തിരട്ടി ഫീസ് ഈടാക്കിയ എറണാകുളം പള്ളിമുക്കിലെ ഖദാമത് ഇന്റഗ്രേറ്റഡ് എന്ന സ്ഥാപനമാണ് ഉദ്യോഗസ്ഥർ ഇടപെട്ട് അടച്ചുപൂട്ടിച്ചത്.

തുറന്ന ദിവസം തന്നെ പൊലീസും എമിഗ്രേഷൻ വിഭാഗവും ചേർന്ന് അടച്ചുപൂട്ടിച്ചു. സർട്ടിഫിക്കറ്റിനായി 36,000 രൂപ വാങ്ങിയെന്ന പരാതിയിലാണ് നടപടി. മെഡിക്കൽ സർട്ടിഫിക്കറ്റ് നേരത്തേ നൽകിയിരുന്നത് ഗാംക എന്ന സ്ഥാപനമായിരുന്നു. ഇവർ 2,500 മുതൽ 3,600 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഇന്നലെ മുതൽ കുവൈറ്റ് ആസ്ഥാനമായ ഖദാമത് ഇന്റഗ്രേറ്റഡിന് ചുമതല നൽകി. ഇവർ 36,000 രൂപ വരെ ഈടാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാണ് അനുവാദം. എത്ര ഫീസ് വാങ്ങാമെന്നതിന്റെ രേഖകളൊന്നും ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ലെന്ന് പ്രൊട്ടക്ടർ ഒഫ് എമിഗ്രന്റ്‌സ് അഡോൾഫ് ലോറൻസ് പറഞ്ഞു. അമിത ഫീസ് ഈടാക്കിയ സ്ഥാപനത്തിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.

കുവൈറ്റിൽ നഴ്‌സിങ് ജോലിക്കു പോകുന്നവർക്ക് ഇന്ത്യയിൽ നിന്നുള്ളതിന് പുറമേ അവിടെയെത്തുമ്പോഴും മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനുള്ള ഫീസ് അതത് കമ്പനികളാണ് നൽകുന്നത്. വിദേശത്ത് മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടാൽ ഇവിടെ നൽകിയ പണം നഷ്ടമാകും. കുവൈറ്റ് ആരോഗ്യമന്ത്രാലയമോ സർക്കാരോ മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ച വിവരം കേന്ദ്രസർക്കാരിനെയോ എമിഗ്രേഷൻ വിഭാഗത്തെയോ അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കുവൈറ്റ് സർക്കാരിന്റെ രേഖകളൊന്നും ഖദാമത് കമ്പനിക്ക് ഹാജരാക്കാനുമായില്ല. പരിശോധന നടത്താനുള്ള അനുമതി പത്രം മാത്രമേ സ്ഥാപനത്തിനുള്ളൂ.

ഇന്നലെ രാവിലെ അറുപതോളം ഉദ്യോഗാർത്ഥികളുടെ സംഘം പ്രതിഷേധിച്ചതോടെ എറണാകുളം സൗത്ത് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസും എമിഗ്രേഷൻ അധികൃതരും പരിശോധിച്ചശേഷമാണ് സ്ഥാപനം പൂട്ടിയത്. ഖദാമതിന്റെ ഇന്ത്യയിലെ ആസ്ഥാനം മുബൈ ആണ്.