- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല പൊട്ടിപ്പിളര്ണ്... കണ്ണ് മറിയണ്... കാലിൽ തരിപ്പ് കേറണ് മക്കളേ...; വീട്ടമ്മ കരഞ്ഞു പറയുമ്പോഴും വാർഡിൽ കൊണ്ടുപോ എന്ന് പറഞ്ഞ് കടമ തീർത്ത് ഡോക്ടർമാർ; നിർണായക മണിക്കൂറുകൾ നഷ്ടമാക്കി; വീട്ടമ്മയുടെ ജീവൻ കവർന്നത് മെഡിക്കൽ കോളേജ് അധികൃതരുടെ തികഞ്ഞ അലംഭാവം തന്നെ
തിരുവനന്തപുരം; തല പൊട്ടിപ്പിളര്ണ് മക്കളേ.. കണ്ണ് മറിയണ്... കാലിൽ തരിപ്പ് കേറണ്.. എന്തെങ്കിലും ചെയ്യ്.. വേദനകൊണ്ട് പുളഞ്ഞ്, ശ്വാസംമുട്ടിപ്പിടഞ്ഞ് ആ അമ്മ കേണപക്ഷേച്ചിട്ടും അവരെ ഐസിയു ഒഴിവില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ നിന്ന്. ഉടൻ തന്നെ രക്തംപരിശോധിച്ച് ആന്റിവെനം കുത്തിവയ്ക്കുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് പറയുകയാണ് കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വട്ടിയൂർക്കാവ് സ്വദേശിനി ഷീലയെന്ന വീട്ടമ്മയുടെ മകനും ബന്ധുക്കളും. തികഞ്ഞ അനാസ്ഥയാണ് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ ഉണ്ടായതെന്ന് ഷീലയെ ആശുപത്രിയിൽ എത്തിച്ച മകൻ ഗോകുലും ബന്ധുവായ സന്തോഷും മറുനാടനോട് പറഞ്ഞു.
രാത്രി ഡ്യൂട്ടിക്ക് ഒരൊറ്റ സീനിയർ ഡോക്ടർപോലും ഇത്തരമൊരു അടിയന്തിര സാഹചര്യം നേരിടാൻ കാഷ്വാലിറ്റിയിൽ ഇല്ലായിരുന്നു എന്നതിൽ തുടങ്ങുന്നു ഒരു കുടുംബത്തിന്റെ പ്രകാശമായിരുന്ന വീട്ടമ്മയുടെ പ്രാണനെടുക്കുത്തിന് കാരണമായ അനാസ്ഥ. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് രാത്രി ടോയ്ലറ്റിൽ പോകാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് തറയിൽ കാൽവച്ചപ്പോൾ വട്ടിയൂർക്കാവ് വള്ളൈക്കടവ് ചാത്തൻതറവീട് ഗോപികഭവനിൽ ഷീലയ്ക്ക് (50) മൂർഖന്റെ കടിയേൽക്കുന്നത്. ഉടൻ തന്നെ മകൻ ഗോകുൽ ബൈക്കിലിരുത്തി അമ്മയെ പേരൂർക്കട ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ നിന്ന് പ്രഥമശുശ്രൂഷയും പ്രാഥമിക കുത്തിവയ്‌പ്പുമെല്ലാം നൽകി സമയം ഒട്ടുംകളയാതെ ആശുപത്രി അധികൃതർ തന്നെ ആംബുലൻസ് വരുത്തി ഷീലയേയും മകനേയും മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിയതോടെ കഥമാറി. കാഷ്വാലിറ്റിയിൽ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നത് പിജി. വിദ്യാർത്ഥിനികളായ രണ്ട് ജൂനിയർ ഡോക്ടർമാർ മാത്രം. അവരാകട്ടെ പാമ്പുകടിയേറ്റ് എത്തുന്ന രോഗിക്ക് നൽകേണ്ട അടിയന്തിര സഹായം ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല ഐസിയുവിലേക്ക് മാറ്റുകയും ഉടൻ തന്നെ രക്തം പരിശോധിച്ച് ആന്റിവെനം നൽകുകയും ചെയ്യുന്നതിന് പകരം പതിനേഴാം വാർഡിലേക്ക് കൊണ്ടുപോകാൻ പറയുകയുമായിരുന്നു.
'പന്ത്രണ്ടര ഒരുമണിയോടെയാണ് കാഷ്വാലിറ്റിയിൽ എത്തിച്ചത്. ഉടനെ അവിടെ തന്നെ റെഡ് സോണിൽ കാണിക്കാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ രണ്ട് ജൂനിയർ ഡോക്ടർമാരായ പെൺകുട്ടികൾ ആണ് ഉണ്ടായിരുന്നത്. അവർ കാലെല്ലാം പരിശോധിച്ച് ഏതുപാമ്പാണ് കടിച്ചതെന്നും മറ്റും ചോദിച്ചു. പാമ്പിനെ കണ്ടില്ലെന്നും മൂർഖനാണ് കടിച്ചതെന്നാണ് കരുതുന്നതെന്നും പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് താമസിക്കുന്ന ഷെഡിൽ മൂർഖനെ കണ്ടിരുന്നതിനാലാണ് മൂർഖൻ തന്നെയെന്ന് ഉറപ്പായും പറഞ്ഞത്. എന്നാൽ ഏതുപാമ്പാണ് കടിച്ചതെന്ന് ഉറപ്പില്ലാതെ കുത്തിവയ്ക്കാൻ പറ്റില്ലെന്നായിരുന്നു ഡോക്ടർമാരായ പെൺകുട്ടികൾ പറഞ്ഞത്. അമ്മയും അവരോട് എന്തെങ്കിലും ചെയ്യാനും തല പൊട്ടിപ്പിളരുന്നെന്നും കാലിൽ തരിപ്പ് കയറുന്നെന്നും പറഞ്ഞ് കരഞ്ഞു. അമ്മയോട് ഒന്നുമുതൽ 30 വരെ എണ്ണാൻ പറഞ്ഞു. ആദ്യം അമ്മ എണ്ണി. പിന്നീട് കണ്ണു മറിയുന്നെന്ന് പറഞ്ഞു. ഇടയ്ക്ക് വന്ന് നോക്കി. അരമണിക്കൂർ കഴിഞ്ഞ് വന്ന് ഐസിയു ഇല്ലെന്നാണ് പറഞ്ഞത്. ഇതിനിടെ പിന്നെയും അമ്മയോട് 30 വരെ എണ്ണാൻ പറഞ്ഞു. പക്ഷേ.. പത്തുവരെ എണ്ണുമ്പോഴേക്കും അമ്മ കുഴഞ്ഞുപോയി.' - മകൻ ഗോകുൽ പറയുന്നു.
ഏതാണ്ട് അർദ്ധ അബോധാവസ്ഥയിലായ വീട്ടമ്മയെ പെട്ടെന്ന് എന്തെങ്കിലും ചെയ്ത് രക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും പതിനേഴാം വാർഡിലേക്ക് കൊണ്ടുപോകാനും അവിടെ ചെന്നാൽ ഐസിയു കിട്ടുമ്പോൾ മാറ്റാമെന്നും പറയുകയായിരുന്നു. പിന്നീട് ഓക്സിജൻ മാസ്‌ക് വച്ച് ഷീലയെ മുകളിലെ നിലയിലെ പതിനേഴാം വാർഡിലേക്ക് അയച്ചു. ലിഫ്റ്റിന് അടുത്ത് എത്തിയപ്പോൾ ലിഫ്റ്റ് ഇല്ല. മുകളിൽ ബ്ളോക്ക് ചെയ്തു വച്ചതാണെന്ന് തോന്നിയപ്പോൾ സെക്യൂരിറ്റി ചൂടായി. തുടർന്ന് ബഹളംവച്ചതോടെ കാൽ മണിക്കൂറോളം കഴിഞ്ഞാണ് ലിഫ്റ്റ് താഴെ എത്തിച്ചത്. പതിനേഴാം വാർഡിലെ ഡോക്ടമാരുടെ അടുത്തേക്ക് ഞങ്ങൾ അമ്മയേയും തള്ളി ഓടുകയായിരുന്നു. അവിടെ ചെന്നപ്പോൾ അവിടെയും രണ്ട് ജൂനിയർ പിജി ഡോക്ടർമാരായ ആൺകുട്ടികളാണ് ഉണ്ടായിരുന്നത്.
അവർ ആദ്യം ചോദിച്ചത് ഇങ്ങോട്ട് എന്തിനാണ് ഇത്രയും സീരിയസായ രോഗിയെ കൊണ്ടുവന്നതെന്നാണ്. പിന്നീട് അവർ ഐസിയു കിട്ടുമോ എന്ന് നോക്കട്ടെയന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ഇതിനിടെ സമയം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അമ്മയുടെ അവസ്ഥ മോശമായി ശരീരം തണുത്ത അവസ്ഥയിലേക്ക് മാറി. മിടിപ്പ് തീരെ ഇല്ലാത്ത സ്ഥിതിയിലേക്കായി. കാലുമുഴുവൻ നീലിച്ച നിറമായി. ഇതോടെ ഡോക്ടർമാർ അമ്മയെ അടുത്തൊരു കുടുസ്സുമുറിയിലേക്ക് മാറ്റി. രാത്രി ഡ്യൂട്ടിക്കുണ്ടായിരുന്നവരും ക്ളീനിങ് സ്റ്റാഫും മറ്റും ഉറങ്ങുന്ന സ്ഥലമായിരുന്നു എന്ന് തോന്നുന്നു. അമ്മയുടെ പൾസ് തീരെ ഇല്ലാതായതോടെ ഡോക്ടർമാർ അവിടെവച്ച് സിപിആർ കൊടുത്തു. കുറച്ചു നേരത്തിന് ശേഷം പൾസ് വന്നെന്നും വേഗം ഐസിയുവിലേക്ക് മാറ്റാമെന്നും പറഞ്ഞു. പിന്നീട് അതിലൊരു ഡോക്ടറും കൂടെ വന്ന് മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടത്തിലെ ഐസിയുവിലേക്ക് മാറ്റി. പക്ഷേ, അപ്പോഴേക്കും ഷീലയുടെ ശരീരം തണുത്ത് വിറങ്ങലിച്ച നിലയിലായെന്ന് ഗോകുലും സന്തോഷും പറഞ്ഞു.
അപ്പോഴേക്കും രണ്ടുരണ്ടര മണിക്കൂർ കഴിഞ്ഞിരുന്നു അമ്മയെ ആശുപത്രിയിൽ എത്തിച്ചിട്ട്. അവിടെയുണ്ടായിരുന്നത് തമിഴ് കലർന്ന മലയാളം സംസാരിക്കുന്നൊരു ഡോക്ടറായിരുന്നു. അദ്ദേഹം അമ്മയ്ക്ക് നേരത്തെ മറ്റെന്തിങ്കിലും രോഗമുണ്ടായിരുന്നോ എന്നും മറ്റും ചോദിച്ചു. അമ്മയ്ക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായെന്നും ആന്റിവെനം നൽകാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്. പിന്നീട് രക്തം പരിശോധിക്കാനും മറ്റും തന്നുവിട്ടു. പുലർച്ചെയോടെയാണ് രക്ത പരിശോധനയെല്ലാം കഴിഞ്ഞ് ആന്റിവെനം നൽകിയതെന്നാണ് സന്തോഷും ഗോകുലും ഉറപ്പിച്ച് പറയുന്നത്. നേരം വെളുത്തശേഷം കഞ്ഞിയും മറ്റും കൊണ്ടുവരാൻ പറഞ്ഞതോടെ ഞങ്ങൾ വലിയ പ്രതീക്ഷയിലായിരുന്നു. അമ്മയെ തിരിച്ചുകിട്ടുമെന്നു തന്നെയാണ് കരുതിയതെന്നും എന്നാൽ പിന്നീട് മരിച്ചുവന്ന വിവരമാണ് വന്നതെന്നും ഗോകുൽ സങ്കടത്തോടെ പറയുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട വകുപ്പു മന്ത്രിക്കും ആർഡിഓയ്ക്കും ഇന്നുതന്നെ പരാതി നൽകുമെന്ന് മകനും ബന്ധുക്കളും പറഞ്ഞു.
പാമ്പുകടിയേറ്റ് വന്ന രോഗിക്ക സമയം ഒട്ടുംകളയാതെ അടിയന്തിര ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ അവരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് പരിസ്ഥിതി പ്രവർത്തകനായ വാവ സുരേഷ് കഴിഞ്ഞദിവസം മറുനാടനോട് പ്രതികരിച്ചത്. പാമ്പുകടിയേൽക്കുന്നയാളുടെ ജീവൻ രക്ഷിക്കാൻ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നിരിക്കെ ഏതാണ്ട് മൂന്നുമണിക്കൂറോളം എടുത്ത് മൃതാവസ്ഥയിലാണ് ഷീലയെ ഒടുവിൽ ഐസിയുവിലേക്ക് മാറ്റിയതെന്നും ആന്റിവെനം നൽകിയെന്നുമാണ് മകന്റെയും ബന്ധുക്കളുടേയും വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. രാത്രി ഇത്തരം അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർപോലും ഇല്ലാതെ അനാഥമാണ് തലസ്ഥാന ജില്ലയിലെ ആയിരങ്ങളുടെ ജീവൻ രക്ഷിക്കേണ്ട മെഡിക്കൽ കോളേജിലെ ഐസിയു എന്നും ഈ സംഭവത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ സ്ഥിതി ഇനിയെങ്കിലും മാറിയില്ലെങ്കിൽ പാവപ്പെട്ട നിരവധിപേരുടെ അത്താണിയായ മെഡിക്കൽ കോളേജ് ഇനിയും ഇത്തരം ജീവനുകൾ കവർന്നുകൊണ്ടിരിക്കും.
മറുനാടന് മലയാളി ബ്യൂറോ