തിരുവനന്തപുരം: ഒന്നിച്ചിരിക്കുന്നത് ഇത്രയും വലിയ കുറ്റമാണോ? ഫാറൂഖ് കേളേജ് കാമ്പസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതിന് എതിരായി നടന്ന സമരങ്ങൾ കേരളം മുഴുവൻ ഏറ്റെടുത്തതാണ്. എന്നാൽ, ആൺ-പെൺ സൗഹൃദങ്ങൾക്ക് വിലക്കിടാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവികളായ അദ്ധ്യാപകരും രംഗത്തെത്തിയിരിക്കയാണ്. സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി ലോകമെങ്ങും മുറവിളികൾ ഉയരുമ്പോഴാണ് ഒന്നിച്ചിരിക്കുന്നതിന്റെ പേരിൽ എതിർപ്പുമായി കോളേജ് മോധാവികൾ രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ ക്ലാസിൽ ഒന്നിച്ചിരിക്കുന്നതിന്റെ പേരിൽ പ്രതികാര നടപടികളുമായി അദ്ധ്യാപകർ രംഗത്തെത്തിയതോടെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായിരിക്കയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ ക്ലാസിൽ ഇടകലർന്നിരിക്കുന്നതിനാണ് അദ്ധ്യാപകർ വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നാഴ്ച മുമ്പ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ജെൻഡർ സെൻസിറ്റൈസേഷൻ എന്ന വിഷയത്തിൽ കോളേജിൽ സെമിനാർ സംഘടിപ്പിരുന്നു. ഈ സെമിനാർ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചായിരുന്നു പ്രധാന വിഷയം. അതുകൊണ്ട് തന്നെ പുരോഗമനപരമായ ആശയങ്ങളെ വിദ്യാർത്ഥികൾ ഉൾക്കൊള്ളുകയും ചെയ്തു.

സെമിനാറിന് ശേഷം ക്‌ളാസിൽ വിദ്യാർത്ഥികൾ ഇടകലർന്നിരിക്കാൻ തുടങ്ങി. ചില ക്ലാസുകളിൽ ചില സമയങ്ങളിൽ വിദ്യാർത്ഥികൾ ഇടകലർന്നിരിക്കാൻ തുടങ്ങി. ഇതിനെ ചില അദ്ധ്യാപകർ കുറ്റമൊന്നും പറഞ്ഞതുമില്ല. എന്നാൽ, വകുപ്പ് മേധാവികളായ സീനിയർ അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ സ്ഥാനമാറ്റം ഇഷ്ടമായില്ല. ഇത് വിലക്കി കൊണ്ടാണ് അദ്ധ്യാപകർ രംഗത്തെത്തിയത്. എന്നാൽ, വിലക്ക് മാനിക്കാൻ വിദ്യാർത്ഥികൾ കൂട്ടാക്കിയില്ല. തുടർന്നാണ് അവർ ഒന്നിച്ചിരിക്കുന്നത് പതിവാക്കി.

ഇതിനിടെ ഒരു അദ്ധ്യാപികയാണ് തന്റെ ക്ലാസിൽ വിദ്യാർത്ഥികൾ ഒരുമിച്ചിരിക്കരുത് എന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്. ഇതിനെ നിശിദമായി വിമർശിച്ച് സീനിയർ വിദ്യാർത്ഥികളിലൊരാൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഈ പോസ്റ്റ് നിരവധി പേർ ലൈക്ക് ചെയ്യുകയും ചെയ്തു. തുടർന്നാണ് പോസ്റ്റിലെ പരാമർശങ്ങൾക്കെതിരെ വകുപ്പ് മേധാവികൾ സംഘടിച്ചത്. ഇവർ പിടിഎ യോഗം വിളിച്ചു ചേർത്ത് വിദ്യാർത്ഥിയിട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രിന്റൗട്ട് യോഗത്തിൽ വിതരണം ചെയ്തത്.

ഇതോടെ ക്ലാസിൽ വിദ്യാർത്ഥികൾ ഇടകലർന്നിരിക്കുന്ന വിവരവും രക്ഷിതാക്കളെ ധരിപ്പിച്ചു. ചില വിദ്യാർത്ഥികളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് വിമർശനം ഉന്നയിച്ചത്. ഇതോടെ രക്ഷിതാക്കൡ ചിലർ കരയുന്ന അവസ്ഥ പോലുമുണ്ടായി. സീനിയർ വിദ്യാർത്ഥിനി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് അൺലൈക്ക് ചെയ്യണം എന്നതായിരുന്നു അദ്ധ്യാപകരുടെ പ്രധാന ആവശ്യം. അല്ലെങ്കിൽ അതിന്റെ ദുരിതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് അദ്ധ്യാപകരിൽ നിന്നും ഉണ്ടായത്.

ഫേസ്‌ബുക്ക് പോസ്റ്റിട്ട വിദ്യാർത്ഥിയ്‌ക്കെതിരെ നടപടികൾ കടുക്കുമെന്ന ഘട്ടം വന്നതോടെ വിഷയം വിദ്യാർത്ഥി യൂണിയൻ ഏറ്റെടുത്തു. പ്രിൻസിപ്പലിനെ കണ്ട് യൂണിയൻ പ്രതിഷേധം അറിയിച്ചതോടെ സംഭവം അന്വേഷിച്ച് പരിഹാരം കാണാമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതാദ്യമായാല്ല തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ സാദാചര സ്വഭാവത്തിലുള്ള നടപടികൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം കോളേജ് കാമ്പസിൽ ക്യാമ്പസിൽ ജീൻസിനും ലെഗ്ഗിങ്‌സിനും വിലക്കേർപ്പെടുത്തിയ അദ്ധ്യാപകരുടെ നടപടി ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ക്യാമ്പസിൽ വിദ്യാർത്ഥികൾ ധരിക്കേണ്ടതും അല്ലാത്തതുമായ വേഷങ്ങൾ ആൺ, പെൺ വേർതിരിവോടെ വ്യക്തമാക്കുന്ന വൈസ് പ്രിൻസിപ്പൽ ഒപ്പിട്ട സർക്കുലർ പുറത്തിറക്കിയതോടെയാണ് വിവാദമുണ്ടായത്. ആൺകുട്ടികൾ സാധാരണ ചെരുപ്പ്, ജീൻസ്, ടീഷർട്ട്, മറ്റ് കാഷ്വൽ വേഷങ്ങൾ എന്നിവ ധരിക്കരുതെന്ന് സർക്കുലറിൽ പറയുന്നു. പെൺകുട്ടികൾ ലെഗിങ്‌സ്, ഷോർട് ടോപ്പ്, ജീൻസ് എന്നിവ കൂടാതെ കിലുക്കമുള്ള ആഭരണങ്ങൾ ധരിക്കരുതെന്നുമായിരുന്നു സർക്കുലറിലെ നിർദ്ദേശം. വസ്ത്രധാരണത്തിലെ നിബന്ധനകളുടെ കാലം കഴിഞ്ഞെന്ന അഭിപ്രായം അന്നു ഉയർന്നിരുന്നു.