മലപ്പുറം: കുറഞ്ഞ ചെലവിൽ ലഭിക്കുന്ന മരുന്നുകൾ കയ്യൊഴിഞ്ഞ്, ഭീമമായ വില ഈടാക്കുന്ന കമ്പനികളുടെ മരുന്നുകൾ മെഡിക്കൽ കോർപ്പറേഷൻ വാങ്ങുന്നു. കുറഞ്ഞ ചെലവിൽ ലഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മരുന്നുൽപാദന സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസി(കെഎസ്ഡിപി)ന്റെ മരുന്നുകളാണ് മെഡിക്കൽ കോർപ്പറേഷൻ കയ്യൊഴിയുന്നത്.

കെഎസ്ഡിപിയുടെ മരുന്നുകൾക്ക് വിലക്കുറവും ഗുണനിലവാരവും ഉണ്ടെന്നിരിക്കെയാണ് മെഡിക്കൽ കോർപ്പറേഷൻ മറ്റു കമ്പനികളുടെ മരുന്നുകൾ വാങ്ങുകയും ഇവരോട് കൂടുതൽ താൽപര്യം കാണിക്കുകയും ചെയ്യുന്നത്. മറ്റു കമ്പനികളുടെ മരുന്നുകൾ വാങ്ങുന്നതിനാൽ സർക്കാരിന് വൻ സാമ്പത്തിക നഷ്ടവുമുണ്ടാകുന്നു.

കെഎസ്ഡിപിയുടെ അമോക്‌സിലിസ് രണ്ടു രൂപയ്ക്ക് നൽകുമ്പോൾ മാർക്കറ്റിൽ ഇതിന് 10 രൂപയാണ് ഈടാക്കുന്നത്. പാരസെറ്റമോളും ഷുഗറിനുള്ള മെറ്റ്‌ഫോർമിനും കെഎസ്ഡിപി 27 പൈസയ്ക്കു നൽകുമ്പോൾ മാർക്കറ്റിൽ ഒരു രൂപ ഈടാക്കുന്നുണ്ട്. ഇതുപോലെ മറ്റു നിരവധി മരുന്നുകൾക്ക് നാലും അഞ്ചും ഇരട്ടി വില നൽകേണ്ടി വരുന്നത് രോഗികളുടെ നടുവൊടിക്കുന്നുണ്ട്. മരുന്ന് വിപണിയിലെ ഭീമമായ ലാഭവും ഡോക്ടർമാർക്ക് കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങളും രോഗികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

കേരളത്തിൽ വിറ്റഴിക്കുന്നതിലും കൂടുതലായി ആന്ധ്രാപ്രദേശ് സർക്കാരാണ് കെഎസ്ഡിപിയുടെ മരുന്നുകൾ അധികവും വാങ്ങുന്നത്. ഇവിടത്തെ മരുന്നുകൾ മെഡിക്കൽ കോർപ്പറേഷൻ കയ്യൊഴിയുന്നതിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ഡിപി ചെയർമാൻ യു എ ലത്തീഫ് ആരോപിച്ചു.

പുതിയ സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉപയോഗപ്പെടുത്തി നവീകരണത്തിന്റെ പാതയിലാണ് ഇന്ന് കെഎസ്ഡിപി. ഇതിന്റെ ഭാഗമായി പുതിയ പ്ലാന്റും ഇഞ്ചക്ഷൻ യൂണിറ്റും സ്ഥാപിക്കുകയാണ്. ഈ സംവിധാനങ്ങളെല്ലാം കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാൻ, മരുന്നു വിപണിയിലൂടെ കൊള്ളലാഭം കൊയ്യുന്നവരെ തിരിച്ചറിഞ്ഞ് സർക്കാർ ഇടപെടണം. വേണ്ട നടപടികൾ സ്വീകരിച്ച് മേഖലയെ സംരക്ഷിക്കണമെന്നാണ് കെഎസ്ഡിപിയുടെ ആവശ്യം. മരുന്നുവിപണി സർക്കാർ ഏറ്റെടുത്ത് വിപണനമേഖലയിലെ കൊള്ള തടയണമെന്നും കെഎസ്ഡിപി ചെയർമാൻ ആവശ്യപ്പെട്ടു.