ദമ്മാം: ഹജ്ജ് സംഘങ്ങൾക്ക് കൂടെക്കരുതാവുന്ന മരുന്നുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിച്ചു തുടങ്ങി. കസ്റ്റംസ് ക്ലിയറൻസ് അപേക്ഷകൾ ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെയാണ് ഓൺലൈനിൽ സ്വീകരിക്കുക.

ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിലൂടെ മാത്രമാണ് മരുന്ന് കൊണ്ടുവരാൻ അനുവദിക്കുക. തീർത്ഥാടകർക്ക് ഉപയോഗിക്കാൻ ആവശ്യമായ മരുന്നുകളല്ലാതെ വലിയ അളവിലോ കച്ചവടാവശ്യത്തിനോ ഹജ്ജ് സംഘങ്ങൾ വഴി മരുന്ന് ഇറക്കുമതി അനുവദിക്കില്ല. ബാക്കി വരുന്ന മരുന്നുകൾ ഹജ്ജ് ഖാഫിലകൾ തിരിച്ചുകൊണ്ടുപോവുകയും ഉപയോഗിച്ചതിന്റെ കണക്ക് ആവശ്യപ്പെട്ടാൽ ഹാജരാക്കുകയും വേണം. മരുന്നുകളുടെ പേര്, വൈദ്യനാമം, എണ്ണം, അളവ്, ഹജ്ജ് സംഘത്തോടൊപ്പം വരുന്ന ഫാർമസിസ്റ്റിന്റെ പേര് എന്നിവ സഹിതം എക്‌സെൽ ഷീറ്റിൽ ഓൺലൈൻ വഴിയാണ് ക്‌ളിയറൻസിന് അപേക്ഷിക്കേണ്ടത്.
എന്നാൽ അന്താരാഷ്ട്ര തലത്തിലോ സൗദിയിലേ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകൾക്ക് അനുമതി നൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

അനസ്‌തേഷ്യ, മയക്കം, ബുദ്ധിപരമായ മരവിപ്പിക്കൽ എന്നിവക്ക് ഉപയോഗിക്കുന്ന മരുന്ന് കൂട്ടത്തിലുണ്ടെങ്കിൽ പ്രത്യേകം വ്യക്തമാക്കിയിരിക്കണം. കസ്റ്റംസ് ക്ലിയറൻസ് വഴി അനുമതി ലഭിച്ച മരുന്നുകൾ മാത്രമേ സംഘങ്ങൾക്ക് കൂടെ കരുതാൻ സാധിക്കൂ. അനുമതി ലഭിച്ച ശേഷം മരുന്നുകൾ വകമാറി ഉപയോഗിക്കുന്നതിനും കർശന വിലക്കുണ്ട്. ഹജ്ജ് മാസം തുടങ്ങിയ ശേഷം നൽകുന്ന അപേക്ഷകളൊന്നും ഒരുകാരണവശാലും പരിഗണിക്കുകയുമില്ല.