ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ മെയ്‌ മൂന്നിന് നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയത് മറ്റൊരു വഴിയുമില്ലാതെ. ഹരിയാനയിൽ ഈ പരീക്ഷയുടെ ചോദ്യപേപ്പർ പുറത്തായെന്ന വാർത്തയെ തുടർന്ന് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് തെളിഞ്ഞതോടെ പരീക്ഷ റദ്ദാക്കുകയല്ലാതെ മറ്റ് വഴികളില്ലാതെയായി. കേരളത്തെ പരീക്ഷ റദ്ദാക്കൽ ബാധിക്കില്ലെന്നാണ് സൂചന. ഒരു മാസത്തിനുള്ളിൽ പരീക്ഷ വീണ്ടും നടത്താനും ജസ്റ്റിസ് ആർ.കെ. അഗർവാളും ജസ്റ്റിസ് അമിതാവ റോയിയും അടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവായി. അതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി.

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയത് സംസ്ഥാന മെഡിക്കൽ പ്രവേശനത്തെ ബാധിക്കാനിടയില്ല. കോടതിവിധിപ്രകാരം ഒരു മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ നടത്താൻ സിബിഎസ്ഇ പോലുള്ള ഒരു ബോർഡിന് വലിയ പ്രയാസമുണ്ടാവില്ല. 10, 12 ക്ലാസുകളിൽ പൊതുപരീക്ഷ നടത്തുന്ന സിബിഎസ്ഇ പൊതുവേ ഏത് പരീക്ഷയ്ക്കും ബദൽ ചോദ്യപ്പേപ്പർ സൂക്ഷിച്ചിരിക്കും. ആ സാഹചര്യത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷയുടെ കാര്യത്തിലും പ്രയാസമുണ്ടാകേണ്ടതില്ല. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ കഴിഞ്ഞുള്ള അലോട്ട്‌മെന്റ് വൈകിയാലും മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞ് ഒഴിവുള്ള എംബിബിഎസ്/ബിഡിഎസ് സീറ്റുകൾ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കും.

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് ജമ്മുകശ്മീർ, ആന്ധ്ര ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളിലേക്കാണ്. അതുകൊണ്ടുതന്നെ സംസ്ഥാന മെഡിക്കൽ പ്രവേശനത്തെ സുപ്രീംകോടതി വിധി ബാധിക്കുകയില്ല. സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലേക്ക് ഇതുകൂടി കണക്കിലെടുത്ത് ഒരു പ്രത്യേക അലോട്ട്‌മെന്റ് നടത്താറാണ് പതിവ്. മെഡിക്കൽ പ്രവേശനത്തിനുള്ള സമയപരിധി സുപ്രീംകോടതി വിധിപ്രകാരം സപ്റ്റംബർ 30നാണ് തീരുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തീയതി നീണ്ടുപോകാനിടയില്ല.

6.3 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. രാജ്യത്ത് ആകെയുള്ള മെഡിക്കൽ സീറ്റുകളിൽ 15 ശതമാനം പ്രവേശനം നടത്തേണ്ടത് ഈ പരീക്ഷാ വിജയികളിൽ നിന്നാണ്. ഇതോടെ ഈ വർഷത്തെ മെഡിക്കൽ പ്രവേശനം വൈകുമെന്ന് ഉറപ്പായി. ആദ്യമായാണ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ കോടതി റദ്ദാക്കുന്നത്. ഒബ്ജക്ടീവ് മാതൃകയിലുള്ള 180 ചോദ്യങ്ങളാണ് മൂന്നു മണിക്കൂർ പരീക്ഷയിൽ ഉണ്ടായിരുന്നത്. നാലു സെറ്റ് ചോദ്യങ്ങളാണ് സിബിഎസ്ഇ തയാറാക്കിയത്. ഇതിൽ 123 ചോദ്യങ്ങളും ചോർന്നതായി കണ്ടെത്തിയെന്ന് വിധിയിൽ പറയുന്നു. പരീക്ഷ വീണ്ടും നടത്താൻ നാലു മാസം വേണമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഒരു മാസത്തിനുള്ളിൽ പരീക്ഷ നടത്തിയ ചരിത്രമുണ്ട്. സിബിഎസ്ഇ അവസരത്തിനൊത്ത് ഉയർന്ന് അങ്ങനെ ചെയ്യുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് 358 മൊബൈൽ ഫോണുകളിലേക്ക് ഉത്തരങ്ങൾ അയച്ചു കൊടുത്തതായി കണ്ടെത്തി. ശരീരത്തിൽ കെട്ടിവച്ച ഇലക്ട്രോണിക് ഉപകരണത്തിലേക്ക് ഉത്തരങ്ങൾ അയച്ചു കൊടുത്തിട്ടുമുണ്ട്. ഇതിൽ 44 മൊബൈൽ ഫോണുകൾ വ്യാജ മേൽവിലാസത്തിലാണ് എടുത്തിരിക്കുന്നത്. സംഘടിതമായി ആസൂത്രണം ചെയ്തു നടത്തിയ ചോർത്തലാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. ഉത്തരങ്ങൾ നൽകാൻ 15 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയതായും അന്വേഷണത്തിൽ തെളിഞ്ഞു.

ചോദ്യപേപ്പർ ചോർന്നുവെന്നും ചുരുങ്ങിയത് ഒൻപതു സംസ്ഥാനങ്ങളിലെ ഒട്ടേറെ വിദ്യാർത്ഥികൾക്ക് അതു ലഭിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായിക്കഴിഞ്ഞു. ഒരൊറ്റ വിദ്യാർത്ഥിക്കു മാത്രമാണ് ഇങ്ങനെ ക്രമക്കേടു വഴി നേട്ടമുണ്ടായതെങ്കിൽ പോലും അത് അർഹരായ വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുന്നതിനു തുല്യമാണ്. പരീക്ഷയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അതിനാൽ പരീക്ഷ റദ്ദാക്കാതിരിക്കുന്നത് ശരിയായി പരീക്ഷയെഴുതിയ വിദ്യാർത്ഥികളോട് കാട്ടുന്ന അനീതിയാവുമെന്ന് കോടതി നിരീക്ഷിച്ചു.

2012ൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ചോർത്തിയ രവി എന്ന വ്യക്തി തന്നെയാണ് ഈ ചോർത്തലിലെയും മുഖ്യപ്രതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ എംബിബിഎസ് വിദ്യാർത്ഥി ചോർത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തയാറാക്കിയത് വികാസ്, സുമിത് എന്നിവരാണ്. 123ൽ 102 ഉത്തരങ്ങളും ശരിയാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇനിയും പരീക്ഷ നടത്തണമെങ്കിൽ 120 ദിവസത്തെ സമയം വേണമെന്നും ഈ വർഷത്തെ മെഡിക്കൽ പ്രവേശനം നാലു മുതൽ എട്ടു മാസം വരെ നീളുമെന്നാണ് സൂചന.