ന്യൂഡൽഹി: ഇനിമുതൽ രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലേക്കും പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രം. സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശന പരീക്ഷ നടത്താൻ സർക്കാരുകൾക്ക് അനുവാദമില്ലെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചു.

മാനേജ്‌മെന്റ് മെഡിക്കൽ കോളേജുകൾ നടത്തുന്ന പ്രവേശന പരീക്ഷയും പരിഗണിക്കേണ്ടെന്നാണു മെഡിക്കൽ കൗൺസിലിന്റെ തീരുമാനം. അടുത്തവർഷം മുതൽ ഈ തീരുമാനങ്ങൾ നടപ്പിലാക്കുമെന്നു മെഡിക്കൽ കൗൺസിൽ അറിയിച്ചു.

പ്രവേശന പരീക്ഷകളിലെ വ്യാപകമായ ക്രമക്കേടുകളും ദുരുപയോഗവും പരിഗണിച്ചാണ് നടപടികൾ. വ്യാഴാഴ്ച രാത്രി അവസാനിച്ച മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ യോഗമാണ് പുതിയ തീരുമാനം കൈകൊണ്ടത്. സംവരണ സീറ്റുകൾ സംബന്ധിച്ച് ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇന്ത്യയിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്കും സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും ഈ തീരുമാനം ബാധകമാണ്. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ സംവരണ അനുപാതം വ്യത്യസ്തമാണെന്നും കോളേജുകളിലെ പ്രവേശനം സംബന്ധച്ച് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസുകളും സംബന്ധിച്ച് ആശയക്കുഴപ്പം ഒഴിവായിട്ടില്ല.

ശുപാർശയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്. കേരളത്തിൽ തന്നെ ഇപ്പോൾ രണ്ട് തരത്തിലുള്ള പ്രവേശനമാണ് നിലവിലുള്ളത്. സർക്കാർ നടത്തുന്ന പ്രവേശനപരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലും മാനേജ്‌മെന്റുകൾ സ്വന്തം നിലയിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലുമാണ് നിലവിലെ പ്രവേശനം.

നിയമത്തിന്റെ വിവിധ വശങ്ങൾ പരിഗണിച്ച് മാത്രമേ തീരുമാനം നടപ്പിലാക്കാനാവൂ എന്ന് മെഡിക്കൽ കൗൺസിലംഗവും എംഇഎസ് പ്രസിഡന്റുമായ ഡോ.ഫസൽ ഗഫൂർ വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന മാനേജ്‌മെന്റുകൾക്ക് സ്വന്തം നിലയിൽ പ്രവേശനം നടത്താമെന്ന സുപ്രീം കോടതി ഉത്തരവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് മാത്രമേ തീരുമാനം നടപ്പിലാക്കാനാവൂ. വെല്ലൂർ, ലുധിയാന മെഡിക്കൽ കോളജുകളുടെ കാര്യത്തിലും പ്രവേശനനടപടികൾ പരിഷ്‌കരിക്കേണ്ടി വരുമെന്നും ഡോ.ഫസൽ ഗഫൂർ ചൂണ്ടിക്കാട്ടി.