കൊച്ചി: കുവൈത്തിലേക്കു പോകുന്ന മലയാളി ഉദ്യോഗാർഥികളുടെ ആരോഗ്യ പരിശോധനയ്ക്കു കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നു ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് ഏജൻസി. ദിവസവും 500 പേരെ പരിശോധിക്കുമെന്നും ഏജൻസി അറിയിച്ചു.

അതേസമയം, പരിശോധനാഫീസ് 12,000 രൂപയിൽ നിന്നു കുറയ്ക്കില്ലെന്നും ഏജൻസി അറിയിച്ചു. കുവൈറ്റിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ആരോഗ്യക്ഷമതാ പരിശോധനയുടെ ചുമതല കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് എന്ന ഏജസിക്കാണ്.

പരിശോധനക്കായി ഓരോ ഉദ്യോഗാർത്ഥിയിൽ നിന്ന് 24000 രൂപ ഈടാക്കുന്നതിൽ പ്രതിഷേധം ഉയർന്നതോടെ കുറച്ചുമാസങ്ങളായി ഏജൻസി അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സർക്കാരുമായുള്ള ചർച്ചക്കൊടുവിൽ ഫീസ് 12000 ആയി കുറയ്ക്കുകയും കഴിഞ്ഞ മാസം 6ന് പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.

രണ്ടാം വരവിൽ ഉദ്യോഗാർത്ഥികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് പരിശോധനക്കായി നേരത്തെ ബുക്ക് ചെയ്യാം. തിരക്ക് കുറയ്ക്കാൻ ആന്ധ്രയിൽ നിന്നുള്ളവർക്ക് ഹൈദരാബാദിലെ ഓഫീസ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി.

ഖദാമത്തിന് മുമ്പ് പരിശോധന നടത്തിയിരുന്ന ഏജൻസി 3600രൂപ മാത്രമെ ഈടാക്കിയിരുന്നുള്ളു. എന്നാൽ 12000 രൂപയിൽ നിന്ന് ഒരു രൂപ പോലും കുറയ്ക്കാൻ പറ്റില്ലെന്നാണ് ഖദാമത്തിന്റെ നിലപാട്. മെഡിക്കൽ പരിശോധന പരാജയപ്പെട്ടാൽ ഉദ്യോഗാർത്ഥിക്ക് ഫീസ് തിരികെ നൽകുമെന്നും ഏജൻസി അറിയിച്ചു.