റിയാദ്: രാജ്യത്ത് ഇനി മുതൽ മെഡിക്കൽ ഇൻഷ്വറൻസ് അപേക്ഷാ ഫോറം ഏകീകരിക്കാൻ തീരുമാനമായി. സ്വദേശികൾക്കും വിദേശികൾക്കും അവരുടെ ആശ്രിതർക്കും നിർബന്ധമായ മെഡിക്കൽ ഇൻഷ്വറൻസ് എടുക്കുന്നതിന് പൂരിപ്പിക്കേണ്ട അപേക്ഷാഫോറമാണ് ഏകീകരിക്കാൻ കോ ഓപറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് സഭ തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നതിനും ആവശ്യമായ വൈദ്യപരിചരണം ലഭിക്കാനും ഏകീകരിച്ച അപേക്ഷാഫോറം അനിവാര്യമാണെന്ന് അധികൃതർ വിശദീകരിച്ചു.


ഇൻഷ്വർ ചെയ്യുന്നവരുടെ ആരോഗ്യ വിവരങ്ങൾ കൃത്യമായി ഇൻഷ്വറൻസ് കമ്പനികളെ നേരിട്ട് അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപേക്ഷാഫോറം ഏകീകരിക്കുന്നതെന്ന് കോ ഓപറേറ്റീവ് ഹെൽത്ത് ഇൻഷൂറൻസ് സഭ സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ സുലൈമാൻ അൽഹുസൈൻ പറഞ്ഞു. കാലപ്പഴക്കമുള്ള പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗത്തെക്കുറിച്ച് ഇൻഷൂർ ചെയ്യുന്ന വേളയിൽ കമ്പനികളെ അറിയിക്കേണ്ടതുണ്ട്. അതുപോലെ അർബുദം, ട്യൂമർ, കിഡ്‌നി രോഗം, ഹൃദ്രോഗം, കരൾ രോഗം എന്നിവയെക്കുറിച്ച് വിവരം നൽകേണ്ടതും ഇൻഷൂർ സംഖ്യ കണക്കാക്കുന്നതിന് അനിവാര്യമാണ്. ഇത്തരം വിവരങ്ങൾ സത്യസന്ധമായി നൽകണമെങ്കിൽ ഉപഭോക്താവ് നേരിട്ട് ഫോറം പൂരിപ്പിക്കുന്ന രീതി അനിവാര്യമാണ്. പല ഇൻഷൂർ കമ്പനികളും വിവിധ രൂപത്തിലുള്ള ഫോമുകളാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ജോലിക്കാർക്ക് വേണ്ടി കമ്പനി അധികൃതരാണ് ഫോമുകൾ ഒന്നിച്ച് പൂരിപ്പിക്കുന്നത്. ഈ സന്ദർഭത്തിൽ വിവരങ്ങൾ കൃത്യമായി നൽകാനാവില്ല. അതിനാലാണ് ഉപഭോക്താവ് നേരിട്ട് ഫോറം പൂരിപ്പിക്കണമെന്ന നിബന്ധന അധികൃതർ വെക്കുന്നത്.