റിയാദ്: രാജ്യത്തെ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും ഇഖാമ ലഭിക്കുന്നതിന് മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാണെന്ന് കോഓപറേറ്റീവ് ഹെൽത്ത് ഇൻഷൂറൻസ് സമിതി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനത്തിലൂടെ പാസ്‌പോർട്ട് വിഭാഗവുമായി ബന്ധിപ്പിക്കുമെന്നതിനാൽ ഇൻഷൂറൻസ് ഇല്ലാതെ ഇഖാമ എടുക്കാനോ പുതുക്കാനോ സാധ്യമാവില്ലന്ന് ഹെൽത്ത് ഇൻഷൂറൻസ് സമിതി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല ഇബ്രാഹീം അശ്ശരീഫ് പറഞ്ഞു.

രാജ്യത്ത് താമസിക്കുന്ന മുഴുവൻ വിദേശികളേയും ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പോളിസി നിർബന്ധമാക്കിയത്. സൗദിയിലെ 10 ദശലക്ഷം വിദേശികളുടെ കുടുംബാംഗങ്ങളെ 29 ഇൻഷുറൻസ് കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തന്റെ കീഴിൽ ജോലിചെയ്യുന്ന തൊഴിലാളിക്കും അയാളുടെ കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്ത് നൽകേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. ഇത് ലംഘിക്കുന്ന സ്ഥാപനത്തിന് റിക്രൂട്ട്‌മെന്റ് നടപടികൾ താൽക്കാലികമായോ സ്ഥിരമായോ തടഞ്ഞുവയ്ക്കുമെന്നും അദ്ദേഹം മുന്ന റിയിപ്പ് നൽകി.

സൗദി ജവാസാത്തിനെ കംപ്യൂട്ടർ ശൃംഖല വഴി ദേശീയ ഇൻഫർമേഷൻ വിഭാഗം, ആരോഗ്യ കൗൺസിൽ, ആരോഗ്യ ഇൻഷുറൻസ് അൽ ഇൽമു കമ്പനി തുടങ്ങിയ വകുപ്പുകളുമായി ബന്ധിപ്പിച്ചതായി ദേശീയ ഇൻഫർമേഷൻ ടെക്‌നിക്കൽ വിഭാഗം മേധാവി എൻജിനീയർ അഹമ്മദ് അൽ ദബ്ബാസ് പറഞ്ഞു.

പാസ്‌പോർട്ട് വിഭാഗം (ജവാസാത്ത്), നാഷനൽ ഇൻഫർമേഷൻ സെന്റർ, അൽഅലം ഐ.ടി കമ്പനി എന്നിവ സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുക. സ്വദേശികൾക്കും സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുമെന്നതിനാൽ വിദേശികൾ ഉൾപ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും മെഡിക്കൽ കവറേജ് ഉറപ്പുവരുത്തുകയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടത്തിൽ സൗദിയിലേക്ക് സന്ദർശനവിസയിൽ വരുന്നവർക്കും മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാവും.

ഫാമിലി സ്റ്റാറ്റസിലല്ലാതെ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്ന ആയിരക്കണക്കിന് വിദേശികൾക്ക് പുതിയ നിയമം പ്രയാസം സൃഷ്ടിക്കും. കുടുംബത്തിന്റെ മെഡിക്കൽ ഇൻഷൂറൻസ് കമ്പനി നൽകാത്ത സാഹചര്യത്തിൽ സ്വന്തമായി ചെലവ് വഹിക്കാൻ ഇത്തരം കുറഞ്ഞ വരുമാനക്കാർ നിർബന്ധിതരാവും. സ്വന്തം ചെലവിൽ ഇൻഷൂറൻസ് വഹിക്കാൻ തയാറാവാത്ത സാഹചര്യത്തിൽ ഇത്തരക്കാരുടെ കുടുംബങ്ങളെ നിർബന്ധിച്ച് തിരിച്ചയക്കാനും തൊഴിലുടമകൾ ശ്രമിച്ചേക്കും.