ചെന്നൈ : മെഡിക്കൽ പ്രവേശനം കിട്ടാത്തതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. തിഴ്‌നാട്ടിലെ കുഴുമുറൈ സ്വദേശി ഷൺമുഖം എന്നയാളുടെ മകൾ അനിതയാണ് മരിച്ചത്. പ്ലസ്ടുവിന് 1200 ൽ 1700 ന് മേൽ മാർക്ക് അനിത നേടിയിരുന്നു. നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പ്ലസ് ടുവിന് 1200ൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്. സ്‌കൂളിൽ തന്നെ ഏറ്റവും അധികം മാർക്ക് ലഭിച്ചിട്ടും മെഡിക്കൽ പ്രവേശനം ലഭിക്കാത്തത്തിൽ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അരിയല്ലൂരിൽ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.

ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളായ അനിത പഠിക്കാൻ സമർഥയായിരുന്നു. പ്ലസ് ടു പരീക്ഷയിലും മികച്ച മാർക്കുണ്ടായിരുന്ന അനിതക്ക് മെഡിസിന് പോകാനായിരുന്നു താൽപര്യം. നല്ല മാർക്ക് ലഭിച്ചതോടെ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയും വർധിച്ചിരുന്നു. എന്നാൽ ജീവിതാഭിലാഷമായിരുന്ന മെഡിക്കൽ പ്രവേശനത്തിന് അഡ്‌മിഷൻ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

നീറ്റിൽ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനിതയും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നീറ്റ് നടപ്പാക്കുന്നത് ബോർഡ് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയിട്ടും നീറ്റിൽ തിളങ്ങാൻ സാധിക്കാത്ത തന്നെ പോലെയുള്ള പാവപ്പെട്ട വിദ്യാർത്ഥികളെ ദുരിതത്തിലാഴ്‌ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത സുപ്രീം കോടതിയെ സമീപിച്ചത്.

പ്ലസ് ടു ബോർഡ് പരീക്ഷയിൽ 1176 മാർക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയിൽ അനിതയ്ക്ക് 700ൽ 86 മാർക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനിതയ്ക്ക് എയ്റോനോട്ടിക്കൽ എഞ്ചിനീയറിങ് സീറ്റിൽ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും മെഡിക്കൽ പ്രവേശനം ലഭിക്കാത്തത് അനിതയെ കടുത്ത നിരാശയിലും മാനസിക വിഷമത്തിലുമാക്കിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

നീറ്റ് പരിഷ്‌കാരത്തിൽ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കാൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നുവെങ്കിലും നീറ്റ് യോഗ്യത അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്ന് ഓഗസ്ത് 22നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സെപ്റ്റംബർ നാലിനകം പ്രവേശനം പൂർത്തീകരിക്കാനും കോടതി നിർദ്ദേശിച്ചു.

സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായിരിക്കുന്നതെന്ന് സംഭവത്തോട് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ ഭാസ്‌കർ പ്രതികരിച്ചു. സംഭവിച്ചതിൽ ദുഃഖമുണ്ട്. മൂന്ന് തവണ നീറ്റ് പരീക്ഷ എഴുതാമെന്നിരിക്കെ വിദ്യാർത്ഥികൾ പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.