തിരുവനന്തപുരം: സാധാരണക്കാരന്റെ അറിവില്ലായ്മയെയും അസുഖങ്ങളെയും ചികിത്സയെയും കുറിച്ചുള്ള അജ്ഞതയും നന്നായി മുതലെടുക്കുന്നവരാണ് ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും. ജീവന് ആപത്തോ അല്ലെങ്കിൽ വേണ്ടപെട്ടവരുടെ അസുഖത്തിൽ നിന്നോ ഉള്ള സംഖം പ്രാപിക്കൽ കാത്ത് നിൽക്കുന്നവർ ഒരിക്കലും വിലപേശൽ നടത്തില്ലെന്ന ഉറപ്പാണ് ഇത്തരം ചെയ്തികൾക്ക് സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇതേ പാത തന്നെയാണ് മെഡിക്കൽ സ്റ്റോറുകളും പിന്തുടരുന്നതെന്നും ഇപ്രകാരം ദിവസേന വൻ തുകയാണ് നേടുന്നതുമെന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ സ്റ്റോറിൽ നിന്നും പുറത്ത് വരുന്നത്.

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിക്ക് സമീപമുള്ള ജൂബിലി മിഷൻ മെഡിക്കൽ സ്റ്റോറാണ് രണ്ട് ടാബ്ലറ്റ് വാങ്ങാൻ ചെന്ന സ്ത്രീയോട് അങ്ങനെ മുറിച്ച് കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് 15 ഗുളികയുൾപ്പെടുന്ന സ്ട്രിപ്പ് നൽകി അഞ്ചിരട്ടി വില ഈടാക്കി മാതൃക കാണിച്ചിരിക്കുന്നത്! സംഭവത്തെതുടർന്ന് യുവതി സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് പരാതി നൽകുകയും മരുന്ന് ഇപ്രകാരം മുറിച്ച് വിൽക്കാതിരിക്കാൻ നിയമമുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും അങ്ങനെയൊരു നിയമവും ഇല്ലെന്ന് പുറത്ത്വന്നതോടെയാണ് മെഡിക്കൽ സ്റ്റോറിന്റെ തട്ടിപ്പ് പുറത്തായത്.

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പനിയെ തുടർന്ന് മനീഷ് എന്ന യുവാവ് ചികിത്സയിലായിരുന്നു. ബാബുരാജ് എന്ന ഡോക്ടർ പരിശോധിച്ച ശേഷം മരുന്നിന് കുറിപ്പ് നൽകുകയും ചെയ്തു. ചില മരുന്നുകൾ ആശുപത്രിയിലെ ഫാർമസിയിൽ നിന്നുംലഭിച്ചു. എന്നാൽ ഇങ്ങനെ ലഭിക്കാത്തവ വാങ്ങാനായി പുറത്തുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ പോവുകയായിരുന്നു. ടി.ടെലികിബ് ലോങ്ങ് 2എണ്ണം ആണ് ഡോക്ടർ എഴുതിയതെങ്കിലും എണ്ണത്തിൽ കൂടുതൽ നൽകുകയായിരുന്നു.

ഡോക്ടർ കുറിപ്പിൽ പറയുന്നതിൽ കൂടുതൽ എണ്ണം നൽകുന്നത് നിയമവിരുദ്ധമല്ലേയെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അതൊന്നും ഇവിടെ ബാധകമല്ലെന്നും ഒരു സ്ട്രിപ്പായി മാത്രമെ നൽകാൻ കഴിയുകയുള്ളുവെന്നും ബാക്കിവരുന്നതൊന്നും തിരിച്ചെടുക്കാൻ കഴിയില്ലെന്നുമായിരുന്നു പ്രതികരണമെന്നും പരാതിക്കാരിയായ യുവതിയും ബന്ധുക്കളും മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് ഗുളിക വാങ്ങാൻ ചെന്നപ്പോൾ ഒരു പായ്ക്കറ്റായി മാത്രമെ നൽകുകയുള്ളുവെന്ന് പറഞ്ഞ് വിൽപ്പന നടത്തിയതിലൂടെ അഞ്ചിരരട്ടി വിലയാണ് നൽകേണ്ടി വന്നതെന്നും പരാതിക്കാർ പറയുന്നു.

അത്യാവശ്യഘട്ടമായിരുന്നതുകൊണ്ട് മാത്രമാണ് അപ്പോൾ തർക്കിക്കാൻ നിൽക്കാതെ പണം നൽകി യുവതി മടങ്ങിയത്. എന്നാൽ പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് ഇത്തരം തട്ടിപ്പുകൾ മെഡിക്കൽ സ്റ്റോർ ഉടമകൾ സ്ഥിരം നടത്തുന്നതാണെന്ന് മനസ്സിലായത്. പരാതിപ്പെടാതെ വെറുതെ ഇരുന്നാൽ കാര്യമില്ലെന്ന് തോന്നിയതിനാലാണ് മുന്നോട്ട് വന്നതെന്നും പരാതിക്കാർ പറയുന്നു.