കൊച്ചി: കേരള ആരോഗ്യ സർവകലാശാലയിൽ നടന്ന പരീക്ഷാ ആൾമാറാട്ട കേസിൽ കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ 3 എംബിബിഎസ് വിദ്യാർത്ഥികളെ 5 തവണത്തേക്കു പരീക്ഷയിൽ നിന്നു വിലക്കിയ സർവകലാശാലയുടെ നടപടി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ സംവിധാനത്തെ തകർക്കാൻ ശ്രമിച്ച വിദ്യാർത്ഥികളോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന നിലപാടിലാണ് പരീക്ഷ വിലക്ക് ഹൈക്കോടതിയും ശരിവെച്ചത്.

പരീക്ഷാ സംവിധാനം തകർക്കാൻ ഒരു കൂട്ടം ആളുകൾ നടത്തിയ തട്ടിപ്പ് പ്രകടമാണെന്നും പരീക്ഷാ നിയമാവലിയുടെ ലംഘനം വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സർവകലാശാലയുടെ നടപടിക്കെതിരെ പ്രണവ് മോഹൻ, നബീൽ സാജിദ്, മിഥുൻ ജെംസിൻ എന്നീ വിദ്യാർത്ഥികൾ നൽകിയ ഹർജികൾ ജസ്റ്റിസ് രാജ വിജയരാഘവൻ തള്ളി. അതേസമയം കോടതിയുടെ പരാമർശങ്ങൾ കണക്കിലെടുക്കാതെ പൊലീസ് സ്വതന്ത്രമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നു കോടതി നിർദ്ദേശിച്ചു. ഇത് കൂടുതൽ പേരിലേക്ക് അന്വേഷണം എത്താനും ഇടയാക്കിയേക്കും.

2021 ജനുവരിയിൽ നടന്ന മൂന്നാം വർഷ എംബിബിഎസ് പാർട്ട്1 പരീക്ഷയിലാണു ക്രമക്കേടു നടന്നത്. ഗൂഢാലോചനയെ തുടർന്ന്, പരീക്ഷാ ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർ എന്നിവരുടെ ഒത്താശയോടെ ഉത്തര ബുക്ലെറ്റും ചോദ്യ പേപ്പറും പുറത്തു കടത്തി പകരക്കാർ എഴുതിയ ഉത്തരക്കടലാസ് തിരുകി കയറ്റിയതാണു സംഭവം.

സർവകലാശാലയുടെ മാൽപ്രാക്ടിസസ് ആൻഡ് ലാപ്‌സസ് എൻക്വയറി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവേണിങ് കൗൺസിൽ വിദ്യാർത്ഥികളെ ഡീബാർ ചെയ്തു. ഇതിനെതിരെ വൈസ് ചാൻസലർക്കു നൽകിയ പരാതിയും തള്ളിയതിനെ തുടർന്നാണു ഹർജിക്കാർ കോടതിയിലെത്തിയത്.

ക്രമക്കേടിന്റെ രീതി സർവകലാശാല വിശദീകരിച്ചിരുന്നു. പരീക്ഷാ ഹാളിൽ വൈകിയെത്തിയ ഹർജിക്കാർ പരീക്ഷയെഴുതുന്നതായി നടിച്ചാണ് തട്ടിപ്പു നടത്തിയത്. ചുമതലക്കാർ നൽകിയ പഴയ ഉത്തര ബുക്ലെറ്റിലാണ് എഴുതിയത്. കോളജിൽ മറ്റെവിടെയോ ഇരുന്നു 3 പേർ യഥാർഥ പരീക്ഷയെഴുതി. അതു തിരുകി കയറ്റിയപ്പോൾ വന്ന പിശകാണു പിടി വീഴാൻ കാരണം. ഉത്തര ബുക്ലെറ്റ് അയയ്ക്കുന്നതിനു മുൻപ് അതിലെ ബാർ കോഡും നമ്പറും ഉൾപ്പെട്ട സ്ലിപ് കീറിയെടുത്ത് പ്രത്യേക പാക്കറ്റിലാണ് അയയ്ക്കുന്നത്. മൂല്യനിർണയത്തിനു ശേഷം ക്രോസ് ചെക്ക് ചെയ്യും. ഐടി വിഭാഗം നടത്തിയ ഡേറ്റ അനാലിസിസിൽ പൊരുത്തക്കേട് കണ്ടു. പൊലീസ് കേസിനു പുറമേ, ചീഫ് പരീക്ഷാ സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ, ഐടി ജീവനക്കാർ എന്നിവർക്കെതിരെ നടപടിക്കും ശുപാർശ ചെയ്തിരുന്നു.