കൊച്ചി: മെഡിക്കൽ വിദ്യാർത്ഥിനി ഷംന ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച സംഭവത്തിൽ ഗവ.മെഡിക്കൽ കോളജിൽ ഹൗസ് സർജൻ ചികിത്സിച്ച് മരുന്നു നൽകിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്. മെഡിക്കൽ അധികൃതരിൽ നിന്ന് തെളിവെടുപ്പ് നടത്തി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മനുഷ്യാവകാശ കമീഷന് നൽകിയ ഇടക്കാല റിപ്പോർട്ടിലാണ് കോളജ് അധികൃതരുടെ വിചിത്രമായ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കൽ കോളജ് കാഷ്വാൽട്ടിയിൽ വിദ്യാർത്ഥിനി പനിക്ക് ചികിത്സ തേടിയെത്തിയത് 2016 ജൂലൈ 17ന് വൈകിട്ട് 4.30 ന് ആയിരുന്നു. ഈ സമയം മുതൽ രാത്രി 11.10 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജന്റെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തിരുന്നില്ലെന്നാണ് സൂപ്രണ്ട് അന്വേഷണ സംഘത്തിനുമുമ്പാകെ മൊഴി നൽകിയിട്ടുള്ളത്. കാഷ്വാൽട്ടിയിൽ വിദ്യാർത്ഥിനിയെ ചികിത്സിച്ച ഹൗസ് സർജന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പളും മൊഴി നൽകി. ജൂലൈ 17ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഡോ.ഫിൻസി വിദ്യാർത്ഥിനിയെ പരിശോധിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടില്ലെന്നും മൊഴിയിലുണ്ട്. വിദ്യാർത്ഥിനിയുടെ മരണത്തിൽ തികഞ്ഞ അനാസ്ഥ കാണിച്ചതായി ആരോപണം നേരിടുന്ന രണ്ട് ഡോക്ടർമാരുടെ പേരു വിവരങ്ങള മെഡിക്കൽ രേഖകളിൽ നിന്ന് തന്ത്രപൂർവം ഒഴിവാക്കിയതായാണ് അധികൃതുടെ മൊഴികളിൽ നിന്ന് വ്യക്തമാണ്.

വിദ്യാർത്ഥിനിയുടെ മരണം മെഡിക്കൽ ഓഫിസർമാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ഒക്ടോബർ 16ന് വിലയിരുത്തിയിരുന്നു. കമ്മീഷൻ ഉത്തരവ് പുറത്തു വന്നതിനെ തുടർന്ന് രണ്ട് ഡോക്ടർമാരെ അന്ന് സർക്കാർ സസ്‌പെൻഡ് ചെയ്തു. എന്നാൽ വകുപ്പുതല, പൊലിസ് അന്വേഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് സസ്‌പെൻഷൻ പിൻവലിച്ചു. എന്നാൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ ആരോപണ വിധേയരായ ഡോക്ടർമാരെ ചോദ്യം ചെയ്തിട്ടുപോലുമില്ല.ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പിയുടെ അന്വേഷണം റിപ്പോർട്ട് ചൊവ്വാഴ്ച നടന്ന സിറ്റിങിൽ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയില്ല.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹാജരാക്കുമെന്ന് ചെയർമാൻ പരാതിക്കാരനെ അറിയിക്കുകയും ചെയ്തിരുന്നു. കേസ് വിളിച്ച് പരാതിക്കാരൻ ഉച്ചവരെ കാത്തിരുന്നിട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചില്ല.
ഇതേത്തുടർന്ന് ഈ മാസം 22ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണക്കുമെന്ന് കമ്മീഷൻ പരാതിക്കാരനെ അറയിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ സിറ്റിങിൽ ഒരുമാസത്തെ സാവകാശം നൽകിയിരുന്നു. കേസിൽ അന്വേഷണം
നടന്നുവരുകയാണെന്നും ഫോറൻസിക്, കെമിക്കൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും സാക്ഷിമൊഴിയും പൂർത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചതനുസരിച്ചാണ് ഒരുമാസം കൂടി സമയം അനുവദിച്ചത്.

എന്നാൽ വിദ്യാർത്ഥിനിയുടെ മരണം സംഭവിച്ച് എട്ട് മാസം പിന്നിട്ടിട്ടും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ലെന്നാണ് പിതാവിന്റെ ആരോപണം. വകുപ്പുതല അന്വേഷണം സർക്കാർ അട്ടിമറിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടും അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയിലാണ് മാതാപിതകാകളും ബന്ധുക്കളും. ചികിത്സയിൽ അനാസ്ഥ കാണിച്ച് മകളുടെ ജീവനെടുത്ത കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ കമ്മീഷൻ ഇടപെട്ട് നീതി ഉറപ്പ് വരുത്തണമെന്ന് പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. ഷംന തസ്നിം ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.കെ.കുട്ടപ്പൻ കൺവീനറായുള്ള മൂന്നംഗ ബോർഡാണ് രൂപീകരിച്ചത്.ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ശ്രീദേവിയും ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനുമായിരുന്നു മറ്റ് അംഗങ്ങൾ.

അന്വേഷണസംഘം നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ സമർപ്പിച്ചതോടെയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സമ്മതം ആരാഞ്ഞ് ഫോറൻസിക് മേധാവിക്കും സർക്കാർ പ്ലീഡർക്കും ഡി.എം.ഒ കത്ത് നൽകിയത്. പോസ്റ്റമാർട്ടം റിപ്പോർട്ട് വൈകുന്നുവെന്നാരോപിച്ച് ഷംനയുടെ പിതാവ് രണ്ടുതവണ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. മരണത്തിന് മരണത്തിനുത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുക്കാരാനായ മുഖ്യമന്ത്രിക്ക് ഷംനയുടെ പിതാവ് കണ്ണൂർ ശിവപുരം പടുവാറ ഐഷ മൻസിലിൽ അബൂട്ടി രണ്ടു തവണ പരാതി നൽകിയിട്ടും പരിഹാരം കിട്ടിയില്ലെന്നും റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടുമെന്നാണ് ഇന്നലെ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് തെളിയിക്കുന്നത്. പനി ബാധിച്ചതിനെതുടർന്ന് ജൂലായ് 18ന് താൻ പഠിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സതേടിയെത്തിയ ഷംന ആന്റി ബയോട്ടിക് കുത്തിവെപ്പ് എടുത്തിനെതുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുത്തിവെപ്പ് എടുത്ത വാർഡിൽ അടിയന്തിര ജീവൻ രക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.

ഷംനക്ക് ഓക്സിജൻ നൽകാൻ പോലും സംവിധാനമുണ്ടായിരുന്നില്ല. വാർഡിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാൻ സ്ട്രക്ച്ചർ ലഭിക്കാതെ 20 മിനുട്ട് നഷ്ടപ്പെടുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ സ്ഥിതി ഗുരുതമായതിനെ തുടർന്ന് അധികൃതർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷംനയുടെ മരണത്തിന് കാരണം ചികിൽസാ പിഴവാണെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു. തുടർന്ന് ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ. എം.കെ സുരേഷ്, പൾമനറി മെഡിസിൻ പ്രൊഫസർ ഡോ. കെ. അനിത എന്നിവർ അംഗങ്ങളായ മൂന്നംഗ ഉന്നതതല സമിതി അന്വേഷണം നടത്തി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോർട്ട് നൽകിയിരുന്നു.