കൊച്ചി : രണ്ടാമതും കാൻസർ രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയ ചലച്ചിത്ര നടി മമ്ത മോഹൻദാസ് അമേരിക്കയിൽ ചികിത്സ തേടാനിടയായ സാഹചര്യത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഇന്ത്യയിൽ കാൻസർ രോഗത്തിനു ലഭിക്കുന്ന മരുന്നുകളിൽ പലതും ഗുണനിലവാരമില്ലാത്തവയും വ്യാജവുമാണെന്നായിരുന്നു. കാൻസർ രോഗം വന്നാൽ മരിക്കുമെന്ന മുൻവിധിയോടെ ചികിത്സിക്കുന്ന രാജ്യത്ത് ഈ മരുന്നിലെ വ്യാജനേയും ഗുണനിലവാരത്തെയും പരിശോധിച്ചു കണ്ടെത്താൻ കഴിയുന്ന ഒരു സംവിധാനവുമില്ലെന്നതാണ് വാസ്തവം.

എന്തു സംഭവിച്ചാലും കുറ്റം രോഗത്തിനാവും. സമാനമായ ഒരു അവസ്ഥയാണ് പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കുന്ന മരുന്നുകൾക്കും. പ്ലാസ്റ്റിക് കുപ്പികളിൽ മരുന്ന് വിൽക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും അതു നടപ്പിലാക്കാൻ മരുന്നു കമ്പനിക്കാർ തയ്യാറായിട്ടില്ല. നിയമവിരുദ്ധമായി പ്ലാസ്റ്റിക് കുപ്പികളിൽ മരുന്ന് വിൽക്കുന്നതിനെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും തയ്യാറായിട്ടില്ല.

2014 ഒക്ടോബറിലാണ് പ്ലാസ്റ്റിക് കുപ്പികളിൽ മരുന്നു വിൽക്കുന്നത് ആറു മാസത്തിനകം നിർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. പ്ലാസ്റ്റിക് കുപ്പികളിൽ മരുന്ന് സൂക്ഷിക്കുന്നത് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. ഇത്തരം കുപ്പികളിൽ മരുന്ന് സൂക്ഷിച്ചാൽ പല മരുന്നുകളിലുമടങ്ങിയ മെർക്കുറി, ഈയം, കാഡ്മിയം എന്നിവ പ്ലാസ്റ്റിക്കുമായി ലയിച്ച് മാരകരാസവസ്തുക്കളായി മാറുമെന്നു കണ്ടെത്തിയിരുന്നു. ഇതു കുട്ടികൾക്ക് വളർച്ചാ പ്രശ്‌നങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്നാണു കണ്ടെത്തൽ. പുരുഷന്മാരെക്കാൾ ഇത്തരം കുപ്പികളിൽ സൂക്ഷിക്കുന്ന മരുന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ഭീഷണിയാകുന്നത്.

സത്യത്തിൽ മരുന്നെന്നു കരുതി കഴിക്കുന്നത് വിഷമാകുന്ന അവസ്ഥയാണ്. തണുപ്പും ചൂടും മാറി വരുന്ന കാലാവസ്ഥകളിൽ ഇത്തരം കുപ്പികളിൽ സൂക്ഷിക്കുന്ന മരുന്നുകൾ കൂടുതൽ അപകടസാധ്യതയുള്ളതാകും. ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമാണ് അട്ടിമറിക്കപ്പെട്ടത്. നിയമം ലംഘിക്കുന്നവർക്ക് നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ ഉണ്ടെങ്കിലും മരുന്നിനു പോലും ഇതിന്റെ പേരിൽ കേസെടുത്തിട്ടില്ല.

കുറച്ചുവർഷങ്ങൾക്ക് മുമ്പ് വരെ ചില്ലു കുപ്പികളിലാണ് കമ്പനികൾ മരുന്ന് എത്തിച്ചിരുന്നത്. ചില്ലുകുപ്പികൾ ലാഭകരമല്ലെന്നും താഴെ വീണാൽ പൊട്ടി മരുന്നടക്കം പോയി നഷ്ടം വരുമെന്നും പറഞ്ഞാണ് മരുന്നു കമ്പനികൾ പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറിയത്. ഭാരക്കുറവ്, കൈകാര്യം ചെയ്യാൻ എളുപ്പം, ചെലവ് കുറവ് എന്നിവയാണ് പ്ലാസ്റ്റിക് കുപ്പികളിലെ ആകർഷണം. എന്നാൽ പ്ലാസ്റ്റിക്, പോളിത്തിലിൻ ടെറ്ഫതലേറ്റ് കുപ്പികൾ മരുന്നുവിതരണത്തിന് ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യത മരുന്നുകമ്പനികൾ പരിഗണിക്കുന്നില്ല.

ചില്ലുകുപ്പികളിലേക്ക് മാറിയാൽ വില കൂട്ടേണ്ടി വരുമെന്നാണ് ന്യായം. എന്നാൽ വാർദ്ധക്യകാല രോഗങ്ങളുടെ ഔഷധങ്ങൾ, കുട്ടികളുടെ ഔഷധങ്ങൾ എന്നിവ സൂക്ഷിക്കാനും വിപണനം നടത്താനും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.