- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻകാരുടെ പ്രായപൂർത്തിയായ മക്കൾക്ക് പോലും പരിരക്ഷയില്ല; ജീവനക്കാരായ ഭാര്യയും ഭർത്താവും ചേർന്ന് പ്രതിമാസം ആയിരം ചെലവാക്കിയാലും വിദഗ്ധ ചികിൽസ അസാധ്യം; മെഡിസെപ്പിനെ അട്ടിമറിക്കാൻ ഇൻഷുറൻസ് മാഫിയയും സജീവം; വൻകിട ആശുപത്രികൾക്ക് താൽപ്പര്യക്കുറവ്; മെഡിസെപ്പ് ഇൻഷുറൻസ് വഞ്ചനയോ?
തിരുവനന്തപുരം: പത്ത് ലക്ഷം പേർ മെഡിസെപ്പിൽ അംഗങ്ങളാണെന്നാണ് സർക്കാർ പറയുന്നത്. ഇത് ശരിയാണെങ്കിൽ പ്രതിമാസം പത്തു ലക്ഷം പേരിൽ നിന്ന് 500 രൂപ വീതം സർക്കാർ പിരിക്കുന്നു. അങ്ങനെ കിട്ടുന്നത് അമ്പത് കോടി രൂപ. ഇത് ഇൻഷുറൻസ് കമ്പനിക്ക് കൈമാറും എന്നാണ് പറയുന്നത്. എന്നാൽ 37 കോടിയേ കൊടുക്കുന്നുള്ളൂവെന്നതാണ് വസ്തുത. അങ്ങനെ പണം കൈമാറുമ്പോഴും സർക്കാർ ജീവനക്കാരും പെൻഷൻകാരും വേറൊരു ഇൻഷുറൻസിൽ കൂടീ അംഗമാകേണ്ട അവസ്ഥയാണുള്ളത്. എല്ലാ അർത്ഥത്തിലും മെഡിസെപ് അട്ടിമറിക്കപ്പെട്ടുവെന്നാണ് ജീവനക്കാർ പറയുന്നത്.
സർക്കാരിന് ഒരു ചെലവുമില്ല. എന്നാൽ 13 കോടി രൂപ അധികമായി കിട്ടുകയും ചെയ്യുന്നു. കരാർ പ്രകാരം ഓരോ രോഗങ്ങൾക്കും സർക്കാർ നിശ്ചയിച്ച നിരക്കിലാണു ചികിത്സ ലഭ്യമാക്കേണ്ടത്. മുറി വാടകയ്ക്കും മറ്റുമായി വേറെ നിരക്കും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഭക്ഷണത്തിനും മറ്റുമായുള്ള വളരെക്കുറച്ചു ചെലവുകൾക്കു മാത്രമേ രോഗി കൈയിൽനിന്നു പണം നൽകേണ്ടതുള്ളൂ. ഇതെല്ലാം അട്ടിമറിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ജീവനക്കാർ മറ്റു പല ഇൻഷുറൻസുകളേയും അഭയം തേടേണ്ട അവസ്ഥ. ഫലത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അഞ്ചൂറു രൂപ പ്രതിമാസം കുറയുന്നു. എല്ലാ ജീവനക്കാരും പെൻഷൻകാരും പദ്ധയിൽ നിർബന്ധമായും ചേരണമെന്നതാണ് സർക്കാർ വ്യവസ്ഥ. അതുകൊണ്ട് തന്നെ ഇൻഷുറൻസിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയുന്നില്ല.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു തുരങ്കം വയ്ക്കാൻ ചില സ്വകാര്യ ആശുപത്രികൾ ശ്രമിക്കുന്നതായി പരാതി. സർക്കാരുമായി ഒപ്പിട്ട കരാറിനു വിരുദ്ധമായി, പല രോഗങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭ്യമല്ലെന്നു കാട്ടി രോഗികളെ തിരിച്ചയയ്ക്കുന്നു എന്നാണ് പരാതി. ഇൻഷുറൻസ് കവറേജ് ലഭ്യമല്ലാത്ത രോഗങ്ങളുടെ പട്ടികയും ചില ആശുപത്രികൾ പ്രദർശിപ്പിച്ചു തുടങ്ങി. എന്നാൽ, മിക്ക ചികിത്സകൾക്കും പ്രസവത്തിനും ഇൻഷുറൻസ് കവറേജ് ലഭ്യമാണെന്നും ഇത് അനുവദിക്കാത്ത ആശുപത്രികൾക്കെതിരെ പരാതി സമർപ്പിക്കാവുന്നതാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മെഡിസെപ് കരാർ പ്രകാരം കൂടുതൽ നിരക്കു നിശ്ചയിച്ചുള്ള രോഗങ്ങൾക്കു ചികിത്സ ലഭ്യമാക്കാനാണു പല ആശുപത്രികൾക്കും താൽപര്യം. കുറഞ്ഞ നിരക്കുള്ള ചികിത്സകളോട് ആശുപത്രികൾ മുഖം തിരിക്കുന്നു.
മെഡിസെപ് കാർഡ് കാട്ടി ചികിത്സ തേടിയവരിൽനിന്നു ചില ആശുപത്രികൾ അധികം തുക ഈടാക്കിയെന്ന പരാതി വ്യാപകമാണ്. ഒട്ടേറെ പെൻഷൻകാരും ജീവനക്കാരും ഇതു തെളിയിക്കുന്ന രേഖകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ചില വീടുകളിൽ ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരാണ്. ഇതിൽ ഒരാൾ ഇൻഷുറൻസ് സ്കീമിൽ ചേർന്നാൽ മറ്റേ ആൾക്കും അതിന്റെ ആനുകൂല്യം കിട്ടും. ഓരോ അസുഖത്തിനും നിശ്ചിത തുകയുടെ ചികിൽസ നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു കാർഡ് മതി ഒരു കുടുംബത്തിന്. എന്നാൽ എല്ലാവരും അംഗങ്ങളാകണമെന്ന പിടിവാശി കാരണം ഭാര്യയും ഭർത്താവും അഞ്ചൂറൂ രൂപവച്ച് നൽകണം. പ്രതിമാസം ആയിരത്തിന് മുകളിൽ കൊടുത്താൽ നിബന്ധനകളും അസുഖ ചികിൽസയ്ക്ക് പരിധികളും ഇല്ലാത്ത മറ്റ് ഇൻഷുറൻസുകൾ ആരോഗ്യ മേഖലയിൽ ഉണ്ടെന്നതാണ് വസ്തുത.
ആശുപത്രികളുടെ എണ്ണം കുറവാണ് എന്നതാണു ജീവനക്കാരും പെൻഷൻകാരും ചൂണ്ടിക്കാട്ടുന്ന ഏറ്റവും വലിയ പ്രശ്നം. മിക്ക ജില്ലകളിലെയും പ്രമുഖ ആശുപത്രികളെ ഇപ്പോഴും പദ്ധതിക്കു കീഴിൽ കൊണ്ടുവരാനായിട്ടില്ല. എല്ലാ സർക്കാർ ആശുപത്രികളും 240 സ്വകാര്യ ആശുപത്രികളുമാണു പദ്ധതിക്കു കീഴിൽ ഇപ്പോഴുള്ളത്. എന്നാൽ, ഇതിൽ പകുതിയോളം എണ്ണം കണ്ണാശുപത്രികളാണ്. തിരുവനന്തപുരത്തെ വൻകിട ആശുപത്രികളൊന്നും പദ്ധതിയിൽ ഇല്ല. വലിയ ലാഭം കൊയ്യാനാകുന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാത്രം ഏറ്റെടുക്കാൻ തയാറാണെന്നാണ് ഇവർ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരിക്കുന്നത്.
താൽപര്യമില്ലാത്തവർക്കും നിർബന്ധപൂർവം പദ്ധതിയിൽ ചേരേണ്ടി വരുന്നതായുള്ള പരാതികൾ വ്യാപകമാണ്. വേണ്ടത്ര ആശുപത്രികൾ പട്ടികയിൽ ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി പലർക്കും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാൽ, ഇതിന് റീംഇബേഴ്സ്മെന്റ് സൗകര്യം മെഡിസെപ്പിനു കീഴിൽ നൽകുന്നുമില്ല. പ്രതിമാസം 500 രൂപ പ്രീമിയം ഈടാക്കുകയും ഇൻഷുറൻസ് കവറേജ് ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ പദ്ധതി നിർബന്ധമാക്കരുതെന്നാണ് ജീവനക്കാരുടെ ആവശ്യം.
സർക്കാരിൽ നിന്ന് ഒരു പൈസയും ചെലവാകാത്തതാണ് പദ്ധതി. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രതിമാസം അഞ്ഞൂറു രൂപ വീതം പിടിക്കുന്നു. അങ്ങനെ രണ്ടു കൂട്ടരും വർഷത്തിൽ ആറായിരം രൂപ നൽകണം. എന്നാൽ ഓരേ തുക നൽകുന്നവർക്ക് രണ്ട് തരത്തിലാണ് പരിഗണന. ഇതാണ് വിവാദമാകുന്നത്. ഇതിനൊപ്പം മുൻനിര സ്വകാര്യ ആശുപത്രികളൊന്നും മെഡിസെപ്പിനെ അംഗീകരിച്ചിട്ടില്ല. ഇതും പദ്ധതിക്ക് തിരിച്ചടിയാണ്.
പൊതുമേഖലാ സ്ഥാപനമായ ഓറിയന്റ് ഇൻഷുറൻസാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഗാരന്റി മാത്രമേ ഉള്ളൂ. പണം മുടക്കുന്നില്ല. ഈ പദ്ധതിയിൽ ഒരേ തുക അടയ്ക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ മക്കൾക്ക് അടക്കം ഇൻഷുറൻസ് പരിരക്ഷയുണ്ട്. എന്നാൽ പെൻഷൻകാരുടെ മക്കൾക്ക് ഈ ആനുകൂല്യമില്ല. സ്വന്തംകാലിൽ നിൽക്കാനുള്ള പ്രായമായാൽ ജീവനക്കാരുടെ മക്കൾക്കും ആനുകൂല്യം കിട്ടില്ല. എന്നാൽ പെൻഷൻകാരുടെ കാര്യത്തിൽ മക്കൾ എന്ന പരിഗണനയേ ലഭിക്കുന്നില്ല.
കുറഞ്ഞ വരുമാനം കിട്ടുന്നത് പെൻഷൻകാർക്കാണ്. ഇൻഷുറൻസ് വേണ്ടതും ഇവർക്കാണ്. പല പെൻഷൻകാർക്കും ചെറു പ്രായമുള്ള മക്കളുണ്ട്. ഇവരുടെ ചികിൽസാ ആവശ്യത്തിനായി മെഡിസെപ്പിന് പുറത്ത് മറ്റൊരു ഇൻഷുറൻസ് എടുക്കേണ്ട അവസ്ഥ. പെൻഷൻകാരുടെ മക്കളിൽ 18 തികയാത്തവർക്കെങ്കിലും ആനുകൂല്യം വേണമെന്നതാണ് ആവശ്യം. ഇടതു സംഘടനകളും ഈ ആവശ്യം സർക്കാരിന്റെ മുമ്പിൽ കൊണ്ടു വന്നിട്ടില്ലെന്നാണ് സൂചന. സംഘടനകളുടെ മുമ്പാകെ നിരവധി പേർ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവരെ സർക്കാർ വിരുദ്ധരാക്കി ചിത്രീകരിക്കുകയാണ് നേതാക്കൾ.
അഞ്ഞൂറു രൂപയാണ് പെൻഷൻകാർക്ക് നിലവിൽ മെഡിക്കൽ അലവൻസായി പിടിക്കുന്നത്. ഈ തുക ഇനി അവർക്ക് നൽകില്ല. അത് ഇൻഷുറൻസിന് മാറ്റും. അപ്പോൾ ആറായിരം രൂപയോളം സർക്കാർ പിടിക്കുന്നുണ്ട്. എന്നാൽ അത്രയും തുക ഇൻഷുറൻസുകാർക്ക് നൽകേണ്ടതില്ല. ഈ കുറവ് വരുന്ന തുക കോർപ്പസ് ഫണ്ടിലേക്ക് മാറ്റുമെന്ന് സർക്കാർ പറയുന്നു. അവയവ മാറ്റിവയ്ക്കൽ ചികിൽസയ്ക്ക് വേണ്ടിയാണ് ഇതെന്നും പറയുന്നു. ഇതെല്ലാം ദുരൂഹമായി തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ