കൊച്ചി: കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റിനെതിരെയുള്ള മീ ടു ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ സഹപ്രവർത്തകൻ.അവിടെ ഇത്തരം ലൈംഗികാതിക്രമം ഉണ്ടാകുന്നുവെന്ന് സ്ഥീരീകരിക്കുന്നതാണ് സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ.കൊച്ചിയിൽ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് പലരോടും മോശമായി പെരുമാറുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും സ്റ്റുഡിയോയിൽ വരുന്ന പലർക്കും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സഹപ്രവർത്തകൻ പറയുന്നു.

'ഒരു കസ്റ്റമർ വന്നാൽ, അതിപ്പോൾ ഒരു കപ്പിൾ ആണെങ്കിൽ കൂടി, ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകൾക്കാണെങ്കിൽ അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോകും. കൂടെ വന്ന ആളെ പുറത്തിരുത്തി, കാബിന്റെ ഡോർ ലോക്ക് ചെയ്യും. ചെയ്യേണ്ട മിനിമൽ ടാറ്റൂ ആണെങ്കിലും 2-3 മണിക്കൂർ വരെയൊക്കെ എടുത്തിട്ടാണ് തീർക്കുക. സത്യത്തിൽ അത്രയും സമയം ഒരു മിനിമൽ ടാറ്റുവിന് ആവശ്യമില്ല. ഒരു 15സടെയും 20സടെയും ഒക്കെ വർക്ക് ചെറിയ സമയം കൊണ്ട് തീർക്കുന്ന വ്യക്തി ഒരു മിനിമൽ വർക്കിന് ഇത്രയും സമയം എന്തുകൊണ്ട് എടുക്കുന്നുവെന്ന് ഞങ്ങൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതെല്ലാം അവിടെ കയറിയ കാലത്താണ്. പിന്നെ പിന്നെയാണ് കാര്യങ്ങൾ മനസിലായി തുടങ്ങിയത്.സുഹൃത്ത് പറയുന്നു.

ഞാൻ അനിമേഷൻ ഇൻഡസ്ട്രിയിൽ നിന്നാണ് വരുന്നത്. സുജീഷിന്റെ കൂടെ ഒരു ഒന്നര വർഷം ഒക്കെയേ നിന്നിട്ടുള്ളൂ. ഈ ഫീൽഡിലുള്ള ഒത്തിരി ആർട്ടിസ്റ്റുകളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ ആർട്ടിനെ പ്രസന്റ് ചെയ്യുന്നത് മറ്റൊരു രീതിയിലാണ് ഞാൻ കണ്ടത്. എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ല പലപ്പോഴും അവിടെ നടന്നിട്ടുള്ളത്.

'ഒരിക്കൽ സ്റ്റൂഡിയോയിൽ ഒരു സംഭവം ഉണ്ടായി. അന്ന് ഞാൻ ലീവായിരുന്നു അടുത്ത ദിവസം അവിടുത്തെ ബാക്കിയുള്ളവരാണ് കാര്യം എന്നോട് പറഞ്ഞത്. ഒരു പെൺകുട്ടി അവളുടെ ഫാമിലിയെയും കൂട്ടി സ്റ്റൂഡിയോയിൽ വന്നു. അവർ വന്ന ഉടനെ ഇയാളുടെ അടുത്ത് പോയി പേഴ്സണലായി സംസാരിക്കണമെന്ന് പറഞ്ഞു. പുള്ളി അവരെയും കൂട്ടി അകത്ത് കാബിനിലേക്ക് പോയി. ആ ഫാമിലി ഡീസന്റ് ആയതുകൊണ്ട് അവിടെ വേറെ സീനൊന്നും ഉണ്ടാക്കിയില്ല. പക്ഷേ അകത്ത് കൂട്ടി പോയി നല രീതിയിൽ പെരുമാറി. മുഖം വിങ്ങി ഇരിക്കുന്നത് കണ്ട് കൂടെയുള്ളവർ ചോദിച്ചപ്പോൾ എന്തോ മിസണ്ടർസ്റ്റാന്റിങ് ആണ്. ആ കുട്ടി വെറുതെ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കുകയാണ് എന്നൊക്കെയാ എല്ലാവരോടും പറഞ്ഞത്.

ഈ വിഷയത്തിൽ ഞാൻ ഉൾപ്പെടെ പലരും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഇത് തമാശയല്ല. നല്ല പേരും ഒത്തിരി ബന്ധങ്ങളുമൊക്കെയുണ്ട്. എന്തെങ്കിലും പണി കിട്ടിയാൽ എല്ലാം ഒറ്റ നിമിഷം കൊണ്ട് തീരുമെന്നെല്ലാം. ഒരാളെ അല്ലല്ലോ, ഒരു ഇൻഡസ്ട്രിയെ മുഴുവനായി ബാധിക്കുന്ന കാര്യമല്ലെ. എനിക്ക് അന്നൊക്കെ ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്. അയാൾ വർക്കിനെയും ഇൻഡസ്ട്രിയെയും അത്രയ്ക്കും നശിപ്പിക്കുന്നുണ്ട്.
'പെൺകുട്ടികൾ ടാറ്റു ചെയ്യാൻ വരുമ്പോൾ ഞാൻ പറ്റുന്നപോലെ പറയാറുണ്ട് നിങ്ങൾ ഒറ്റയ്ക്ക് വരരുത്, ഫ്രണ്ട്സിനെയോ വീട്ടുകാരെയോ ആരേയെങ്കിലും കൂടെ കൊണ്ട് വരണം. പ്രൈവറ്റ് പാർട്ട്സിൽ ടാറ്റൂ ചെയ്യാനാണെങ്കിൽ അവരോട് കൂടെ നിൽക്കാൻ പറയണം, പ്രത്യേകിച്ച് ഇവിടുത്തെ കേസിൽ എന്നെല്ലാം ഞാൻ പറയാറുണ്ട്. അതുവേണ്ട എന്ന് പുള്ളി പറഞ്ഞാലും നിങ്ങൾ നിർബന്ധിക്കണം ഇല്ലെങ്കിൽ ശരിയാവില്ല എന്നും എടുത്ത് പറയും.

പക്ഷേ സുജീഷുമായി നല്ല അടുപ്പമുള്ളവരോട് ഒരിക്കൽ പറഞ്ഞിട്ട് അവർ അത് അങ്ങനെ തന്നെ പുള്ളിയോട് പോയി പറഞ്ഞു. ഇവിടുത്തെ സ്റ്റാഫ് ഞങ്ങളോട് ഈ രീതിയിൽ പറഞ്ഞു എന്നൊക്കെ. അതിന്റെ പേരിൽ ചെറിയ സംസാരവും വഴക്കും ഉണ്ടായിട്ടാണ് ഞാൻ അവിടെനിന്നും ഇറങ്ങുന്നത്. പിന്നെ ഞാൻ സ്വന്തമായി ഒരു സ്റ്റൂഡിയോ തുടങ്ങുകയായിരുന്നു. അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് പ്ലാൻ ഒന്നും ഇല്ലായിരുന്നു.ഇതെല്ലാം എന്നെങ്കിലും പുറത്ത് വരും എന്ന് അന്നേ ഞാൻ സുജീഷിനോട് പറഞ്ഞതാ. ഇത് താമസിച്ചു പോയി. ഒരാൾ കാരണം ഒത്തിരി പേർ പക്ഷേ അനുഭവിക്കേണ്ടി വരുന്നതിലാണ് വിഷമം. ആ കുട്ടി കോടതിയിൽ പോകണം എന്ന് തന്നെയാണ് ആഗ്രഹം.

ഒത്തിരി പെൺകുട്ടികൾ ഇനിയും തുറന്നുപറയും എന്ന് തന്നെയാണ് കരുതുന്നത്. അയാൾക്ക് തക്ക ശിക്ഷ കിട്ടണം. എല്ലാത്തിനും അവരുടെ കൂടെ നിൽക്കും. അറിയാവുന്ന കാര്യങ്ങൾ പറയും. നമ്മളെ പോലുള്ള ആർട്ടിസ്റ്റുകളെ വിശ്വസിച്ചാണ് പലരും വരുന്നത്, അവരോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു ആർട്ടിനെ സ്നേഹിക്കുന്ന ആളെന്ന നിലയിൽ ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത ഒന്നാണെന്നും സുഹൃത്ത് പറഞ്ഞ് നിർത്തുന്നു.

അതേസമയം യുവതികളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ലൈംഗികാക്രമണം സംബന്ധിച്ച് ഇതുവരെ പൊലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ല.കൊച്ചിയിലെ ഒരു കേന്ദ്രത്തിൽ ടാറ്റൂ ചെയ്യുമ്പോൾ ആർട്ടിസ്റ്റ് സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നും മാനഭംഗപ്പെടുത്തിയെന്നുമാണ് ഒരു യുവതി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. തുടർന്ന് കൂടുതൽ യുവതികൾ തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവച്ചു.

സമൂഹമാധ്യമങ്ങളിൽ ഇത് ചർച്ചയായതോടെയാണ് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചത്. ആരോപണം ഉന്നയിച്ച യുവതിയെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇവർ വരും ദിവസങ്ങളിൽ പരാതി നൽകുമെന്നാണ് അറിയുന്നത്.