കണ്ണൂർ: കണ്ണുരിന്റെ പ്രിയ സഖാവ അഴീക്കോടൻ രാഘവന്റെ ജീവിത സഖി വിടപറഞ്ഞു. രക്തസാക്ഷിയും സമുന്നത സിപിഎം നേതാവുമായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ (87) അന്തരിച്ചു. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതകാലം മുഴുവൻ നാടിന് വേണ്ടി സമർപിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചർ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായാണ് ജനിച്ചത്.

1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്ബതംബർ 23നാണ് ഇടതുമുന്നണി കൺവീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം. തീഷ്ണ സമരപോരാട്ടങ്ങൾ നിറഞ്ഞ അഴീക്കോടൻ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീച്ചർ സധൈര്യം ഒപ്പം നിന്നു. അഴീക്കോടന്റെ വേർപാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു.

അഞ്ച് കുഞ്ഞു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ടീച്ചർ തനിച്ച് ഏറ്റെടുത്തു. 34 വർഷം പള്ളിക്കുന്ന് ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു.പ്രധാന അദ്ധ്യാപികയായാണ് വിരമിച്ചത്. എൻസി ശേഖർ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

മക്കൾ: ശോഭ, സുധ(റിട്ട. കണ്ണൂർ സർവകലാശാല ലൈബ്രേറിയൻ), മധു (റിട്ട. തലശേരി റൂറൽ ബാങ്ക്), ജ്യോതി ( ഗൾഫ് ) സാനു( ദേശാഭിമാനി, കണ്ണൂർ ) മരുമക്കൾ: കെ കെ ബീന (അദ്ധ്യാപിക, ശ്രീപുരം സ്‌കൂൾ) , ആലീസ്(ഗൾഫ്),എം രഞ്ജിനി(അദ്ധ്യാപിക, അരോളി ഗവ. സ്‌കൂൾ), പരേതനായ കെ ഇ ഗംഗാധരൻ(മനുഷ്യാവകാശകമ്മിഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ(പയ്യാമ്പലം), പരേതയായ സാവിത്രി.