പത്തനംതിട്ട: അമ്മാവന്റെ മകനെയും മറ്റൊരു യുവാവിനെയും ഒരേ സമയം പ്രണയിച്ച പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ. കാമുകന്മാർ രണ്ടു പേരും പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ.

ചെന്നീർക്കര ഗവ. ഐ.ടി.ഐയിലെ രണ്ടാം വർഷ വിദ്യാർത്ഥിനി കുഴിതാളപ്പള്ളിയിൽ പരേതനായ മോഹനന്റെ മകൾ കെ.എൽ. മീനു(18) വാണ് തിങ്കളാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 90 ശതമാനം പൊള്ളലോടെ മീനു കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. മാവേലിക്കര കൊറ്റാർകാവ് ചരിവുപറമ്പിൽ പുത്തൻവീട്ടിൽ മുരളീധരൻ നായരുടെ മകൻ നിതിൻ (23), മീനുവിന്റെ ബന്ധുവായ ഇലവുംതിട്ട പ്ലാന്തോട്ടം മനോജ്ഭവനിൽ തങ്കപ്പന്റെ മകൻ മനു (21) എന്നിവരെയാണ് പ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മീനുവിന്റെ അമ്മാവൻ മണിക്കുട്ടന്റെ വീട്ടിലാണ് സംഭവം. മീനുവിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. മാതാവ് ലത മാവേലിക്കരയിൽ ഒരു വീട്ടിൽ ജോലിക്കു നിൽക്കുകയാണ്. അമ്മാവന്റെ വീട്ടിൽ നിന്നാണ് മീനു പഠിച്ചിരുന്നത്. ഒരേ സമയം മനുവും നിതിനും മീനുവുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മാവേലിക്കരയിലെ ഒരു ക്ഷേത്രത്തിൽ വച്ച് നിതിൻ മീനുവിനെ താലി ചാർത്തിയത്രേ.

അതിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ നിതിൻ മീനുവിനെ കാണാൻ ഐ.ടി.ഐയിലെത്തി. ഈ സമയം മനുവും അവിടെച്ചെന്നു. കാമുകന്മാർ തമ്മിൽ ഇതോടെ വഴക്കായി. തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയ ഇരുവരും ഒരു ധാരണയിലെത്തിയ ശേഷം ഈ വിവരം മീനുവിന്റെ വീട്ടിൽ അറിയിക്കാൻ ചെന്നു. അപ്പോഴാണ് പെൺകുട്ടി വേഷം മാറാനെന്ന് പറഞ്ഞ് അകത്തേക്ക് കയറിയത്. സംശയം തോന്നിയ വീട്ടുകാർ മുട്ടിവിളിച്ചപ്പോൾ മീനു വാതിൽ തുറന്നു. തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പറയുകയും ചെയ്തു. ഇതിന് ശേഷം ഏതാനും സമയം കഴിഞ്ഞപ്പോഴാണ് മീനു അലറിക്കരഞ്ഞത്.

കതക് ചവിട്ടിത്തുറന്ന യുവാക്കൾ ശരീരമാസകലം തീ പടർന്ന മീനുവിനെയാണ് കണ്ടത്. ഇവർ തന്നെയാണ് തീയണച്ച ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ചത്. എസ്.ഐയും വനിതാ കോൺസ്റ്റബിളും കോട്ടയം മെഡിക്കൽ കോളജിലെത്തി മീനുവിന്റെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.