ആലപ്പുഴ: ദളിത് വിരുദ്ധ പരാമർശം നടത്തിയ നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിലായി. പ്രശസ്ത യൂട്ഊബർ കൂടിയായ മീരയെ ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിലെത്തിയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മീരയുടെ അറസ്റ്റ് നടന്നത്.ആദ്യം തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പൊലീസിനെ വെല്ലുവിളിച്ച നടി അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ കരഞ്ഞു. പൊലീസിനെ തടയാൻ ശ്രമിച്ച നടി അലമുറയിടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. താൻ സ്വയം മുറിവേൽപ്പിക്കുമെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്.

തന്നെ തമിഴ്‌നാട് പൊലീസ് ഉപദ്രവിക്കുകയാണെന്നും നടി ആരോപിച്ചു. ഒളിവിലായിരുന്നപ്പോൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും നടി ശ്രമിച്ചതായാണ് വിവരം. ഡൽഹിയിലാണെന്ന് തോന്നിപ്പിക്കുംവിധം പഴയ ചിത്രങ്ങളും വീഡിയോകളും പുതിയതെന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പങ്കുവച്ചായിരുന്നു തെറ്റിദ്ധരിപ്പിക്കൽ ശ്രമം.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടിക്ക് സെൻട്രൽ ക്രൈംബ്രാഞ്ച് സൈബർ ക്രൈം പൊലീസ് സമൻസയച്ചിരുന്നു. എന്നാൽ, അന്വേഷണത്തിന് ഹാജരാകാതെ നടി ഒളിവിൽപ്പോയി. ഈസമയത്തും സാമൂഹികമാധ്യമങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ചിരുന്നു. തുടർന്നാണ് സാങ്കേതിക സഹായത്തോടെ നടി ഒളിവിലുള്ള സ്ഥലം കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്.

കേരളത്തിലേക്ക് കടന്നുവെന്ന് വ്യക്തമായതോടെ കേരള പൊലീസിന്റെ സഹായം തേടി. അറസ്റ്റ് ചെയ്ത ഇവരെ ചെന്നൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. പട്ടികജാതി വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടിയുടെ പേരിൽ കേസെടുത്തത്.

ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ദളിത് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ് പ്രതികളെന്നും, തമിഴ് സിനിമയിലെ ദളിത് സംവിധായകരെ ബഹിഷ്‌ക്കരിക്കണമെന്നും യൂട്യൂബ് വീഡിയോയിലൂടെ മീര മിഥുൻ ആഹ്വാനം ചെയ്തതാണ് വിവാദമായത്. ഓഗസ്റ്റ് ഏഴിനാണ് വിവാദ വീഡിയോ യൂട്യൂബിലൂടെ പുറത്തുവന്നത്.

വീഡിയോ വൈറലായി പ്രചരിച്ചതോടെ ദളിത് സംഘടന നേതാവ് വണ്ണിയരസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടി അറസ്റ്റ് ചെയ്തത്. എസ് സി - എസ് ടി നിയമം ഉൾപ്പടെ ഏഴ് വകുപ്പുകൾ നടിക്കെതിരെ ചുമത്തിയതായി ചെന്നൈ സിറ്റി സൈബർ ക്രൈം പൊലീസ് അറിയിച്ചിരുന്നു.

പൊലീസ് കേസെടുത്തതിന് പിന്നാലെ നടിയെ ചെന്നൈയിലെ വീട്ടിൽനിന്ന് കാണാതാകുകയായിരുന്നു. പൊലീസിന് തന്നെ പിടികൂടാനാകില്ലെന്ന വെല്ലുവിളിയും ഇതിനിടെ മീര മിഥുൻ നടത്തിയിരുന്നു.തൃഷ നായികയായി എത്തിയ ഗൗതം മേനോന്റെ യെന്നൈ അരിന്താളിലാണ് (2015) മീര മിഥുൻ ആദ്യമായി സിനിമയിലെത്തുന്നത്. തൃഷയ്ക്കും അജിത് കുമാറിനുമൊപ്പം പ്രധാന വേഷത്തിലായിരുന്നു മീര അഭിനയിച്ചത്. വിഘ്‌നേഷ് ശിവന്റെ ഹീസ്റ്റ് കോമഡി ആയ താനാ സേർന്ത കൂട്ടത്തിൽ (2018) ആയിരുന്നു മീര മിഥുൻ ശ്രദ്ധിക്കപ്പെട്ടത്.