- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീരയുടെ മരണ കാരണം കഴുത്ത് ഞെരുക്കി ശ്വാസം മുട്ടിച്ചതിനാലും വെള്ളത്തിൽ മുങ്ങി വെള്ളം കുടിച്ചതിനാലാണെന്നും ഫോറൻസിക് ഡോക്ടർ; സ്വൈരജീവിതത്തിന് തടസം നിന്ന 16 കാരിയെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ നിർണ്ണായക മൊഴി; മീരാ കൊലക്കേസിൽ വിചാരണ തുടരുമ്പോൾ
തിരുവനന്തപുരം: അവിഹിത ബന്ധം ചോദ്യം ചെയ്ത് സ്വൈരജീവിതത്തിന് തടസ്സം നിന്ന 16 കാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമന്റു കട്ട വെച്ചു കെട്ടി പൊട്ട കിണറ്റിൽ തള്ളിയ നെടുമങ്ങാട് മീരാ കൊലക്കേസിൽ മീരയുടെ മരണ കാരണം കഴുത്ത് ഞെരുക്കി ശ്വാസം മുട്ടിച്ചതിനാലും വെള്ളത്തിൽ മുങ്ങി വെള്ളം കുടിച്ചതിനാലാണെന്നും ഗവ.മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ മേധാവി ഡോ: ശശികല തലസ്ഥാനത്തെ വിചാരണ കോടതിയിൽ മൊഴി നൽകി.
ജീവന്റെ തുടിപ്പോടെ ഒരാൾ വെള്ളത്തിൽ വീണാൽ അകത്തേക്ക് ശ്വാസമെടുക്കുമ്പോൾ വെള്ളം കുടിച്ച് ശ്വാസകോശത്തിലെത്തി ഹൃദയത്തിലൂടെ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും വെള്ളത്തിലെ ഡയറ്റം (വെള്ളത്തിലെ സൂക്ഷ്മാണു ജീവി) ചെന്നെത്തുന്നതാണ്. കിണറ്റിലെ വെള്ളവും മീരയുടെ ശ്വാസകോശത്തിൽ കാണപ്പെട്ട വെള്ളവും ഒന്നാണെന്ന് ഡയറ്റം പരിശോധനയിൽ തെളിഞ്ഞതായും ഡോക്ടർ മൊഴി നൽകി. മൃതശരീരം കിണറ്റിൽ നിന്നും പുറത്തെടുക്കുമ്പോൾ ഏകദേശം രണ്ടാഴ്ച പഴക്കമുണ്ടായിരുന്നു. കഴുത്തെല്ലുകൾക്ക് പൊട്ടലില്ല. എന്നാൽ കഴുത്തിൽ ബലം പ്രയോഗിച്ച് ഞെരുക്കിയ അടയാളങ്ങളുണ്ട്. മീരയുടെ ഒരു കാൽപാദം ശരീരത്തിൽ നിന്ന് വേർപെട്ടത് വീഴ്ചയിലും ശവശരീരം 2 ആഴ്ച അഴുകി ജീർണ്ണിച്ചതിനാലാണെന്നും ഡോക്ടർ മെഡിക്കൽ വിദഗ്ധ അഭിപ്രായ മൊഴി നൽകി.
തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. രാധാകൃഷ്ണൻ മുമ്പാകെയാണ് വിചാരണ പുരോഗമിക്കുന്നത്. 2019 ജൂൺ 30 മുതൽ ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന പ്രതികളായ അമ്മയ്ക്കും കാമുകനും വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിരസിച്ചു. ഒന്നാം പ്രതി നെടുമങ്ങാട് കരിപ്പൂർ കാരാന്തല കുരിശടി മുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29) , ഇയാളുടെ കാമുകിയും കൊല്ലപ്പെട്ട മീര (16) യുടെ മാതാവുമായ രണ്ടാം പ്രതി നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ (34) എന്നീ പ്രതികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.
പ്രതികളെ കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും പൈശാചികവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. രണ്ടു പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് 2019 ജൂൺ 30 മുതൽ റിമാന്റ് പ്രതികളായും തുടർന്ന് വിചാരണ തടവുകാരായും സെൻട്രൽ ജയിലിൽ കഴിയുകയാണ്.
ക്രൂരകൃത്യം ചെയ്ത പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും വിചാരണ അട്ടിമറിക്കാനും സാദ്ധ്യതയുണ്ട്. പ്രോസിക്യൂഷൻ ഭാഗം സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി ആദ്യ പൊലീസ് മൊഴി വിചാരണയിൽ തിരുത്തി സാക്ഷികളെ കൂറുമാറ്റം ചെയ്യിക്കാനുമുള്ള സാധ്യതയുണ്ട്. ഗൗരവമേറിയ കുറ്റകൃത്യങ്ങളിലുൾപ്പെട്ട പ്രതികളെ സ്വതന്ത്രരാക്കി ജാമ്യത്തിൽ വിട്ടയച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. സ്വയരക്ഷക്കായി ആക്രമണം തടയാനോ തിര്യെ പ്രതികരിക്കാനോ ശേഷിയില്ലാത്ത 16 കാരിയെ സ്വന്തം നിക്ഷിപ്ത താൽപര്യങ്ങളുടെ സംരക്ഷണ , പൂർത്തീകരണത്തിന് വേണ്ടി നിഷ്‌കരുണം കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ല. ഇത്തരം കേസുകളിൽ സ്ത്രീയെന്ന പരിഗണനക്ക് രണ്ടാം പ്രതിക്ക് അർഹതയില്ല. രണ്ടു പ്രതികളും അവരവരുടെ കുടുംബങ്ങളുടെ ഏകാശ്രയമോ അത്താണിയോ അല്ല. ഇത്തരം കുറ്റകൃത്യങ്ങളിൽ മാനസാന്തര പുനരധിവാസ നിയമ തത്വത്തെക്കാളുപരി ശിക്ഷാ നിയമ തത്വങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. പ്രതികൾ ഒളിവിൽ പോയാൽ പ്രതികളെ വിചാരണ ചെയ്യാൻ പ്രതിക്കൂട്ടിൽ പ്രതികളെ ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
2019 ജൂൺ 10 തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ കൊലപ്പെടുത്താൻ കൃത്യത്തിന് ആറു മാസം മുമ്പേ പ്രതികളായ അമ്മയും കാമുകനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മീരയുടെ പിതാവ് രണ്ടു വർഷം മുമ്പ് മരിച്ചു. അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമുള്ളതല്ലെന്ന് മീരക്ക് ബോധ്യമായത് ആറു മാസം മുമ്പാണ്. അന്നു മുതൽ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. ഇതോടെ മകളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു ആദ്യ പദ്ധതി. പലവുരു അതിന് തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാഞ്ഞതിനാൽ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയിൽ കഴുത്തു ഞെരിച്ചു കൊന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്