- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിഹിത ബന്ധത്തിനു തടസ്സം; പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികളായ അമ്മയുടേയും കാമുകന്റെയും വിചാരണ നാളെ തുടങ്ങും
തിരുവനന്തപുരം: അമ്മയും കാമുകനും ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിങ്കളാഴ്ച തുടങ്ങും. തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഡന്നിയാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന വിചാരണ പരിഗണിക്കുക. കൊല്ലപ്പെട്ട മീരയുടെ അമ്മ മഞ്ജുഷ, അമ്മയുടെ കാമുകൻ അനീഷ് എന്നിവരാണ് കേസിൽ വിചാരണ നേരിടുന്നത്.
നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മീരയെ (16) പ്രതികൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാരാന്തല കുരിശടിക്കു സമീപമുള്ള കിണറ്റിൽ താഴ്‌ത്തുകയായിരുന്നു. ജീർണിച്ച മൃതദേഹം 19 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്. കൊലനടത്തിയതിനുശേഷം നാടുവിട്ട പ്രതികളെ നാഗർകോവിലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 2019 ജൂൺ പത്തിനാണ് സംഭവം.
വീടിനുള്ളിൽ തൂങ്ങി മരിച്ച മീരയുടെ മൃതദേഹം ബൈക്കിലിരുത്തി കിണറ്റിൽ കൊണ്ടിടുകയായിരുന്നു എന്നാണ് പൊലീസ് പിടിയിലായ പ്രതികൾ ആദ്യം നൽകിയ മൊഴി. എന്നാൽ, മീര മരിച്ചത് കഴുത്തു ഞെരിഞ്ഞായിരുന്നു എന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
മീര തമിഴ്‌നാട്ടിൽ ആരുടെയോ ഒപ്പം ഉണ്ടെന്നും അവളെ കൊണ്ടുവരാൻ പോകുകയാണെന്നും അമ്മയോടു പറഞ്ഞാണ് മഞ്ജുഷ നാടുവിട്ടത്. രണ്ടാഴ്ച കഴിഞ്ഞും മഞ്ജുഷയുടെ വിവരം ഇല്ലാത്തത് കാരണം ഇവർ പൊലീസിൽ പരാതി നൽകി. തുടർന്നു ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ മീരയുടെ മൃതദേഹം കിണറ്റിൽ ഉള്ളതായി വ്യക്തമായി.
അവിഹിത ബന്ധത്തിനു തടസ്സമായിരുന്ന മീരയെ പ്രതികൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രാത്രിയോടെ ബൈക്കിൽ ഇരുവർക്കും ഇടയിലിരുത്തി 8 കിലോമീറ്റർ അപ്പുറത്തുള്ള കിണറ്റിൽ തള്ളുകയായിരുന്നു. കൊലപാതകത്തിനുശേഷം ട്രെയിൻ ടിക്കറ്റെടുത്ത പ്രതികൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബസിലാണ് യാത്ര ചെയ്തത്. തമിഴ്‌നാട്ടിൽ എത്തിയ പ്രതികൾ പേര് മാറ്റി വീട് വാടകയ്ക്ക് എടുത്തു ഭാര്യാഭർത്താക്കന്മാരെ പോലെ കഴിഞ്ഞു വരികയായിരുന്നു.
കൂടെ ജോലിചെയ്തിരുന്നയാളുടെ ആധാർ കാർഡ് ഉപയോഗിച്ച് സംഘടിപ്പിച്ച സിം കാർഡ് പ്രതികൾ ഉപയോഗിച്ചതോടെ മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ച് പൊലീസ് പ്രതികളിലേക്കെത്തുകയായിരുന്നു. പ്രതികൾ മാറി മാറി ഉപയോഗിച്ച 8 മൊബൈൽ ഫോണുകളും കിടക്കയും കിണറിന്റെ മൂടിയും ഉൾപ്പെടെ 87 തൊണ്ടി മുതലുകൾ ലോറിയിലാണ് നെടുമങ്ങാട് കോടതിയിൽനിന്ന് പൊലീസ് ജില്ലാ കോടതിയിൽ എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ