നരിപ്പറമ്പ് (പൊന്നാനി): എല്ലാ വിധമുള്ള ചൂഷണങ്ങളിൽ നിന്നും മോചനം നേടി അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാൻ വിശ്വാസികൾ വിശുദ്ധ ഖുർആനിന്റെ സന്ദേശങ്ങളിലേക്ക് മടങ്ങണമെന്ന് ശാന്തിനഗർ ജുമാ മസ്ജിദ് സംഘടിപ്പിച്ച ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു.

ആധുനിക സമൂഹം അനുഭവിക്കുന്ന സാംസ്‌കാരിക അപചയത്തെ വിശുദ്ധ ഖുർആനിന്റെ അദ്ധ്യാപനങ്ങളിലൂടെ പരിഹരിക്കാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ട്. വർധിച്ചു വരുന്ന വിശ്വാസ ജീർണതകൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ വിശ്വാസികളെ സജ്ജരാക്കാൻ മത നേതൃത്വങ്ങൾ ജാഗ്ര വത്താവണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ജനജീവിതത്തെ വിസ്മയാവഹമായ വിധത്തിൽ മാറ്റിമറിച്ച ചരിത്രമാണ് ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആന്റേതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പണ്ഡിതൻ സി.പി ഉമ്മർ സുല്ലമി സൂചിപ്പിച്ചു. ഭൂമിയിൽ നടക്കുന്ന ഖുർആനായിരുന്ന നബി (സ). ഖുർആന്റെ ഭാഷ്യം നബി (സ)യുടെ ജീവിതമാണ്. അതാണ് സുന്നത്തും ശരീഅത്തും. ഉമ്മർ സുല്ലമി വിശദീകരിച്ചു.
എം. അഹ് മദ് കുട്ടി മദനി, എം ടി മനാഫ് മാസ്റ്റർ, കെ.വി മുഹമ്മദ് മൗലവി എന്നിവർ യഥാക്രമം ഖുർആനും ഖുർആനിന്റെ അനുയായികളും, കൊറോണ ചില ഖുർആൻ ചിന്തകൾ, പരലോകം ഖുർആനിലൂടെ എന്നീ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

യൂ.പി അബ്ദുറഹിമാൻ മൗലവി അധ്യക്ഷത വഹിച്ചു. ഫസൽ അലി മൗലവി, വി. അബൂബക്കർ (റിട്ടയേർഡ് സിബിഐ), അബ്ദുൽ ഖാദർ മാസ്റ്റർ വളാഞ്ചേരി , എൻജി. അബ്ദുൽ കരീം, കെ.വി സലീം നരിപ്പറന്പ്, എന്നിവർ സംസാരിച്ചു.

പി.വി അബ്ദുല്ലത്തീഫ് കാടഞ്ചേരി സ്വാഗതവും യൂ.പി മുഹമ്മദ് ആമിർ നന്ദിയും പറഞ്ഞു. ഹാഫിള് അനസ് ബിൻ മുഹമ്മദ് കുട്ടി ഖിറാഅത്ത് നടത്തി. മികച്ച കവിത ചൊല്ലിയ യൂ.പി ഫലാഹിനുള്ള സമ്മാന വിതരണം വി. അബൂബക്കർ നിർവ്വഹിച്ചു.