ന്യൂഡൽഹി: 68-ാമത് മാൻ കി ബാത്ത് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ സുരക്ഷാ പ്രവർത്തനങ്ങളിൽ നായ്ക്കളുടെ പങ്കിനെക്കുറിച്ച് ചൂണ്ടിക്കാട്ടി. 74-ാമത് സ്വാതന്ത്ര്യദിനത്തിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് ‘അഭിനന്ദന കാർഡുകൾ ലഭിച്ച ഇന്ത്യൻ ആർമി നായ്ക്കളായ വിഡ എന്ന് പേരുള്ള ഒരു ലാബ്രഡോർ നായയെയും ഒരു കോക്കർ സ്പാനിയൽ ഇനം സോഫി എന്ന നായയേയും അദ്ദേഹം പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. ഇന്ത്യൻ ഇനത്തിലുള്ള നായ്ക്കളെ ദത്തെടുക്കണമെന്നും മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്ത പ്രാവശ്യം നിങ്ങൾ ഒരു വളർത്തു മൃഗത്തെ വളർത്താൻ തയ്യാറെടുക്കുമ്പോൾ അതിൽ ഒരു ഇന്ത്യൻ ഇനം നായയെ കൂടി പരിഗണിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

"സൈലന്റ് വാരിയേഴ്സ്" എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ആർമി ഡോഗ് യൂണിറ്റ്സുരക്ഷാ സേനയുടെ സ്വത്താണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. "സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ഒരു രസകരമായ വാർത്ത എന്റെ ശ്രദ്ധയിൽപെട്ടു. ഇന്ത്യൻ സേനയിലെ രണ്ട് ധീരരുടെ കഥയാണ് ഞാൻ കേട്ടത്. സോഫിയും വിഡയും, ചീഫ് ഓഫ് ആർമി സ്റ്റാഫ് 'അഭിനന്ദന കാർഡുകൾ' ലഭിച്ച ഇന്ത്യൻ സൈന്യത്തിലെ നായ്ക്കളാണ്. രാജ്യത്തെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ കടമ കൃത്യമായി നിർവഹിച്ചതിനാലാണ് ഇവർക്ക് അവാർഡ് ലഭിച്ചത്. നമ്മുടെ സായുധ സേനയ്ക്കും സുരക്ഷാ സേനയ്ക്കും ഇത്തരത്തിൽ ധീരരായ അനേകം നായ്ക്കളുണ്ട്, അവർ രാജ്യത്തിനായി ജീവിക്കുക മാത്രമല്ല രാജ്യത്തിനായി സ്വയം ത്യാഗം ചെയ്യുകയും ചെയ്യുന്നു." മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

കുറച്ചുകാലം മുമ്പാണ് രാജ്യത്തിന്റെ സുരക്ഷയിൽ നായ്ക്കൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് താൻ വളരെ വിശദമായി മനസ്സിലാക്കിയതെന്നും ഇത് സംബന്ധിക്കുന്ന നിരവധി കഥകൾ കേട്ടുവെന്നും പ്രധാനന്ത്രി പറഞ്ഞു. 2002ൽ അമർനാഥ് യാത്രാ മധ്യേ ആരോ ബോംബ് സ്ഥാപിക്കുകയും ഭാവനയെന്ന നായ ഇത് കണ്ടെടുക്കുകയും തുടർന്നുണ്ടായ സ്ഫോടനത്തിൽ മരിക്കുകയും ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് ഛത്തീസ്‌ഗഡിലെ ബിജാപൂർ സി.‌ആർ‌.പി‌.എഫിന്റെ സ്നിഫർ ഡോഗ് ക്രാക്കറും സ്ഫോടനത്തിൽ മരണപ്പെട്ടിരുന്നു. ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് മോദി രാജ്യത്തെ നായ്ക്കളുടെ ധീരതയെ പറ്റി പറഞ്ഞത്.

ഉത്തര കമാൻഡ് മേഖലയിൽ നിന്നും അഞ്ച് മെെനുകളും ഒരു ഗ്രനേഡും വിഡ കണ്ടെത്തി കൂടെയുള്ള സൈനികർക്ക് സംരക്ഷണം ഒരുക്കിയിരുന്നു. ബോംബ് കണ്ടെത്തുന്നതിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച നായയാണ് സോഫി. നിരവധി സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ഇതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്.