തിരുവനന്തപുരം: സ്വന്തം കാര്യം മാത്രം സിന്ദാബാദ് എന്ന തലത്തിലേക്കു ലോകം ചുരുങ്ങാൻ തുടങ്ങിയിട്ടു കുറച്ചുനാളായി. മറ്റുള്ളവരുടെ കാര്യം എങ്ങനെയായാലും തന്റെ കാര്യം നടന്നാൽ മതിയെന്ന ചിന്തയാണ് പലർക്കും. ഇതാ ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കും ഇക്കാര്യം ശരിയാണെന്നു ബോധ്യമാകും.

കുഞ്ഞുങ്ങൾക്കു വ്യത്യസ്തമായ ഭക്ഷണരീതികൾ പരിചയപ്പെടുത്താനും അവരുടെ ആഗ്രഹങ്ങൾക്കു വഴങ്ങിയുമാണ് ബേക്കറികളിൽ നിന്നും മറ്റും സ്‌നേഹപൂർവം അച്ഛനമ്മമാർ ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊടുക്കുന്നത്. മീറ്റ് റോളും കട്‌ലറ്റും പഫ്‌സും തുടങ്ങി ഇറച്ചി അടങ്ങുന്ന വിഭവങ്ങൾ ഏറെ കുഞ്ഞുങ്ങൾക്കു വാങ്ങിക്കൊടുക്കാറുണ്ടു മിക്ക രക്ഷിതാക്കളും.

എന്നാൽ, ഇവയിൽ ഉപയോഗിക്കുന്ന ഇറച്ചി എന്തുമാത്രം ശുദ്ധമാണ് എന്ന് ആലോചിക്കാറുണ്ടോ. ഈ വീഡിയോ കണ്ടാൽ പിന്നെയൊരിക്കലും ഇത്തരം സാധനങ്ങൾ കുഞ്ഞുങ്ങൾക്കു വാങ്ങിക്കൊടുക്കാൻ രക്ഷിതാക്കൾ മുതിരില്ല.

തിരുവനന്തപുരം പൂജപ്പുരയ്ക്കു സമീപത്തുനിന്നാണ് സാമൂഹ്യപ്രവർത്തകനായ അഴിപ്പുറത്ത് അലി എച്ച് ഹഫീസ് ഈ വീഡിയോ പകർത്തിയത്. ഇറച്ചിയുടെ അവശിഷ്ടങ്ങളുമായി പോകുന്ന ഒരു ലോറിയിൽ നിന്നാണു വീഡിയോ ദൃശ്യങ്ങൾ. ഇതരസംസ്ഥാനത്തുനിന്നുള്ള ഒരു ബാലൻ അവശിഷ്ടങ്ങളിൽ നിന്ന് കത്തി ഉപയോഗിച്ചു പറ്റിപ്പിടിച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങൾ ശേഖരിച്ച് ഒരു ചാക്കിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്.

ഒടുവിൽ ചാക്കു നിറച്ചശേഷം ഇതുമായി ഈ ബാലൻ പോകുന്നതോടെയാണു ദൃശ്യങ്ങൾ അവസാനിക്കുന്നത്. സമീപത്തെ ഒരു ബേക്കറിയിലേക്കാണ് ഈ പോക്കെന്നാണ് അലി വിശദീകരിക്കുന്നത്. ഇതിനോടകം ഈ വീഡിയോ നിരവധി പേരിൽ എത്തിക്കഴിഞ്ഞു. ഏതു ബേക്കറിയിലേക്കാണു പോകുന്നതെന്നും ആ ദൃശ്യങ്ങൾ കൂടി ലോകത്തിനു മുന്നിൽ തുറന്നുകാട്ടണമെന്നും നിരവധി പേർ അലിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഭക്ഷ്യവസ്തുക്കളിലെ രാസപ്രയോഗവും മറ്റും ചർച്ചയാകുന്നതിനിടെയാണ് അവശിഷ്ടങ്ങൾ പോലും മറ്റൊരു രൂപത്തിൽ ഉപഭോക്താക്കൾക്കു മുന്നിലെത്തുന്നത് എന്ന ഞെട്ടിക്കുന്ന വിവരമാണ് അലി വീഡിയോയിലൂടെ വെളിപ്പെടുന്നത്. എന്തായാലും ഭക്ഷണസാധനങ്ങൾ പിഞ്ചോമനകൾക്കു വാങ്ങിക്കൊടുക്കും മുമ്പ് രണ്ടുവട്ടം ആലോചിക്കുക.

പ്രീയപ്പെട്ടവരെ,കണ്ടകാര്യങ്ങൾ കണ്ടതു പോലെ പറ്റഞ്ഞില്ലങ്കിൽ കിടന്നാലുറക്കം വരില്ല.

Posted by Azhippurathu Ali H Hafees on Wednesday, 23 March 2016